വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ഇടതുപക്ഷത്തിന് മുന്നിലുള്ള യഥാർത്ഥ വെല്ലുവിളി തൃണമൂൽ കോൺഗ്രസിൻ്റെയും ബിജെപിയുടെയും ശക്തിക്കെതിരെ പോരാടുന്നതിലല്ല , മറിച്ച് തൃണമൂൽ കോൺഗ്രസിനപ്പുറം ഒരു ബദൽ നിലവിൽ ഇല്ലെന്ന ജനങ്ങളുടെ മനസ്സിലെ ധാരണ തകർക്കുന്നതിലാണെന്ന് സെറാംപൂർ സീറ്റിൽ നിന്നുള്ള സിപിഎം സ്ഥാനാർത്ഥി ദിപ്സിത ധർ. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ആദ്യമായി പങ്കെടുക്കുന്ന മുപ്പതുകാരിയായ ധർ ഇത്തവണ മത്സരിക്കുന്ന സിപിഎം സ്ഥാനാർഥികളിൽ ശ്രദ്ധേയയാണ്. തൃണമൂൽ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കല്യാൺ ബാനർജിയെയും ബിജെപിയിലെ കബീർ ശങ്കർ ബോസിനെയുമാണ് ദിപ്സിത ധർ നേരിടുന്നത്.
ബംഗാളില്‍ സിപിഎം ഇത്തവണ പരീക്ഷണാര്‍ഥം രണ്ടു കാര്യങ്ങളാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചെയ്തിരിക്കുന്നത്. ഒന്ന്- പാര്‍ടിയുടെ തന്നെയും പോഷക സംഘടനകളുടെയും താരശോഭയുള്ള നേതാക്കളെ തന്നെ മല്‍സരത്തിനിറക്കി. അവരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി തൊട്ട് എസ്.എഫ്.ഐ. അഖിലേന്ത്യാ നേതാക്കള്‍ വരെ ഉള്‍പ്പെടുന്നു.
രണ്ട്- യുവ രക്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുളള സ്ഥാനാര്‍ഥിപ്പട്ടികയാണ് ഇത്തവണ. വൃദ്ധ നേതൃത്വം എന്ന ദുഷ്‌പേര് തിരുത്തി ഊര്‍ജ്ജസ്വലമായി പോരാടാന്‍ കഴിവുള്ളവരെ മല്‍സരിപ്പിച്ച് ഓളം സൃഷ്ടിക്കാനുള്ള നീക്കമായി ഇത് വിലയിരുത്തപ്പെട്ടു.
ഇടതുപക്ഷം കളം പിടിക്കാന്‍ തുടങ്ങിയെന്ന് ദീപ്‌സിത നിരീക്ഷിക്കുന്നു.“എൻ്റെ പ്രദേശത്തെ 2021 ലെ സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂക്ഷ്മമായി പരിശോധിക്കുക. ഭരണകക്ഷിയായ ടിഎംസിയുടെ പ്രധാന വെല്ലുവിളി അന്ന് ബിജെപി ആണ് . ആ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ ശക്തികൾ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. 2023-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പോകുക. സാഹചര്യം മാറിയെന്ന് നിങ്ങൾ കണ്ടെത്തും. ആ തെരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതിയുക്തവുമല്ലാതിരുന്നിട്ടും മിക്കവാറും എല്ലായിടത്തും ഇടത് സ്ഥാനാർത്ഥികൾ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് ബിജെപിയെ പുറത്താക്കി.”– ദീപ്സിത പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ടിഎംസിയുടെ ദുർഭരണത്തിൻ്റെയും ബിജെപിയുടെ വർഗീയ ധ്രുവീകരണത്തിൻ്റെയും ബൈനറിക്ക് അപ്പുറത്തേക്ക് ആളുകൾ നീങ്ങാൻ തുടങ്ങിയെന്ന് ഇത് തെളിയിക്കുന്നതായും “പ്രതീക്ഷയുടെ ഇടം” കണ്ടു തുടങ്ങി എന്നും അവർ അവകാശപ്പെട്ടു. ” ആളുകൾ ഞങ്ങളെ വിശ്വസിക്കാൻ ആഗ്രഹിക്കുന്നു. ആ വികാരത്തോട് വേണ്ടത്ര പ്രതികരിക്കേണ്ടത് ഇപ്പോൾ ഞങ്ങളാണ്. പാർലമെൻ്റ് തിരഞ്ഞെടുപ്പ് എന്നത് റൊട്ടി-കപ്ദാ-മകാൻ പ്രശ്‌നങ്ങൾ മാത്രം അഭിസംബോധന ചെയ്യുന്നതല്ലെന്ന് ഞങ്ങൾ കരുതുന്നു. ദേശീയ നയങ്ങളിൽ ഇടപെട്ട് മാറ്റം വരുത്തുന്നത് കൂടിയാണിത്. അതുകൊണ്ടാണ് രാജ്യത്തുടനീളമുള്ള തൊഴിലാളികളുടെ വേതനം ഏകീകരിക്കണമെന്നും മിനിമം തൊഴിൽ ഗ്യാരൻ്റി നിലവിലുള്ള 100ൽ നിന്ന് 200 ദിവസമാക്കി ഉയർത്തണമെന്നും ദിവസക്കൂലി 100 രൂപയിൽ നിന്ന് 600 രൂപയായി ഉയർത്തണമെന്നും ആവശ്യപ്പെടുന്നത്.”– ദീപ്സിത പറയുന്നു.