കർണാടകയിലെ കോൺഗ്രസ് സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഇമിഗ്രേഷൻ അധികൃതർ തന്നെ ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് ലണ്ടനിലേക്ക് തിരിച്ചയച്ചതായി വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിലെ പ്രൊഫസറായ നിതാഷ കൗൾ ആരോപിച്ചു. ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് പ്രൊഫസര്‍ ആണ് നിതാഷ കൗള്‍

ഫെബ്രുവരി 24, 25 തീയതികളിൽ ബെംഗളൂരുവിൽ സംഘടിപ്പിക്കുന്ന “ഭരണഘടനയും ദേശീയ ഐക്യവും” കൺവെൻഷനിൽ പ്രതിനിധിയായി പങ്കെടുക്കാൻ യുകെ സർവകലാശാലയിലെ പൊളിറ്റിക്സ് ആൻഡ് ഇൻ്റർനാഷണൽ റിലേഷൻസ് വിഭാഗത്തിലെ അധ്യാപകനും എഴുത്തുകാരിയുമായ കൗളിനെ സാമൂഹ്യക്ഷേമ വകുപ്പ് ക്ഷണിച്ചിരുന്നു.

“ഡൽഹിയിൽ നിന്നുള്ള ഉത്തരവല്ലാതെ ഇമിഗ്രേഷൻ ഒരു കാരണവും കാണിച്ചിട്ടില്ല . എൻ്റെ യാത്രയും ലോജിസ്റ്റിക്സും കർണാടകയാണ് ക്രമീകരിച്ചത്, ഔദ്യോഗിക കത്ത് എൻ്റെ പക്കലുണ്ടായിരുന്നു. എന്നെ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹിയിൽ നിന്ന് എനിക്ക് മുൻകൂട്ടി അറിയിപ്പോ വിവരമോ ലഭിച്ചിട്ടില്ല– സാമൂഹ്യക്ഷേമ മന്ത്രി എച്ച്‌സി മഹാദേവപ്പ തനിക്ക് അയച്ച ക്ഷണത്തിൻ്റെ പകർപ്പും പരിപാടിയുടെ രജിസ്ട്രേഷൻ വിശദാംശങ്ങളും പങ്കിട്ടുകൊണ്ട് നിതാഷ കൗൾ സമൂഹ മാധ്യമത്തിൽ എഴുതി.