വിവാഹം കഴിക്കാൻ നിർബന്ധിച്ചതിന് 22 കാരിയായ യുവതിയെ ലിവ്-ഇൻ പങ്കാളി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ആണ് സംഭവം. ദിവസങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ നിന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 15 ന് പാൽഘർ ജില്ലയിലെ ദഹാനു പട്ടണത്തിൽ വാടകയ്‌ക്കെടുത്ത മുറിയിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് കുറ്റകൃത്യം വെളിച്ചത്ത് വന്നത്. 26 കാരനായ മിനാസുദ്ദീൻ അബ്ദുൾ അജിജ് മുല്ല എന്ന രവീന്ദ്ര റെഡ്ഡിയെ മാർച്ച് 22 ന് പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്തു. അയാളും ലിവ് ഇൻ പങ്കാളിയും ഇവിടെ നിന്നുള്ളവരാണ്.
അനിഷ ബരാസ്ത ഖാത്തൂൺ എന്ന സ്ത്രീയെ മാർച്ച് 15 ന് ദഹാനുവിലെ ഒരു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അവിടെ അവർ പങ്കാളിയോടൊപ്പം താമസിച്ചുവരികയായിരുന്നു. പങ്കാളിയെ പൊലീസിന് കണ്ടെത്താനായില്ല. ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു. അതോടെയാണ് കൊലപാതക കേസായി മാറുകയും പ്രതി ഒപ്പം ജീവിച്ച ആൾ തന്നെയെന്ന് സംശയം ഉയരുകയും ചെയ്തത് എന്ന് പോലീസ് പറഞ്ഞു.
അന്വേഷണത്തിൽ, പ്രതി മുല്ല പശ്ചിമ ബംഗാൾ സ്വദേശിയാണെന്നും ദഹാനുവിൽ മുറി വാടകയ്‌ക്കെടുക്കാൻ രവീന്ദ്ര റെഡ്ഡി എന്ന പേര് സ്വീകരിക്കുകയാണ് ചെയ്തത് എന്നും സ്ത്രീ തൻ്റെ ഭാര്യയാണെന്ന് ഭാവിക്കുകയായിരുന്നു എന്നും പോലീസ് കണ്ടെത്തി.
മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് അയൽവാസികൾ പരാതിപ്പെടുകയും ഉടമയെ വിവരമറിയിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. മുറിക്കുള്ളിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ഉടമ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. അവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.
പശ്ചിമബംഗാളുകാരനാണ് സ്തീയുടെ ഒപ്പം താമസിച്ച ആള്‍ എന്ന് തിരിച്ചറിഞ്ഞ പോലീസ് സംഘം അവിടേക്ക് പോയി ഏഴു ദിവസത്തെ തിരച്ചിലിനു ശേഷമാണ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കണമെന്ന് പ്രതി നിർബന്ധിച്ചതിനെ തുടർന്നാണ് പ്രതി സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് പങ്കജ് ഷിർസാത് പറഞ്ഞു.