Categories
kerala

ഹാപ്പിനെസ് ഫെസ്റ്റിവല്‍: ധര്‍മശാലയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്…പുതുവര്‍ഷ രാവ് വരെ നീളുന്ന പരിപാടികളുടെ വിശദാംശങ്ങള്‍ ഇതാ…

നാടിന്റെ ജനകീയോല്‍സവം എന്ന ടാഗ് ലൈനോടെ പത്തു ലക്ഷം ആസ്വാദകരെ ആകര്‍ഷിക്കാനുള്ള പദ്ധതി തയ്യാറാക്കി ഒരുക്കുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിന് തളിപ്പറമ്പ് മണ്ഡലവും പരിപാടികള്‍ നടക്കുന്ന ധര്‍മശാലയിലെ സ്റ്റേഡിയവും ഗവ.എന്‍ജിനിയറിങ് കോളേജ് ഗ്രൗണ്ടും കാമ്പസും ഒരുങ്ങുന്നു. കൂറ്റന്‍ സ്റ്റേജും ഫെയറുകള്‍ക്കായുള്ള നൂറുകണക്കിന് സ്റ്റാളുകളും വിനോദ സാമഗ്രികളുടെ വിന്യാസവും അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഡിസംബര്‍ 23 മുതല്‍ 31 വരെയാണ് ഉല്‍സവം. ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ ഭാഗമായ ചലച്ചിത്രമേള ബുധനാഴ്ച സമാപിക്കും. 23 മുതല്‍ ധര്‍മശാല ആന്തൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ കേരളത്തിലെ വളരെ പ്രശസ്തരായ കലാകാരന്‍മാരും കലാകാരികളും അണിനിരക്കുന്ന താര നിബിഡമായ നിരവധി കലാപരിപാടികള്‍ അരങ്ങേറാനിരിക്കയാണ്. പരിപാടികളുടെ വിശദാംശങ്ങള്‍ ചൂവടെ കൊടുക്കുന്നു.

ആന്തൂര്‍ നഗരസഭാ സ്‌റ്റേഡിയത്തില്‍ സ്‌റ്റേജിന്റെയും സ്വാഗത കമാനത്തിന്റെയും ജോലികള്‍ പുരോഗമിക്കുന്നു

ഡിസംബര്‍ 23-ന് രാത്രി നടത്തത്തോടെയാണ് ഹാപ്പിനെസ് ഫെസ്റ്റിവലിലെ ഇവന്റുകള്‍ ആരംഭിക്കുക. വൈകീട്ട് ഏഴു മണിക്ക് കോള്‍മൊട്ടയില്‍ നിന്നും ആരംഭിക്കുന്ന രാത്രി നടത്തം സിനിമാ നടി മാലാ പാര്‍വ്വതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എട്ടു മണിക്ക് ധര്‍മശാലയില്‍ വിവിധ കലാപരിപാടികള്‍.
24-ന് വൈകീട്ട് ഫെസ്റ്റിവലിന്റെ ഔദ്യോഗികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വൈകുന്നേരം നാലുമണിക്ക് നഗരസഭാ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന മെഗാ വേദിയിലാണ് പരിപാടി. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. അധ്യക്ഷനാകും.

സ്‌റ്റേഡിയത്തിന്റെ ഗേറ്റിനു മുകളില്‍ സ്ഥാപിക്കാന്‍ ഒരുക്കുന്ന കൂറ്റന്‍ ഗിറ്റാര്‍ മാതൃക

തുടര്‍ന്ന് 6.30-ന് കടുവ സിനിമയിലെ പാലാപ്പള്ളി തിരുപ്പള്ളി എന്ന നാടന്‍ ശീലുള്ള പാട്ട് പാടി ശ്രദ്ധേയനായ അതുല്‍ നറുകരയും സംഘവും അവതരിപ്പിക്കുന്ന ഫോക് മ്യൂസിക് ബാന്റ് ഷോ അരങ്ങേറും.

25-ന് ക്രിസ്മസ് ദിവസം വൈകീട്ട് 6.30-ന് ശരീര സൗന്ദര്യ പ്രദര്‍ശനം. എഴു മണിക്ക് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം. തുടര്‍ന്ന് എട്ട് മണിക്ക് പ്രശസ്തരായ ഊരാളി ബാന്റിന്റെ ആട്ടവും പാട്ടും പരിപാടി.

26-ന് വൈകീട്ട് പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും അശ്വമേധം ഫെയിം ജി.എസ്.പ്രദീപും മുഖ്യാതിഥികളായെത്തും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വൈകീട്ട് അഞ്ചുമണിക്ക് ഉദ്ഘാടനം ചെയ്യുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ചുള്ളിക്കാടും പ്രദീപും സംബന്ധിക്കും. 6.30-ന് ജി.എസ്. പ്രദീപിന്റെ ഷോ അറിവുല്‍സവം അരങ്ങേറും. എട്ടുമണിക്ക് കേരള കലാമണ്ഡലം കലാകാരികള്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടി.

