സ്വവര്‍ഗാനുരാഗം മാത്രമല്ല അത്തരം വിവാഹബന്ധങ്ങളും ലോകത്തിലെ സ്വീകാര്യമായ ബന്ധങ്ങളുടെ പട്ടികയിലേക്ക് പതുക്കെ നീങ്ങുമ്പോള്‍ ഈ വാര്‍ത്ത അതിനൊരു പുതിയ മാനം നല്‍കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ സ്വവര്‍ഗാനുരാഗിയായ വനിതാ മന്ത്രി പെന്നി വോങ് താന്‍ തന്റെ പ്രണയ പങ്കാളി സോഫി അലോവാഷിനെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ച് ഒന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കിട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ വോങ് ചുവന്ന വിവാഹ വസ്ത്രത്തിൽ അവരുടെയും അലോവാഷിൻ്റെയും ഫോട്ടോ പുറത്തുവിട്ടു. വോങ്ങും അലോവാഷും ഏകദേശം രണ്ട് പതിറ്റാണ്ടായി ഒരുമിച്ചാണ്. 2017-ൽ ഓസ്‌ട്രേലിയയിൽ സ്വവർഗ്ഗവിവാഹം നിയമവിധേയമായി.
ശനിയാഴ്ച സൗത്ത് ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ അഡ്‌ലെയ്ഡിലെ ഒരു വൈനറിയിൽ വെച്ചായിരുന്നു വിവാഹം എന്ന് ദി സിഡ്‌നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. വോങ് സെനറ്റിൽ സൗത്ത് ഓസ്‌ട്രേലിയ സംസ്ഥാനത്തെയാണ് പ്രതിനിധീകരിക്കുന്നത് . 2002 മുതൽ ലേബർ സെനറ്ററായ വോങ് ഓസ്‌ട്രേലിയൻ കാബിനറ്റ് പദവി വഹിക്കുന്ന ആദ്യ ഏഷ്യൻ വംശജയാണ്.
കഴിഞ്ഞ മാസം ആദ്യം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസും തൻ്റെ പങ്കാളി ജോഡി ഹെയ്‌ഡനുമായുള്ള വിവാഹനിശ്ചയം പ്രഖ്യാപിച്ചിരുന്നു. ഭാര്യ കാർമൽ ടെബ്ബട്ടുമായുള്ള ബന്ധം അവസാനിപ്പിച്ച് നാല് വർഷത്തിനു ശേഷമാണ് ആൻ്റണി അൽബനീസ് തന്റെ സ്വവർഗ പങ്കാളിയുമായുള്ള വിവാഹം പ്രഖ്യാപിച്ചത്.
ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പ് സുപ്രീംകോടതി വര്‍ഷങ്ങള്‍ക്കു മുമ്പ് എടുത്തു മാറ്റിയത് വലിയ മാറ്റത്തിന് നാന്ദി കുറിക്കുന്ന വിധിയായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വവര്‍ഗ വിവാഹത്തിന് ഇന്ത്യന്‍ പാര്‍ലമെന്റ് അനുമതി നല്‍കാതിരിക്കുകയാണ് ചെയ്തിരിക്കുന്നത്. സ്വവര്‍ഗാനുരാഗവും വിവാഹ ജീവിതവും അടുത്ത കാലത്ത് മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു- ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ എന്ന സിനിമിയിലൂടെ.