തമിഴ്‌നാട് കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ വിജയധരണി ബിജെപിയിൽ ചേർന്നു. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് നിന്ന് മൂന്ന് തവണ എം.എൽ.എയായ വിജയധരണി ശനിയാഴ്ച കോൺഗ്രസിൽ നിന്ന് രാജിവെച്ചു. 234 അംഗ നിയമസഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം 17 ആയി കുറഞ്ഞു.
ലോക്‌സഭാ സ്ഥാനാർത്ഥിത്വം കിട്ടാത്തതിന്റെ അതൃപ്തിക്കിടയിലാണ് കൂറുമാറ്റം. തമിഴ്‌നാട് നിയമസഭയിലെ സഭാ ലീഡർ സ്ഥാനം നൽകാതിരിക്കുകയും കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെടാതിരിക്കുകയും ഉൾപ്പെടെ പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനങ്ങളിൽ വിജയധരണി അസ്വസ്ഥയായിരുന്നുവത്രെ. അവരെ ലോക്‌സഭാ സീറ്റിൽ മത്സരിപ്പിക്കില്ല എന്ന പാർട്ടിയിൽ നിന്നുള്ള വ്യക്തമായ സന്ദേശമാണ് രാജിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് പറയുന്നു.
വിജയധരണിയെ നിയമസഭയില്‍ നിന്നും അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കർ എം അപ്പാവുവിനെ സമീപിക്കുമെന്ന് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ സെൽവപെരുന്തഗൈ അറിയിച്ചു.
വിദ്യാർത്ഥി കാലഘട്ടം മുതൽ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന വിജയധരണിയുടെ മാറ്റം പാർട്ടിക്ക് അപ്രതീക്ഷിത ആഘാതമായി. 2011 മുതൽ വിളവങ്കോടിനെ പ്രതിനിധീകരിക്കുന്ന വിജയധരണി തമിഴ്‌നാട് മഹിളാ കോൺഗ്രസിൻ്റെ പ്രസിഡൻ്റായും പ്രവർത്തിച്ചിരുന്നു. തമിഴ് സാഹിത്യം, ആത്മീയത, സാമൂഹിക പരിഷ്‌കരണം, പ്രത്യേകിച്ച് ജാതിവിരുദ്ധ കാഴ്ചപ്പാടുകൾ, ബാലസാഹിത്യ കൃതികൾ എന്നിവയ്ക്ക് പേരുകേട്ട തമിഴ് കവിയും സാമൂഹിക പരിഷ്കർത്താവുമായ കവിമണി ദേശിഗവിനായകം പിള്ളയുടെ കൊച്ചുമകളാണ് വിജയധരണി.
ശനിയാഴ്ച ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകനും പാർട്ടിയുടെ തമിഴ്‌നാട് ചുമതലക്കാരൻ അരവിന്ദ് മേനോനും ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾ പങ്കെടുത്ത ചടങ്ങിലാണ് വിജയധരണി ബിജെപി അംഗമായത്. കഴിഞ്ഞ രണ്ടാഴ്ചയായി ഡൽഹിയിൽ അരവിന്ദ് മേനോനുമായും മുതിർന്ന ബിജെപി നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് വിജയധരണി ഈ തീരുമാനമെടുത്തതെന്ന് വിജയധരണിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി കേന്ദ്ര പാർട്ടി നേതാക്കൾക്ക് പോലും അവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് തമിഴ്‌നാട് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.