കരുവന്നൂര്‍ ബാങ്ക് പണം തട്ടിപ്പിൽ പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടിയുമായി മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. പ്രധാനമന്ത്രി ഇതൊക്കെ പറയുന്നത് തെരഞ്ഞെടുപ്പിനെ ലാക്കാക്കിയാണെന്ന് പിണറായി വിജയൻ ആരോപിച്ചു . തട്ടിപ്പ് കണ്ടെത്തിയത് മറ്റാരുമല്ല, സംസ്ഥാന സഹകരണ വകുപ്പാണ്. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചതും സംസ്ഥാന സര്‍ക്കാരാണ്. പ്രധാനമന്ത്രിക്ക് ഇതൊന്നും മനസിലാകാഞ്ഞിട്ടല്ല, തെരഞ്ഞെടുപ്പായത് കൊണ്ട് പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാങ്കിൽ 117 കോടി നിക്ഷേപം തിരികെ കൊടുത്തു. 8.16 കോടി രൂപയുടെ പുതിയ വായ്പ നൽകി. വായ്പയെടുത്തവര്‍ 103 കോടി രൂപ തിരിച്ച് നൽകി. കരുവന്നൂർ ബാങ്ക് സാധാരണനിലയിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
മുഖ്യമന്ത്രി കള്ളം പറയുന്നു എന്ന് മോദി ആക്ഷേപിച്ചതിനെ പരാമർശിച്ച് , തനിക്ക് കള്ളം പറയുന്ന ശീലമില്ലെന്ന്പിണറായി പറഞ്ഞു. “കേരളത്തിലെ സഹകരണ മേഖല തകർക്കുക എന്ന നിലപാടാണ് ബിജെപിക്കുള്ളത്. സംസ്ഥാനത്ത് നല്ല നിലയിലാണ് സഹകരണ മേഖലയെ സംരക്ഷിച്ചു പോകുന്നത്. എന്നാൽ ചിലർ വഴി തെറ്റിയ നിലപാട് സ്വീകരിച്ചു. ഒരു വിട്ടുവീഴ്ചയും വകുപ്പും സർക്കാരും നൽകിയില്ല. അപകീർത്തിപ്പെടുത്തി ഞങ്ങളെ നാട്ടിൽ കൊച്ചാക്കാൻ കഴിയില്ല. പ്രതികളുടെ സ്വത്തു കണ്ടെത്താൻ നടപടിയും സ്വീകരിച്ചു.”– പിണറായി പറഞ്ഞു.
“സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് 100 കോടിയുടെ സ്വത്തുണ്ടെന്നാണ് പ്രധാനമന്ത്രി കാട്ടാക്കടയിൽ പറഞ്ഞത്. എന്ത് പരിഹാസ്യമായ നിലപാടാണ് ഇത്. പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ചതു കൊണ്ടൊന്നും തെരഞ്ഞെടുപ്പിൽ പിന്നാക്കം പോവില്ല . ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ച് സുരേഷ് ഗോപിക്ക് രക്ഷപ്പെടാമെന്ന് കരുതുന്നെങ്കിൽ, അത് നടക്കില്ല. ഞങ്ങളുടെ കൈയിൽ പണമില്ലെങ്കിൽ ജനം പണം നൽകും. സിപിഎമ്മിന്റെ ജില്ലാക്കമ്മിറ്റി ഓഫീസ് ഇൻകം ടാക്സ് ഫയൽ ചെയ്യുന്നില്ലെന്നത് ശുദ്ധ അസംബന്ധമാണ്.”– മുഖ്യമന്ത്രി വിമർശിച്ചു.