Categories
latest news

മോദിയെ പുകഴ്ത്തി…പക്ഷേ ഗുലാം നബി ആസാദ് ലക്ഷ്യമിടുന്നതെന്ത്?

ഏപ്രില്‍ അഞ്ചിന് ഗുലാം നബി ആസാദിന്റെ വിവാദ ആത്മകഥ ‘ ആസാദ്’ പ്രകാശനം ചെയ്ത ചടങ്ങില്‍ സംസാരിച്ച ഗുലാം നബി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് വലിയ കാരുണ്യവും സ്‌നേഹവും കാണിച്ചുവെന്ന് പുകഴ്ത്തിയത് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കയാണ്. രാഷ്ട്രീയത്തില്‍ ആരും തൊട്ടുകൂടാത്തവരായി ഇല്ല എന്ന പറഞ്ഞ ആസാദ് വ്യക്തമായ ചില സൂചനകള്‍ നല്‍കുകയാണോ എന്ന ചര്‍ച്ചയാണ് ഇപ്പോളുള്ളത്. ചോദ്യം ഇതായിരുന്നു-ജമ്മു കാശ്മീരില്‍ ഗുലാംനബി ആസാദിന് നരേന്ദ്രമോദിയുടെ തുരുപ്പുകാര്‍ഡ് ആയിത്തീരാന്‍ സാധിക്കുമോ.
രാജ്യസഭയില്‍ നിന്നും ഗുലാംനബിയുടെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി ആസാദിനെക്കുറിച്ച് പറഞ്ഞ് വികാരാധീനനായ ദിവസം തൊട്ടേ കാറ്റ് ഏത് ദിശയിലാണെന്ന് തങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ നേരത്തെ പറഞ്ഞിരുന്നത്.
എന്നാല്‍ കാറ്റ് ഇപ്പോള്‍ മറ്റൊരു ദിശയിലേക്കാണോ എന്ന സംശയം ഉയരുന്നുണ്ട്. ഗുലാം നബി രാഹുല്‍ ഗാന്ധിയെ നിശിതമായി കുറ്റപ്പെടുത്തി കത്തെഴുതി തന്റെ കോണ്‍ഗ്രസ് അംഗത്വം ഉപേക്ഷിക്കുകയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ടി രൂപീകരിക്കുകയും ചെയ്തപ്പോള്‍ ബിജെപിയുടെ സഖ്യമായിത്തീരാനുള്ള വഴിയിലാണെന്ന് എല്ലാവരും കരുതി. എന്നാല്‍ പാര്‍ടിയിലുള്ള പഴയ കോണ്‍ഗ്രസുകാരില്‍ ഒട്ടേറെ പേര്‍ താമസിയാതെ ആസാദിനെ ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് തിരികെ പോയത് അദ്ദേഹത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തിയ സംഭവമായിരുന്നു.
2023 അവസാനമോ, അടുത്ത വര്‍ഷം ആദ്യമോ ജമ്മു-കാശ്മീരില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നേക്കും. അങ്ങിനെയെങ്കില്‍ ആസാദ് എന്തായിരിക്കും ചെയ്യുക.

ഗാന്ധി കുടുംബവുമായി ഒത്തുതീർപ്പിനുള്ള ആസാദിന്റെ ശ്രമമായാണ് കോൺഗ്രസുകാർ അദ്ദേഹത്തിന്റെ പുസ്തകത്തെ കാണുന്നത്. കർണാടക തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനത്തലേന്നാണ് ഈ പുസ്തകം വരുന്നത്. ഇന്നത്തെ നിലയിൽ അവിടെ കോൺഗ്രസിന് നേട്ടമുണ്ടാകും എന്നാണ് അനുമാനം . ദക്ഷിണേന്ത്യൻ സംസ്ഥാനത്തിലെ വിജയം പാർട്ടിക്ക് ആശ്വാസം നൽകും. അപ്പോൾ ആസാദ് വീണ്ടും കോൺഗ്രസുമായി അടുക്കുമോ ? ബിജെപി പിന്തുണയോടെയെങ്കിലും ജമ്മു കാശ്മീരിൽ മുഖ്യമന്ത്രിയാവുക എന്നതാണ് ആസാദിന്റെ ഒരു ഉന്നം. അല്ലെങ്കിൽ രാജ്യസഭയിലേക്ക് ഒരു നാമനിർദേശം എങ്കിലും അദ്ദേഹം പ്രതീക്ഷിക്കുന്നു.

thepoliticaleditor

ബിജെപി ഇതര പക്ഷത്ത് അവശേഷിക്കുന്ന ചുരുക്കം ചില മുതിർന്ന രാഷ്ട്രീയക്കാരിൽ ഒരാളാണ് ആസാദ് എന്ന് അദ്ദേഹത്തിന്റെ വിമർശകർ പോലും സമ്മതിക്കുന്നു. പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, മൻമോഹൻ സിംഗ് -സോണിയാ ഗാന്ധി ജോഡി എന്നിവരോടൊപ്പം പ്രവർത്തിച്ച പരിചയം കൊണ്ട് ഏത് വലിയ രാഷ്ട്രീയക്കാരനെയും നേരിട്ട് വിളിക്കാൻ കഴിയുന്ന ചുരുക്കം ചില രാഷ്ട്രീയക്കാരിൽ ഒരാളുമാണ് അദ്ദേഹം.

കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ വളരെ വൈകി എന്ന ആസാദിന്റെ മറുപടിയില്‍ ചിലതെല്ലാം ഒളിഞ്ഞിരിപ്പില്ലേ എന്ന് സംശയിക്കുന്നവരും ഉണ്ട്. വൈകിയാലും കോണ്‍ഗ്രസ് ഔദ്യോഗികമായി വിളിച്ചാല്‍ ചെല്ലാമെന്ന സൂചന ആ മറുപടിയിലുണ്ടോ എന്നും ചിലര്‍ ചികഞ്ഞു നോക്കുന്നു.
എന്തായാലും അടുത്ത ഏതാനും മാസങ്ങള്‍ ഗുലാം നബി ആസാദിന്റെ രാഷ്ട്രീയഭാവിയുടെ നിര്‍ണായക ദിനങ്ങളായിരിക്കും.

Spread the love
English Summary: what is gulam nabi azads next plan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick