ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രധാന പ്രതികളായ മുസാവീർ ഹുസൈൻ ഷാസിബ്, കൂട്ടാളി അബ്ദുൾ മതീൻ അഹമ്മദ് താഹ എന്നിവരെ കൊൽക്കത്തയിൽ നിന്ന് എൻഐഎ കസ്റ്റഡിയിലെടുത്തു. അറസ്റ്റിനെ തുടർന്ന് തൃണമൂൽ കോൺഗ്രസ്സും ബിജെപിയും തമ്മിൽ വാക്പോര്. പശ്ചിമ ബംഗാളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രി മമതാ ബാനർജിയുടെ കീഴിൽ പശ്ചിമ ബംഗാൾ തീവ്രവാദികളുടെ സുരക്ഷിത താവളമായി മാറിയെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. എന്നാൽ ബെംഗളൂരു സ്ഫോടനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തത് സംസ്ഥാന പോലീസിന്റെ സമയോചിതമായ നടപടി മൂലമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
“യുപി, ബീഹാർ, രാജസ്ഥാൻ, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളുടെ കാര്യമോ? . ബിജെപി സംസ്ഥാനത്തിനെതിരെ അപവാദം പ്രചരിപ്പിക്കുകയാണ്”– മമത ബാനർജി കുറ്റപ്പെടുത്തി. ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും തിരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തുല്യത അനുവദിക്കുന്നില്ലെന്നും അവർ ആരോപിച്ചു.
“അസത്യം അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലാണ്! അമിത് മാളവ്യയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി, പശ്ചിമ ബംഗാൾ പൊലീസും കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ രാമേശ്വരം കഫേ സ്ഫോടന കേസിലെ രണ്ട് പ്രതികളെ പുർബ മേദിനിപൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇക്കാര്യത്തിൽ ശ്ചിമ ബംഗാൾ പൊലീസിന്റെ സജീവ പങ്ക് കേന്ദ്ര ഏജൻസികൾ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ ഒരിക്കലും തീവ്രവാദികളുടെ സുരക്ഷിത താവളമായിരുന്നില്ല, ജനങ്ങളെ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ സംസ്ഥാന പോലീസ് എല്ലായ്‌പ്പോഴും ജാഗ്രത പുലർത്തും”.– പശ്ചിമ ബംഗാൾ പോലീസ് അമിത് മാളവ്യക്ക് ഉടനടി മറുപടിയുമായി എത്തി.