ഈ മാസം 28-ന് പുറത്തിറങ്ങാന്‍ പോകുന്ന, മലയാളികള്‍ പ്രത്യേകിച്ച് കാത്തിരിക്കുന്ന സിനിമ ആടുജീവിതത്തില്‍ നായക കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരന്‍ സിനിമയിലെ തന്റെ മൂന്ന് അവസ്ഥകള്‍ വെളിപ്പെടുത്തുന്ന ഫോട്ടോകളുടെ പോസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം കടന്നു പോയ മൂന്ന് അവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന മുഖങ്ങളാണ് ഈ പോസ്റ്ററില്‍ ഉള്ളത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനും അധ്വാനത്തിനും ശേഷമാണ് പ്രശസ്ത എഴുത്തുകാരന്‍ ബന്യാമിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ ആടുജീവിതം തിയേറ്ററിലെത്തുന്നത്. ബ്ലെസിയാണ് സംവിധായകന്‍.
സൗദി അറേബ്യൻ മരുഭൂമിയിൽ കന്നുകാലികളെ മേയ്‌ക്കുന്നതിനിടെ കോഴിക്കോട് ജില്ലക്കാരനായ കുടിയേറ്റ തൊഴിലാളി നജീബ് അഹമ്മദിൻ്റെ യഥാർത്ഥ ജീവിതത്തിലെ നരകയാതനയാണ് ബെന്യാമിൻ നോവലിൽ ആവിഷ്കരിച്ചത്. നജീബിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് പൃഥ്വി ആണ്. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് എന്നാണ് പൃഥ്വിരാജ് സുകുമാരന്‍ നജീബിന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. സുകുമാരൻ നജീബായി അഭിനയിച്ചതിന് പുറമേ, അമല പോളും ഹെയ്തിയൻ നടൻ ജിമ്മി ജീൻ ലൂയിസും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.
2008ൽ ബ്ലെസ്സി വിഭാവനം ചെയ്‌ത ചിത്രം പല കടമ്പകൾ കടന്ന് 2018ൽ ജോർദാനിലെ വാദി റമിൽ ഷൂട്ട് ആരംഭിച്ചു. എന്നാൽ പിന്നീട് കോവിഡ് മഹാമാരിയിൽ പെട്ട് ഷൂട്ടിങ് മുടങ്ങി. തികച്ചും അപ്രതീക്ഷിതമായ പല സാഹചര്യങ്ങളും വന്നു. എന്നാൽ സംവിധായകനും ടീമും നിർമാതാക്കളും ഉറച്ചുനിന്നു. അഞ്ചു വർഷം കഴിഞ്ഞാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്.