കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയിൽ വിദ്യാസമ്പന്നരായ യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ വൻതോതിൽ വർധിക്കുന്നതായി സാമ്പത്തിക വിദഗ്ധൻ കൗശിക് ബസു അഭിപ്രായപ്പെട്ടു. ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷനും (ഐഎൽഒ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്‌മെൻ്റും (ഐഎച്ച്‌ഡി) പ്രസിദ്ധീകരിച്ച 2024 ലെ ഇന്ത്യ എംപ്ലോയ്‌മെൻ്റ് റിപ്പോർട്ടിനെ ആസ്പദമാക്കിയാണ് ഇന്ത്യാ ഗവൺമെൻ്റിൻ്റെ മുൻ ചീഫ് ഇക്കണോമിക് അഡ്വൈസർ (സിഇഎ) നടത്തിയ പരാമർശങ്ങൾ.
“ഇന്ത്യയിലെ വിദ്യാസമ്പന്നരായ യുവാക്കൾക്ക് ഒരു പുതിയ ആശങ്ക” എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ബസു എക്‌സിൽ (മുമ്പ് ട്വിറ്റർ) എഴുതി– “മൊത്തം തൊഴിലില്ലാത്ത യുവാക്കളിൽ സെക്കൻഡറിയും കൂടുതലും വിദ്യാഭ്യാസമുള്ളവരുടെ പങ്ക് 35.2 ശതമാനത്തിൽ (2000) ൽ നിന്ന് 65.7 ശതമാനം (2022) ആയി ഉയർന്നു.”

തൊഴിൽ രഹിതർക്കിടയിൽ സെക്കൻഡറി വിദ്യാഭ്യാസമെങ്കിലും ഉള്ള യുവാക്കളുടെ പങ്ക് 2000-ൽ 35.2% ആയിരുന്നത് 2022-ൽ 65.7% ആയി ഇരട്ടിയായി വർദ്ധിച്ചു. കൂടാതെ, ഇന്ത്യയിലെ മൊത്തം തൊഴിലില്ലാത്തവരിൽ 83% യുവാക്കളാണ്.
കൂടാതെ പല വിദ്യാർത്ഥികളും സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം സ്കൂൾ വിടുന്നു. പ്രത്യേകിച്ച് സമ്പത്ത് കുറഞ്ഞ പ്രദേശങ്ങളിലും പിന്നാക്ക വിഭാഗങ്ങളിലും ഇത് വർധിച്ച നിലയിലാണ് . കൂടുതൽ ആളുകൾ കോളേജിൽ പോകുന്നുണ്ടെങ്കിലും, വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരത്തെക്കുറിച്ച് ഇപ്പോഴും ആശങ്കയുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതും യഥാർത്ഥത്തിൽ പഠിക്കുന്നതും തമ്മിലുള്ള കാര്യമായ അസമത്വങ്ങൾ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ വിഷയത്തെ “വികലമാക്കാനും ശ്രദ്ധ തിരിക്കാനും വഴിതിരിച്ചുവിടാനും” ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ ഒരു നിർണായക പ്രശ്നമായി ഉയർന്നു വരുമെന്ന് കോൺഗ്രസ് സൂചിപ്പിച്ചു.