ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ സമഗ്രമായി നല്‍കാതെ ആവശ്യപ്പെടുന്നതെന്തോ അക്കാര്യം മാത്രം കോടതിക്കു മുമ്പില്‍ നല്‍കുന്ന സെലക്ടീവ് രീതി എസ്.ബി.ഐ. അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി. വിവരങ്ങൾ “വ്യക്തവും നീതിയുക്തവും” ആയിരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തിരഞ്ഞെടുത്തു മാത്രം വിവരങ്ങൾ നൽകരുതെന്നും കർക്കശ നിർദേശം നൽകി.
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ വ്യക്തികൾക്കും കമ്പനികൾക്കും അനുമതി നൽകിയ ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തണമെന്നാണ് ഉത്തരവ്. മാർച്ച് 21 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്കകം ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും പുറത്തുവിടണം. തുടർന്ന് വിശദാംശങ്ങളൊന്നും മറച്ചുവെച്ചിട്ടില്ലെന്ന് വ്യക്തമാക്കി എസ്ബിഐ ചെയർമാൻ സത്യവാങ്മൂലം സമർപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
“ഇലക്‌ട്രൽ ബോണ്ടുകളുമായി ബന്ധപ്പെട്ട് സങ്കൽപ്പിക്കാവുന്ന എല്ലാ വിശദാംശങ്ങളും എസ്ബിഐ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ‘നിങ്ങൾ ഞങ്ങളോട് വിശദാംശങ്ങൾ നൽകാൻ പറയൂ, അപ്പോൾ ഞങ്ങൾ തരാം’ എന്ന മട്ടിലാണ് നിങ്ങളുടെ മനോഭാവം. എസ്ബിഐ സെലക്ടീവ് ആയിരിക്കരുത്. എസ്‌ബിഐ കോടതിയോട് സത്യസന്ധവും നീതിപൂർവകവുമായിരിക്കണം”– മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയോട് അഞ്ചംഗ ബെഞ്ചിൻ്റെ നേതൃത്വത്തിലുള്ള ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
ഏതെങ്കിലും ബോണ്ടുകൾ വാങ്ങുകയോ വീണ്ടെടുക്കുകയോ ചെയ്യുമ്പോഴുള്ള ആൽഫാന്യൂമെറിക് നമ്പറും ബോണ്ടുകളുടെ സീരിയൽ നമ്പറും ഉൾപ്പെടെയുള്ള എല്ലാ വിശദാംശങ്ങളും എസ്ബിഐ വെളിപ്പെടുത്തേണ്ടതുണ്ട്. എസ്ബിഐയിൽ നിന്ന് വിശദാംശങ്ങൾ ലഭിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ അത് അവരുടെ വെബ്‌സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
“എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തേണ്ടതുണ്ടെന്ന് വിധിയിൽ വ്യക്തമാണ്. സെലക്ടീവായിരിക്കരുത്”– ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.