ഡിസംബര്‍ 27-ന് വൈകീട്ട് 6.30-ന് നഗരസഭാ സ്റ്റേഡിയത്തില്‍ ഉത്തരേന്ത്യന്‍ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നാടോടി നൃത്തോല്‍സവം. എട്ടുമണിക്ക് എഞ്ചിനിയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ ചങ്ങനാശ്ശേരി അണിയറ തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകം- ‘നാലുവരിപ്പാത’.

റാസയും ബീഗവും

ഡിസംബര്‍ 28-ന് വൈകീട്ട് നഗരസഭാ സ്റ്റേഡിയത്തില്‍ പ്രമുഖ നടന്‍ സന്തോ,് കീഴാറ്റൂര്‍ അവതരിപ്പിക്കുന്ന ഏകാംഗ നാടകം- ‘പെണ്‍നടന്‍’. എട്ടുമണിക്ക് പ്രശസ്തരായ റാസയും ബീഗവും ചേര്‍ന്നൊരുക്കുന്ന ‘ഗസല്‍ രാവ്’. മന്ത്രി ജെ.ചിഞ്ചുറാണിയായിരിക്കും അന്നത്തെ സാംസ്‌കാരിക സായാഹ്നത്തിന്റെ ഉദ്ഘാടക.

ഡിസംബര്‍ 29-ന് വൈകീട്ട് 6.30-ന് കൈരളി ടി.വി.യിലെ ജനപ്രിയ സംഗീത പരിപാടിയായ പട്ടുറുമാല്‍ റീലോഞ്ചിങ് അരങ്ങേറും. മന്ത്രി മുഹമ്മദ് റിയാസ് സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും. ഇതേസമയം എന്‍ജിനിയറിങ്ങ് കോളേജ് ഓഡിറ്റോറിയത്തില്‍ കൊച്ചി ചൈത്രതാര തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകം-ഞാന്‍ അരങ്ങേറും. രാത്രി 8.30-ന് പ്രശസ്ത കവിയും പാട്ടുകാരനുമായ മുരുകന്‍ കാട്ടാക്കടയും സംഘവും അവതരിപ്പിക്കുന്ന മെഗാ കാവ്യാവതരണ നൃത്ത പരിപാടി-‘ മനുഷ്യനാകണം’ അരങ്ങേറും.

ഡിസംബര്‍ 30-ന് ഏറ്റവും ആകര്‍ഷകമായ പരിപാടി നടി നവ്യാനായരുടെയും സംഘത്തിന്റെയും നൃത്ത പരിപാടിയാണ്. രാത്രി ഒന്‍പത് മണിക്ക് നഗരസഭാ സ്‌റ്റേഡിയത്തിലാണ് പരിപാടി. അതിനു മുമ്പായി ഏഴു മണിക്ക് ഗുരു ഗോപിനാഥ് നടനഗ്രാമത്തിലെ കലാകാരികളുടെ കേരള നടനം അരങ്ങേറും. എ്ട്ടുമണിക്ക് സമ്മാന സായാഹ്നവും തളിപ്പറമ്പ് മണ്ഡലത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനവും മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും.
ഡിസംബര്‍ 31-ന് വൈകീട്ട് തുടങ്ങി പുതുവര്‍ഷപ്പിറവിയില്‍ അവസാനിക്കുന്ന കലാസന്ധ്യയും ആഘോഷവുമായാണ് ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ അവസാന ദിന പരിപാടികള്‍.

ആറു മണിക്ക് പുതുവല്‍സരാഘോഷം ഉദ്ഘാടനം എം.വി.ഗോവിന്ദന്‍ എം.എല്‍.എ. നിര്‍വ്വഹിക്കും. രാത്രി ഒന്‍പതിന് പ്രമുഖ പിന്നണി ഗായകന്‍ സച്ചിന്‍ വാരിയരും സംഘവും അവതരിപ്പിക്കുന്ന മെഗാ സംഗീത പരിപാടി തുടങ്ങും. അത് പുതുവര്‍ഷപ്പിറവിയെ വരവേറ്റു കൊണ്ട് അവസാനിക്കുന്നതോടെ പത്തു നാള്‍ നീളുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിന് കൊടിയിറങ്ങും.
എല്ലാ ദിവസവും നടക്കുന്ന കലാപരിപാടികള്‍ക്കു പുറമേ നൂറുകണക്കിന് സ്റ്റൂളുകളും വിപണന കേന്ദ്രങ്ങളും വിനോദ പാര്‍ക്കുകളും റൈഡുകളും ഉള്‍പ്പെടെ വിപുലമായ മേളയും ഒരുക്കിയിട്ടുണ്ട്. മേളയില്‍ ഫുഡ് കോര്‍ട്ടുകളും വിവിധ റൈഡുകളും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കും വിധമാണ് ഒരുങ്ങുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

Spread the love
English Summary: happiness festival events details

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick