Categories
latest news

ബിഹാറിലും കര്‍ണാടകയിലും ബിജെപിക്ക് ആഘാതം…കര്‍ണാടക മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിലേക്ക്…ബിഹാറില്‍ കേന്ദ്രമന്ത്രി രാജിവെച്ചു

ബിഹാറിൽ ചിരാഗ് പാസ്വാനെ പ്രീണിപ്പിക്കാനായി അദ്ദേഹത്തിന്റെ പിതൃസഹോദരന്റെ പാര്‍ടിയെ തഴഞ്ഞ ബിജെപിക്ക് തിരിച്ചടി. രാഷ്ട്രീയ ലോക്ജനശക്തി പാര്‍ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ പശുപതി കുമാര്‍ പരസ് മന്ത്രിസ്ഥാനം രാജിവെച്ച് പ്രതിഷേധിച്ചു. അഞ്ച് എംപിമാരുള്ള പാർട്ടി ആണ് പരാസിന്റേത്. അഞ്ച് എം.പിമാരുള്ള സ്വന്തം ഘടകകക്ഷിയെ തഴഞ്ഞാണ് ബിജെപി ചിരാഗ് പാസ്വാന്റെ പാര്‍ടിക്ക് അഞ്ച് സീറ്റ് നല്‍കിയിരിക്കുന്നത്.

പശുപതി കുമാര്‍ പരസ്, ചിരാഗ് പാസ്വാന്‍

അതു പോലെ മൈസൂരു സീറ്റ് തനിക്ക് തരാതെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി കൂടിയായ സദാനന്ദ ഗൗഡ കോണ്‍ഗ്രസിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസ് അദ്ദേഹത്തിന് മൈസൂരു സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

thepoliticaleditor
സദാനന്ദ ഗൗഡ

ബിഹാറില്‍, ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ടി(എല്‍.ജെ.പി.)ക്കാണ് അഞ്ച് ലോക്‌സഭാ സീറ്റ് ബിജെപി നല്‍കിയിരിക്കുന്നത്. ജമുയി, സമസ്തിപൂർ, ഹാജിപൂർ, വൈശാലി, ഖഗാരിയ എന്നീ സീറ്റുകളാണ് നൽകിയത്. തന്റെ പിതാവ് രാംവിലാസ് പാസ്വാന്റെ സ്വന്തം മണ്ഡലമായ ഹാജിപ്പൂരില്‍ ചിരാഗ് മല്‍സരിക്കുമെന്നാണ് കരുതുന്നത്. ഇപ്പോൾ ഇവിടുത്തെ എംപിയാണ് പരാസ്. പരാസിനെ അപമാനിക്കും വിധമാണ് അദ്ദേഹത്തിന്റെ മണ്ഡലം തന്നെ എതിരാളിക്ക് നല്‍കിയത്. ഇതാണ് പരാസിനെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുന്നത്.

ചിരാഗിന്റെ പിതാവ് രാം വിലാസ് പാസ്വാന്റെ സഹോദരനാണ് ഇന്ന് മന്ത്രിസ്ഥാനം രാജിവെച്ച പശുപതി കുമാര്‍ പരസ്. ചിരാഗിനോട് ഇടഞ്ഞ് ഇദ്ദേഹം പുതിയ പാര്‍ടി രൂപീകരിക്കുകയും ബിജെപിക്കൊപ്പം നില്‍ക്കുകയുമായിരുന്നു.

എന്നാല്‍ 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തോതില്‍ സീറ്റ് ലഭിക്കാനിടയാക്കിയത് ചിരാഗ് പാസ്വാന്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന്റെ വോട്ട് ഭിന്നിപ്പിച്ചതായിരുന്നു. ബിജെപി വന്‍ വിജയം നേടിയപ്പോള്‍ വെറും പത്തില്‍ താഴെ സീറ്റിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു നിതീഷിന്റെ പാര്‍ടിക്ക് നേടാനായത്.

കര്‍ണാടകത്തിലെ പ്രബല വോട്ടബാങ്കായ വൊക്കലിഗ സമുദായ അംഗമാണ് സദാനന്ദഗൗഡ എന്നതിനാല്‍ ഇവിടെ ബിജെപി വലിയ സമ്മര്‍ദ്ദത്തിലാണ്. കര്‍ണാടകയിലെ മുന്‍ ബിജെപി മുഖ്യമന്ത്രി കോണ്‍ഗ്രസിലേക്ക് പോകുന്നു എന്നത് ദേശീയ തലത്തില്‍ തന്നെ ബിജെപിയുടെ ആത്മവിശ്വാസത്തില്‍ വലിയ ആഘാതമായിരിക്കും. ബിഹാറിലും സമാനമായ സാഹചര്യം ആണ് നേരിടുന്നത്.

ഇന്നലെ എൻഡിഎ സഖ്യം ബീഹാർ ലോക്‌സഭയിലേക്കുള്ള 40 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. ഞങ്ങളുടെ പാർട്ടിക്ക് അഞ്ച് എംപിമാരുണ്ടായിരുന്നു, ഞാൻ ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. ഞങ്ങളോടും ഞങ്ങളുടെ പാർട്ടിയോടും അനീതിയാണ് കാണിച്ചത്. അതിനാൽ ഞാൻ കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കുന്നു”– രാജിക്കത്ത് നൽകിയ ശേഷം പരാസ് മാധ്യമങ്ങളോട് പറഞ്ഞു.

പശുപതി കുമാർ പരാസിന് ബിഹാർ ഗവർണർ സ്ഥാനവും ആർഎൽജെപി നേതാക്കൾക്ക് മറ്റ് ചില സ്ഥാനങ്ങളും ബിജെപി വാഗ്ദാനം ചെയ്തതായും എന്നാൽ പരാസ് ഇതെല്ലാം തള്ളിക്കളഞ്ഞതായും അടുത്ത വൃത്തങ്ങൾ പറഞ്ഞു. പാര്‍ടി ഒറ്റയ്ക്ക് മല്‍സരിക്കാന്‍ ആലോചിക്കുകയാണെന്ന് പറയുന്നുണ്ടെങ്കിലും പ്രതിപക്ഷ ആര്‍.ജെ.ഡി.-കോണ്‍ഗ്രസ് സഖ്യം പരാസിനെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick