തന്റെ ബിജെപി പ്രവേശനത്തെക്കുറിച്ച് ഒഴിഞ്ഞു മാറിയെങ്കിലും നടി ശോഭന തുടര്‍ച്ചയായി ബിജെപി പരിപാടികളില്‍ പങ്കെടുത്ത് തന്റെ പക്ഷം വ്യക്തമാക്കി.
തിരുവനന്തപുരത്തെ എന്‍.ഡി.എ. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ശോഭന സജീവ രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യം നിഷേധിച്ചില്ല. ആദ്യം മലയാളം പഠിക്കട്ടെയെന്നും പിന്നീടാവാം ബാക്കിയെന്നും പറഞ്ഞൊഴിഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ഇന്ന് നെയ്യാറ്റിന്‍കരയിലെ റോഡ് ഷോയില്‍ ശോഭന പങ്കെടുക്കുന്നുണ്ട്. നാളെ പ്രധാനമന്ത്രിയുടെ തൃശൂരിലെ റാലിയിലും പങ്കെടുക്കും.
ഏതാനും മാസം മുൻപ് തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച സ്ത്രീ ശക്തി പരിപാടിയിലും പ്രധാനമന്ത്രിയൊടൊപ്പം ശോഭന പങ്കെടുത്തിരുന്നു. ഇതോടെ ശോഭന ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാൽ നടി ഒന്നും പ്രതികരിച്ചില്ല.
എന്നാല്‍ ശോഭന ബിജെപിയിലേക്ക് പോകുന്നത് കലാസ്വാദകരെ വഞ്ചിച്ചുകൊണ്ടാകരുതെന്ന അഭിപ്രായം ഉയര്‍ന്നു വരികയുണ്ടായി. ബിജെപിയില്‍ ചേരാതെ നിഷ്പക്ഷനാട്യവുമായി ബിജെപി നേതൃത്വത്തില്‍ സംഘടപിപ്പിക്കുന്ന വേദികളില്‍ എത്തുന്നത് ശോഭനയുടെ വ്യക്തിത്വം ഇഷ്ടപ്പെടുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാകുന്നു എന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ഇതിനോടെല്ലാം ശോഭന പോസിറ്റീവ് ആയാണ് അന്ന് പ്രതികരിച്ചിരുന്നത്. ഇതോടെ ഇടതു സാംസ്‌കാരിക പക്ഷത്തു നിന്നും ശോഭനയെ അനുകൂലിക്കുന്ന പ്രതികരണങ്ങളും പുറത്തുവന്നിരുന്നു.