പാചകവാതകത്തിന്റെ വില 100 രൂപ കുറച്ച് പ്രധാനമന്ത്രി ഇത് “അന്തര്‍ദ്ദേശീയ വനിതാ ദിനത്തിലെ സമ്മാന”മെന്ന് വിശേഷിപ്പിച്ചത് പരക്കെ പരിഹസിക്കപ്പെടുന്നു. പാചകവാതക വിലയില്‍ എത്രയോ തവണ വര്‍ധന വരുത്തിയത് ഏത് ദിനത്തിന്റെ സമ്മാനമാണെന്നാണ് പരിഹസിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ് വോട്ടു നേടാനുള്ള പ്രീണന പരിപാടിയാണെന്ന വിമര്‍ശനവും ഉയര്‍ന്നു തുടങ്ങി. കോണ്‍ഗ്രസാകട്ടെ വനിതാദിനത്തില്‍ മോദിയോട് അഞ്ച് ചോദ്യങ്ങളുമായും രംഗത്തു വന്നു.
ഗാർഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ അറിയിച്ചു. ദശലക്ഷകണക്കിന് കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പ്രഖ്യാപനമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“സിലിണ്ടർ വില 100 രൂപ കുറയ്ക്കാൻ ഞങ്ങളുടെ ഗവൺമെൻ്റ് തീരുമാനിച്ചു. ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കും, പ്രത്യേകിച്ച് നമ്മുടെ നാരീ ശക്തിക്ക് പ്രയോജനം ചെയ്യും”– അദ്ദേഹം എക്‌സിൽ എഴുതി.
പാചക വാതകം താങ്ങാനാവുന്ന വിലയിൽ എത്തിക്കുന്നതിലൂടെ ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനാണ് തൻ്റെ സർക്കാർ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കേന്ദ്രത്തിൻ്റെ തീരുമാനം സ്ത്രീകളെ ശാക്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള പാവപ്പെട്ട സ്ത്രീകൾക്ക് നൽകുന്ന എൽപിജി സിലിണ്ടർ സബ്‌സിഡി 300 രൂപ ഏപ്രിൽ 1 മുതൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് നീട്ടുന്നതായും കേന്ദ്ര സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു.