Categories
latest news

കച്ചത്തീവ് പുതിയ കച്ചിത്തുരുമ്പാക്കി ബിജെപി… ലക്ഷ്യം തമിഴക വികാരം ചൂഷണം ചെയ്യലോ…പ്രതികരിക്കുന്നത് മോദി മുതല്‍ കങ്കണ വരെ!

ഇന്ത്യയും അയല്‍രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ കയറിയിറങ്ങിക്കിടക്കുന്ന പ്രദേശങ്ങള്‍ പരസ്പരം കൈമാറി സൗഹൃദപരമായ അതിര്‍ത്തിപുനര്‍ക്രമീകരണം നടത്തുന്നത് എല്ലാ കാലത്തുമുളളതാണെങ്കിലും ഇപ്പോള്‍ പുതിയൊരു വിവാദത്തിന് തിരി കൊളുത്തുകയാണ് ബിജെപി. ബിജെപിയുടെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ തന്നെ പശ്ചിമബംഗാളിലെ ചില ഉള്ളിലേക്ക് കയറിക്കിടക്കുന്ന കൂച്ച്ബിഹാര്‍ പ്രദേശങ്ങളില്‍ ഇങ്ങനെ ബംഗ്ലാദേശുമായി അതിര്‍ത്തി പുനര്‍ക്രമീകരണം നടത്തിയിട്ടുണ്ടെന്ന ചരിത്രം നിലനില്‍ക്കെയാണ് തമിഴ്‌നാട്ടിലെ ജനങ്ങളുടെ വൈകാരികത വോട്ടാക്കി മാറ്റാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് കച്ചത്തീവ് ആരോപണവുമായി വന്നിരിക്കുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു ദ്വീപാണ് കച്ചത്തീവ്. 1974 വരെ ഇന്ത്യ കൈവശം വെച്ചിരുന്ന ഈ ദ്വീപ് പിന്നീട് സൗഹൃദപരമായ ഉടമ്പടിയിലൂടെ 1974-ല്‍ ശ്രീലങ്കയ്ക്ക് കൈമാറുകയായിരുന്നു. തമിഴ്‌നാട്ടുകാരെ വഞ്ചിച്ചുകൊണ്ടാണ് ഡി.എം.കെ.യും കോണ്‍ഗ്രസും ദ്വീപ് ശ്രീലങ്കയ്ക്ക് നല്‍കിയതെന്ന ആരോപണവുമായി വന്നിരിക്കയാണ് പ്രധാനമന്ത്രി. ഇത് ഏറ്റുപിടിക്കാന്‍ നടിയും ഇപ്പോള്‍ ലോക്‌സഭയിലേക്ക് സമ്മാനമായി മല്‍സര ടിക്കറ്റ് കിട്ടിയ വ്യക്തിയുമായ കങ്കണ റണൗട്ട് വരെയുണ്ട്. കോണ്‍ഗ്രസിനും ഡിഎംകെ.യ്ക്കും രാജ്യത്തിന്റെ സുരക്ഷയിലോ രാജ്യത്തെ നിലനിര്‍ത്തുന്നതിലോ ഒരു താല്‍പര്യമില്ലെന്ന പ്രചാരണമാണ് ബിജെപി കച്ചത്തീവ് വിവാദം ഉയര്‍ത്തി നടത്തുന്നത്.

thepoliticaleditor

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ തുടങ്ങിയ ഉന്നത നേതാക്കൾ ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾ കോൺഗ്രസിനെ വിമർശിച്ച് പ്രതികരിച്ചു കൊണ്ടിരിക്കുന്നു . 1974-ൽ അന്നത്തെ ഇന്ദിരാഗാന്ധി സർക്കാർ ഒപ്പുവെച്ച ഇന്ത്യ-ശ്രീലങ്ക മാരിടൈം കരാറിനെതിരെ ഡിഎംകെ പരസ്യമായി രംഗത്തെത്തിയിട്ടും അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധി കരാറിന് അനുമതി നൽകിയതായി പ്രധാനമന്ത്രി അവകാശപ്പെട്ടു. ഉടമ്പടിയിൽ രോഷം പ്രകടിപ്പിച്ച ഡിഎംകെ എംപി ഇറാ സെഴിയൻ്റെ പ്രസ്താവനയാണ് മോദി ഇതിനു തെളിവായി കഴിഞ്ഞ ദിവസം ഉന്നയിച്ചത്.

വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ കച്ചത്തീവ് വിഷയത്തിൽ കോൺഗ്രസിനെയും ദ്രാവിഡ മുന്നേറ്റ കഴകത്തെയും രൂക്ഷമായി വിമർശിച്ചു. “1974-ൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ സമുദ്രാതിർത്തി കരാറിൽ ഒപ്പുവച്ചു. അപ്പോൾ കച്ചത്തീവ് ശ്രീലങ്കയുടെ അതിർത്തിയിൽ ആക്കിയെന്ന് ജയ്ശങ്കർ പറഞ്ഞു . “ഇതാണ് ഞങ്ങൾ ചർച്ച ചെയ്യുന്ന പ്രശ്നത്തിൻ്റെ പശ്ചാത്തലം. കഴിഞ്ഞ അഞ്ച് വർഷമായി കച്ചത്തീവ് പ്രശ്‌നവും മത്സ്യത്തൊഴിലാളി പ്രശ്‌നവും പാർലമെൻ്റിൽ വിവിധ കക്ഷികൾ ആവർത്തിച്ച് ഉന്നയിക്കുന്നുണ്ട്.” പാർലമെൻ്റ് ചോദ്യങ്ങളിലും ചർച്ചകളിലും കച്ചത്തീവ് വിഷയം ചർച്ചാകേന്ദ്രമായിരുന്നെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധി ഈ വിഷയം ഉന്നയിച്ച് നിരവധി തവണ തനിക്ക് കത്തെഴുതിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവിലെ മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് ഇതേ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് 21 തവണ മറുപടി നൽകുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതിനാൽ ഈ വിഷയം പെട്ടെന്ന് ഉയർന്നുവന്നതല്ലെന്നുംനിലനിൽക്കുന്ന പ്രശ്‌നമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

കഴിഞ്ഞ 20 വര്‍ഷം കൊണ്ട് 6,184 മല്‍സ്യബന്ധനത്തൊഴിലാളികളെയും 1175 യാനങ്ങളെയും ശ്രീലങ്ക പിടിക്കുകയുണ്ടായിട്ടുണ്ടെന്നും ജയ്ശങ്കര്‍ പ്രസ്താവിച്ചു. കച്ചത്തീവുമായി ബന്ധപ്പെട്ട് മീന്‍പിടുത്തം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലാവുന്നത് എന്നാണ് മന്ത്രിയുടെ അവകാശവാദത്തിലെ സൂചന. ഇക്കാര്യത്തില്‍ തമിഴ്‌നാട്ടുകാരുടെ വൈകാരികത കോണ്‍ഗ്രസിനും ഡിഎംകെക്കെതിരെയും തിരിച്ചുവിടാനാണ് ബിജെപി ഇപ്പോള്‍ നോക്കുന്നത്.

പാര്‍ടി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ ഈ വിഷയം ഉന്നയിച്ച് രംഗത്തു വന്നതോടെയാണ് പ്രധാനമന്ത്രിയും തുടര്‍ന്ന് എല്ലാ ബിജെപി പ്രമുഖരും ഇതേ കാര്യം തുടര്‍ച്ചയായി ചര്‍ച്ചയാക്കിക്കൊണ്ടിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഏതാനും ദിവസം മുമ്പു പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിനെ ഉപയോഗിച്ചാണ് കെ.അണ്ണാമലൈ ആദ്യം കോണ്‍ഗ്രസിനെതിരായ ആയുധമായി ഇതിനെ ഉപയോഗിച്ച് രംഗത്തു വന്നത്. തുടര്‍ന്നാണ് ദേശീയ നേതൃത്വം ഇത് വ്യാപകമായി ചര്‍ച്ചയാക്കിയത്.

തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോരാട്ടം ലക്ഷ്യമിട്ടാണ് പുതിയ തമിഴക വികാര ചൂഷണത്തിന്റെ പുതിയ മുഖം.-അതും അമ്പത് വര്‍ഷം മുമ്പു നടന്ന ഒരു കൈമാറ്റത്തിന്റെ പേരില്‍. ഇത് ലൈവ് ആയ വിഷയമാണെന്ന് പറഞ്ഞ് വിദേശകാര്യമന്ത്രി രംഗത്തു വന്നതും ബിജെപിയുടെ ക്യാമ്പയിന്‍ തന്ത്രങ്ങളുടെ ഭാഗമായെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick