ബിജെപി ഇതര നേതാക്കളെ മാത്രമാണ് ഏജൻസികൾ ലക്ഷ്യമിടുന്നതെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിക്കളഞ്ഞു. കേന്ദ്ര ഏജൻസികൾ സ്വതന്ത്രമായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. ബിജെപി ഇതര നേതാക്കൾക്കെതിരെ മാത്രം നടപടിയെടുക്കുന്ന ഏജൻസികളുടെ നയത്തിനെതിരെ പ്രതിപക്ഷത്തിൻ്റെ ആരോപണം മോദി തള്ളിക്കളഞ്ഞു. “ഞങ്ങൾ അവരുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയോ നയിക്കുകയോ ചെയ്യുന്നില്ല. അവർ സ്വതന്ത്രമായി പ്രവർത്തിക്കുന്നു, ഇത് ജുഡീഷ്യറിയുടെ അളവുകളാൽ വിലയിരുത്തപ്പെടുന്നു.” — തമിഴ്നാട് ആസ്ഥാനമായുള്ള തന്തി ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നിലവിൽ ഇഡി അന്വേഷിക്കുന്ന കേസുകളിൽ മൂന്ന് ശതമാനത്തിൽ ൽ താഴെ മാത്രമാണ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടതെന്നു പ്രധാനമന്ത്രി അവകാശപ്പെട്ടു.
“നിലവിൽ ഇ.ഡി.-യിൽ ഏകദേശം 7000 കേസുകളുണ്ട്. അതിൽ മൂന്ന് ശതമാനത്തിൽ താഴെ മാത്രം ആണ് രാഷ്ട്രീയക്കാർ ഉൾപ്പെടുന്നത്. അവരുടെ (പ്രതിപക്ഷത്തിന്റെ) 10 വർഷത്തെ ഭരണത്തിൽ പിടിച്ചെടുത്തത് 35 ലക്ഷം രൂപ മാത്രമായിരുന്നു. ഞങ്ങൾ 2200 കോടി രൂപ പിടിച്ചെടുത്തു”– അദ്ദേഹം പറഞ്ഞു.
ഭരണകക്ഷിയായ ബി.ജെ.പിയിൽ അല്ലാത്തവർക്കെതിരെ മാത്രമാണ് ഏജൻസികൾ നടപടി സ്വീകരിക്കുന്നതെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണത്തിൽ, കേസെടുക്കാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ നടപടിക്രമം ഒന്നുതന്നെയാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. “ആര് അധികാരത്തിലിരുന്നാലും നടപടിക്രമം ഒന്നുതന്നെയാണ്. ഇഡിക്ക് സ്വന്തമായി ഒരു കേസും ആരംഭിക്കാൻ കഴിയില്ല. വിവിധ വകുപ്പുകൾ ആദ്യം കേസുകൾ ഫയൽ ചെയ്യണം. തുടർന്ന് നടപടിയെടുക്കുന്നു. പിഎംഎൽഎ (പണം വെളുപ്പിക്കൽ തടയൽ നിയമം) നിയമം മുമ്പ് നിലവിലുണ്ട്. പക്ഷേ അവർ (ഇന്നത്തെ പ്രതിപക്ഷം ) ഭരിച്ചപ്പോൾ അത് ഉപയോഗിച്ചില്ല. പിഎംഎൽഎ നിയമത്തെ ഒഴിവാക്കാനായി 150-ലധികം കോടതി കേസുകൾ ഫയൽ ചെയ്തു, ഒരു ഉദ്യോഗസ്ഥനെ മാറ്റാനോ നിലനിർത്താനോ ആയി അവർ സുപ്രീം കോടതി വരെ പോയി.അഴിമതിക്കെതിരായ മോദിയുടെ പ്രവർത്തനങ്ങൾ അവസാനിക്കില്ലെന്ന് അവർക്കറിയാം. അവർ ജുഡീഷ്യറിയെ ആയുധമാക്കി കോടതിയിലൂടെ ഇ.ഡി.യെ തടയാൻ കഴിയുമെന്ന് അവർ കരുതുന്നു. ”–മോദി ആരോപിച്ചു.
ബിജെപിയിലേക്ക് ചാടിയാൽ പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കുമെന്ന ആരോപണവും ബിജെപിക്കെതിരെ ഉയർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതിപക്ഷ പാർട്ടികൾ ബിജെപിയെ ‘വാഷിംഗ് മെഷീൻ’ പാർട്ടി എന്ന് വിളിച്ച് പരിഹസിക്കാറുമുണ്ട്. ഇതേപ്പറ്റി പ്രധാനമന്ത്രി ഒന്നും പറയാതെ വീട്ടുകളഞ്ഞു.