2019 ഏപ്രിൽ 12 നും 2024 ജനുവരി 11 നും ഇടയിൽ ഏറ്റവും വലിയ 10 വ്യക്തിഗത ദാതാക്കൾ 180.2 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതായും ഇതിൽ 152.2 കോടി അഥവാ 84.5 ശതമാനം തുകയും കിട്ടിയത് ഭാരതീയ ജനതാ പാർട്ടിക്ക് ആണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ തെളിയിക്കുന്നു. മികച്ച 10 വ്യക്തികളിൽ മിത്തൽ, മർച്ചൻ്റ്, കെആർ രാജ ജെടി, ഇന്ദർ താക്കൂർദാസ് ജയ്സിംഗാനി, രാഹുൽ ജഗന്നാഥ് ജോഷി, മകൻ ഹർമേഷ് രാഹുൽ ജോഷി, രാജു കുമാർ ശർമ, സൗരഭ് ഗുപ്ത, അനിത ഹേമന്ത് ഷാ എന്നിവർ ബിജെപിക്ക് മാത്രമാണ് സംഭാവന നൽകിയത്.
മുൻനിര ദാതാവായ ആർസലർ മിത്തലിൻ്റെ ചെയർപേഴ്‌സൺ ലക്ഷ്മി നിവാസ് മിത്തൽ 35 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി , അവയെല്ലാം ബിജെപിക്ക് സംഭാവനയായി നൽകി. 2023 നവംബറിൽ ബിജെപിക്ക് തൻ്റെ 25 കോടി രൂപ സംഭാവന നൽകിയ ലക്ഷ്മി ദാസ് വല്ലഭദാസ് മർച്ചന്റ് ആണ് രണ്ടാമത്തെ വലിയ വ്യക്തി. അദ്ദേഹത്തിൻ്റെ ലിങ്ക്ഡിൻ പ്രൊഫൈൽ അനുസരിച്ച്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ഗ്രൂപ്പ് കൺട്രോളറാണ് മർച്ചൻ്റ്.
ഏറ്റവും വലിയ രണ്ടാമത്തെ സ്വീകർത്താവ് തൃണമൂൽ കോൺഗ്രസ് ആണ്. ഇവർക്ക് 16.2 കോടി രൂപ അല്ലെങ്കിൽ ഏകദേശം 9 ശതമാനം പണം ലഭിച്ചു. 5 കോടി രൂപയുമായി ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ആണ് മൂന്നാമത്തെ വലിയ സംഭാവന കിട്ടിയ പാർട്ടി.
ഇൻഡിഗോയുടെ രാഹുൽ ഭാട്ടിയ ടിഎംസിക്ക് 16.2 കോടിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് 3.8 കോടിയും സംഭാവന നൽകി. ഇൻഡിഗോയും അനുബന്ധ സ്ഥാപനങ്ങളും 2019 മേയിൽ ബിജെപിക്ക് 31 കോടി രൂപയും 2023 ഏപ്രിലിൽ കോൺഗ്രസിന് 5 കോടി രൂപയും സംഭാവന നൽകി.
അജന്ത ഫാർമയുടെ സിഇഒ രാജേഷ് മന്നാലാൽ അഗർവാൾ ബിജെപിക്കും ബിആർഎസിനും 5 കോടി രൂപ വീതവും കോൺഗ്രസിന് 3 കോടി രൂപയും ചേർത്ത് ആകെ 13 കോടി രൂപ സംഭാവന നൽകി. അജന്ത ഫാർമ ബിജെപിക്ക് മൂന്ന് കോടി രൂപയും കോൺഗ്രസിന് ഒരു കോടി രൂപയും പ്രത്യേകം സംഭാവന നൽകി.
മറ്റൊരു പ്രധാന ദാതാവായ ബയോകോണിൻ്റെ കിരൺ മജുംദാർ ഷാ വ്യക്തിഗത ദാതാക്കളുടെ പട്ടികയിൽ 12-ാം സ്ഥാനത്താണ്. ബി.ജെ.പിക്ക് 6 കോടിയും ജനതാദൾ ( സെക്കുലർ )നു ₹ 4 കോടി രൂപയും കോൺഗ്രസിനു ₹ 1 കോടിയും സംഭാവന നൽകി.