ഏകീകൃത സിവില്‍ കോഡിന്റെ ദിശയില്‍ അസം മന്ത്രിസഭയുടെ നിര്‍ണായക തീരുമാനം. നിലവിൽ മുസ്ലീം സമുദായത്തിന് പ്രത്യേകമായി പ്രാബല്യത്തിലുള്ള വിവാഹ രജിസ്‌ട്രേഷന്‍, വിവാഹമോചന നിയമങ്ങള്‍ റദ്ദാക്കപ്പെട്ടിരിക്കുന്നു.
സംസ്ഥാനത്ത് താമസിക്കുന്ന മുസ്ലീങ്ങളുടെ വിവാഹവും വിവാഹമോചനവും രജിസ്റ്റർ ചെയ്യുന്ന 89 വർഷം പഴക്കമുള്ള നിയമം റദ്ദാക്കാൻ അസം മന്ത്രിസഭ വെള്ളിയാഴ്ച തീരുമാനിച്ചു. അസമിൽ ഇനി മുസ്ലീം വിവാഹങ്ങളും വിവാഹമോചനങ്ങളും ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ കഴിയില്ല
അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് നമ്മുടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1935ലെ അസം മുസ്‌ലിം വിവാഹ, വിവാഹമോചന രജിസ്‌ട്രേഷൻ നിയമം പിൻവലിക്കാൻ തീരുമാനിച്ചുകൊണ്ട് ആ ദിശയിൽ ഞങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തിരിക്കുന്നു”– ടൂറിസം മന്ത്രി ജയന്ത മല്ല ബറുവ അറിയിച്ചു.

“അനുവദനീയമായ പ്രായത്തിൽ താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹം രജിസ്റ്റർ ചെയ്യാൻ ഈ നിയമനിർമ്മാണം ഉപയോഗിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ഇത്തരം ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള വലിയ ചുവടുവയ്പായിരിക്കും ഇന്നത്തെ നടപടിയെന്ന് ഞങ്ങൾ കരുതുന്നു”– മന്ത്രി പറഞ്ഞു.
മുസ്ലീം വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റർ ചെയ്യാൻ അസമിൽ നിലവിൽ 94 അംഗീകൃത വ്യക്തികളുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ മന്ത്രിസഭാ തീരുമാനത്തോടെ, ജില്ലാ അധികാരികൾ ഇതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതിന് ശേഷം അവരുടെ അധികാരം ഇല്ലാതാകും.
“വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റർ ചെയ്തുകൊണ്ട് ഈ വ്യക്തികൾ ഉപജീവനമാർഗം കണ്ടെത്തുന്നതിനാൽ, അവർക്ക് ഒറ്റത്തവണ നഷ്ടപരിഹാരമായി 2 ലക്ഷം രൂപ വീതം നൽകാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു “– ബറുവ പറഞ്ഞു.