ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റുമെന്ന് ചില പാർട്ടികൾ അവകാശപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “എനിക്ക് വലിയ പദ്ധതികളുണ്ടെന്ന് പറയുമ്പോൾ ആരും ഭയപ്പെടേണ്ടതില്ല. ആരെയും ഭയപ്പെടുത്താനോ ഓടിക്കാനോ ഞാൻ തീരുമാനങ്ങൾ എടുക്കുന്നില്ല, രാജ്യത്തിൻ്റെ ആരോഗ്യകരമായ വികസനത്തിന് വേണ്ടിയാണ് ഞാൻ തീരുമാനങ്ങൾ എടുക്കുന്നത്,” എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. മൂന്നാം തവണയും അധികാരത്തിലെത്തിയാൽ ബിജെപി ഭരണഘടന മാറ്റുമെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ അവകാശപ്പെട്ടതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.
“അവർ (ബിജെപിയും ആർഎസ്എസും) ഭരണഘടന ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. ജനാധിപത്യ പ്രക്രിയയിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്നു . അങ്ങനെ അവർക്ക് മറ്റെല്ലാ ആശയങ്ങളെയും തകർക്കാൻ കഴിയും.” — ഇന്ന് വയനാട്ടിൽ ഒരു റോഡ്ഷോയിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
ഭരണഘടന ദുര്‍ബലമാക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന പ്രചാരണം ജനങ്ങളില്‍ ഏശുന്നുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇതുവരെ ഭരണഘടനയെക്കുറിച്ചോ അതിന്റെ പ്രാധാന്യത്തെക്കുറിച്ചോ പരാമര്‍ശിക്കാത്ത പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ പെട്ടെന്നു തന്നെ രംഗത്തു വന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.