ഇന്ത്യയുടെ വടക്കുകിഴക്കൊരു സംസ്ഥാനത്ത്, ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ രക്തരൂക്ഷിതമായ വംശീയ കലാപം ഒരു വര്‍ഷം പിന്നിടാന്‍ ഇനി ഒന്നര മാസം മാത്രം ബാക്കി. ഇതുവരെ കലാപം അടങ്ങിയിട്ടില്ല. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ വരെയുള്ള കണക്കു മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതനുസരിച്ച് 175 മനുഷ്യര്‍ കൊല ചെയ്യപ്പെട്ടു. എഴുപതിനായിരം പേര്‍ക്ക് അക്രമങ്ങളില്‍ പരിക്കേറ്റു. നിരവധി സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെട്ടു. 386 ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. 4,786 വീടുകള്‍ തരിപ്പണമാക്കപ്പെട്ടു.
മണിപ്പൂരില്‍ ഈ മെയ് 3 ആവുമ്പോള്‍ കലാപം തുടങ്ങി ഒരാണ്ട് പൂര്‍ത്തിയാകുന്നു. ഇത്രയും വലിയ ദുരന്തത്തിനിരയായ ഒരു സംസ്ഥാനത്തേക്ക് ഇതുവരെ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കിയിട്ടില്ലാത്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം പാര്‍ടിയുടെ തിരഞ്ഞെടുപ്പു തന്ത്രം ഫലിപ്പിക്കാനായി മാത്രം ഇന്ത്യയുടെ തെക്കെ അറ്റത്തെ സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ വെറും മൂന്നു മാസം കൊണ്ട് വന്നു മടങ്ങിയത് 20 തവണ.!
ബിജെപിക്ക് ഒരു സാധ്യതയും നിലവിലില്ലാത്ത കേരളത്തിലേക്ക് വന്നത് അഞ്ചു തവണ. ഇന്ത്യന്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുന്ന ഗാരന്റി ഇതാണോ. ഇത് എന്ത് ജനാധിപത്യമാണ്, ഇത് എന്ത് തുല്യതയും പൗരാവകാശ സംരക്ഷണവുമാണ്…
ഇന്ന് പ്രധാനമന്ത്രി പാലക്കാട്ട് ലോക്‌സഭാ സ്ഥാനാര്‍ഥിക്കായി പാലക്കാട്ട് റോഡ് ഷോയ്ക്കായി വന്നിരിക്കുന്നു. രണ്ടു ദിവസം മുമ്പാണ് അദ്ദേഹം പത്തനം തിട്ടയില്‍ ഇതേ കാര്യത്തിന് വന്നു പോയത്. അതിനു മുമ്പ് തൃശ്ശൂരില്‍ ഇതേ കാര്യത്തിന് മൂന്നു തവണയാണ് മോദി പറന്നു വന്ന് തിരിച്ചുപോയത്. ഈ വര്‍ഷം വെറും മൂന്നു മാസം മാത്രം പിന്നിടുമ്പോള്‍ മോദി തമിഴ്‌നാട്ടിലെത്തിയത് ഏഴു തവണയാണ്. തിങ്കളാഴ്‌ച വൈകുന്നേരം റോഡ് ഷോയ്‌ക്കായി മോദി കോയമ്പത്തൂരിൽ ഉണ്ടായിരുന്നു. ഇന്ന് പാലക്കാട് നിന്ന് വീണ്ടും സേലത്തെത്തും. മാർച്ച് 15 ന് തമിഴ്‌നാട്ടിലെ കന്യാകുമാരി സീറ്റിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഫെബ്രുവരി 28 ന് പ്രധാനമന്ത്രി തൂത്തുക്കുടിയിലായിരുന്നു.
തെലങ്കാനയില്‍ മോദി നാല് തവണ വന്നു. ആന്ധ്രാപ്രദേശില്‍ രണ്ടു തവണയെത്തി. കര്‍ണാടകത്തിലാവട്ടെ മൂന്നു തവണ വന്നു പ്രസംഗിച്ചു പോയി.
ഇന്ന് മോദി ഡല്‍ഹിയിലേക്ക് മടങ്ങുമ്പോള്‍, അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് മാത്രം അദ്ദേഹം ഈ വര്‍ഷം 20 തവണ സന്ദര്‍ശനം നടത്തിക്കഴിഞ്ഞിരിക്കയാണ്. ഇതെല്ലാം സങ്കുചിതമായ പാര്‍ടി താല്‍പര്യങ്ങള്‍ സഫലമാക്കാനുള്ള യാത്രാ മഹാമഹങ്ങള്‍ മാത്രമായിരുന്നു. ഇതു മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടായ വിഭവ ചോര്‍ച്ച, ഔദ്യോഗിക സംവിധാനത്തിന്റെ ദുരുപയോഗം മൂലമുള്ള കഷ്ട നഷ്ടങ്ങള്‍ ശത കോടികളുടെതായിരിക്കും. അതെല്ലാം ജനങ്ങളുടെ നികുതിപ്പണത്തിന്റെ ദുരുപയോഗവും കൂടിയാണ്. എന്നാല്‍ ഇതൊന്നും സമൂഹത്തിന്റെ എന്തെങ്കിലും നേട്ടത്തിനു വേണ്ടിയല്ല, ബിജെപി എന്ന പാര്‍ടിയുടെ താല്‍പര്യങ്ങള്‍ സാധിച്ചെടുക്കാനുള്ള നാലാംകിട തന്ത്രങ്ങള്‍ക്കു മാത്രമുള്ളതുമായിരുന്നു. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി 50-60 സീറ്റുകള്‍ നേടാനാണേ്രത ഈ തുടര്‍ യാത്രകള്‍.
മൂന്നു മാസത്തിനുള്ളില്‍ 20 തവണ തെക്കെ ഇന്ത്യയിലേക്ക് പറന്നു വന്ന മോദി പക്ഷേ ഒരു വര്‍ഷമായി കലാപത്തില്‍ കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന, തന്റെ അധികാര കേന്ദ്രത്തിനു വളരെയടുത്തുള്ള ഒരു കൊച്ചു പ്രദേശത്ത് ഒരു തവണ പോലും തിരിഞ്ഞു നോക്കിയില്ല എന്നത് ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിലെ ജീര്‍ണതയെ ആണ്, മൂല്യത്തകര്‍ച്ചയെയും അധികാര ദുര്‍വിനിയോഗത്തെയും ആണ് കാണിക്കുന്നത്.
അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എൻഡിഎയ്ക്ക് 58 സീറ്റുകൾ നേടാനാകുമെന്നും ആന്ധ്രാപ്രദേശിൽ 18, തെലങ്കാനയിൽ എട്ട്, കർണാടകയിൽ 25, തമിഴ്‌നാട്ടിൽ അഞ്ച്, കേരളത്തിൽ രണ്ട് എന്നിങ്ങനെ സീറ്റുകൾ നേടാനാവുമെന്നും ബിജെപി സ്വപ്നം കാണുന്നു. അതിന്റെ ഭാഗമാണ് മോദി എന്ന വ്യക്തിയെ മുന്നിൽ നിർത്തി ഈ പര്യടനങ്ങൾ.