ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹു ഗാന്ധി എന്നിവർ ചേർന്ന് ഏപ്രിൽ 6 ന് ജയ്പൂരിൽ നടക്കുന്ന പൊതുയോഗത്തിൽ പുറത്തിറക്കും.
പ്രധാനമന്ത്രിയുടെ ‘കോൺഗ്രസ് സംസ്കാര’ പരിഹാസത്തിന് ഖാർഗെയുടെ രൂക്ഷ പ്രതികരണം
പ്രധാനമന്ത്രി മോദി ജനാധിപത്യത്തിൽ കൃത്രിമം കാണിക്കുകയും ഭരണ ഘടനാ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. 600 അഭിഭാഷകർ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തെഴുതിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. ജനാധിപത്യത്യത്തെ “കൈകാര്യം” ചെയ്യുന്നതിനും ഭരണ ഘടനാ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും മോദിയെ ഖാർഗെ തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വിമർശിച്ചു.
“നരേന്ദ്ര മോദിജി, സുപ്രിംകോടതിയിലെ ഏറ്റവും മുതിർന്ന 4 ജഡ്ജിമാർ അഭൂതപൂർവമായ പത്രസമ്മേളനം നടത്തി ‘ജനാധിപത്യത്തിൻ്റെ നാശത്തിനെതിരെ’ മുന്നറിയിപ്പ് നൽകാൻ നിർബന്ധിതരായത് നിങ്ങൾ സൗകര്യപൂർവ്വം മറക്കുന്നു. നിങ്ങളുടെ ഭരണത്തിന് കീഴിലാണ് അത് സംഭവിച്ചത്.”– ഖാർഗെ പറഞ്ഞു.
“ജഡ്ജിമാരിൽ ഒരാളെ നിങ്ങളുടെ സർക്കാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. അപ്പോൾ ആർക്കാണ് ‘കമ്മിറ്റഡ് ജുഡീഷ്യറി’ വേണ്ടത്? നിലവിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ പാർട്ടി പശ്ചിമ ബംഗാളിൽ മുൻ ഹൈക്കോടതി ജഡ്ജിയെ മത്സരിപ്പിച്ച കാര്യം നിങ്ങൾ മറക്കുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഈ സ്ഥാനാർത്ഥിത്വം നൽകിയത് ”–അദ്ദേഹം പ്രധാനമന്ത്രിയോട് ചോദിച്ചു.
മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നത് പുരാതന കോൺഗ്രസ് സംസ്‌കാരമാണെന്ന് പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയയിൽ വിമർശിച്ചിരുന്നു. “അഞ്ച് പതിറ്റാണ്ട് മുമ്പ് തന്നെ അവർ ‘പ്രതിബദ്ധതയുള്ള ജുഡീഷ്യറി’ക്ക് വേണ്ടി വിളിച്ചിരുന്നു – അവർ തങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി മറ്റുള്ളവരിൽ നിന്ന് പ്രതിബദ്ധത ആഗ്രഹിക്കുന്നു, എന്നാൽ രാജ്യത്തോടുള്ള പ്രതിബദ്ധതയിൽ നിന്ന് വിട്ടുനിൽക്കുന്നു.”– മോദി പറഞ്ഞു.
ഇതിനു മറുപടിയായാണ് ഖാർഗെയുടെ മോദിയോടുള്ള ചോദ്യങ്ങൾ. “നിങ്ങളുടെ സ്വന്തം പാപങ്ങൾക്ക് കോൺഗ്രസ് പാർട്ടിയെ കുറ്റപ്പെടുത്തുന്നത് നിർത്തുക! ജനാധിപത്യത്തെ കൃത്രിമമായി കൈകാര്യം ചെയ്യാനും ഭരണഘടനയെ വ്രണപ്പെടുത്താനുമുള്ള കലയിൽ നിങ്ങൾ പ്രാവീണ്യം നേടിയിരിക്കുന്നു.” അദ്ദേഹം തൻ്റെ പ്രതികരണത്തിൽ പറഞ്ഞു.