പശ്ചിമ ബംഗാളില്‍ സി.പി.എം-കോണ്‍ഗ്രസ്-ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് തിരഞ്ഞെടുപ്പു സഖ്യത്തിലെ സീറ്റ് പങ്കിടല്‍ ഏതാണ്ട് അന്തിമരൂപത്തിലേക്ക്. എന്നാല്‍ ഇടതു പക്ഷത്തെ ചില അഭിപ്രായവ്യത്യാസങ്ങളാണ് പരിഹരിക്കപ്പെടാതിരിക്കുന്നത്.
മുതിര്‍ന്ന സിപിഎം നേതാവ് മുഹമ്മദ് സലിം ചൊവ്വാഴ്ച ഡെല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ധാരണയിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മും കോണ്‍ഗ്രസും ഐ.എസ്.എഫും സഖ്യത്തിലായാണ് മല്‍സരിച്ചത്. എന്നാല്‍ ഒരു സീറ്റ് പോലും സിപിഎമ്മിന് ജയിക്കാനായില്ല.
സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളില്‍ 12 എണ്ണം തങ്ങള്‍ക്ക് കിട്ടണമെന്ന ഡിമാന്‍ഡായിരുന്നു കോണ്‍ഗ്രസിന്. പത്തെണ്ണം നല്‍കാമെന്ന് ഇടതുപക്ഷ കക്ഷികളുടെ സഖ്യം പറഞ്ഞു. എന്നാല്‍ 12 സീറ്റ് എന്ന ആവശ്യം ഒടുവില്‍ സമ്മതിക്കേണ്ടി വന്നു. കോണ്‍ഗ്രസ് ഇതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്.
സിപിഎം, സി.പി.ഐ., റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് (എഐഎഫ്ബി) എന്നിവ ഉൾപ്പെടുന്നതാണ് ബംഗാൾ ഇടതു പക്ഷം.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം കാത്തിരുന്ന് മടുത്ത ഇടതുപക്ഷം അവസാനം തങ്ങളുടെ 17 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കയാണ്. ഏഴ് പേരെക്കൂടി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പാര്‍ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.
ആറ് മണ്ഡലങ്ങളിൽ മത്സരിക്കാൻ ഐഎസ്എഫ് ധാരണയായതായാണ് റിപ്പോർട്ട്. പാർട്ടി നേതാവ് നൗഷാദ് സിദ്ദിഖി തൃണമൂല്‍ എം.പി. അഭിഷേക് ബാനര്‍ജിക്കെതിരെ മല്‍സരിക്കും. ഐഎസ്എഫ് ആദ്യം 14 സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും എട്ടിൽ ഒതുങ്ങാമെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ബികാഷ് ഭട്ടാചാര്യ, സലിം, ബിമൻ ബോസ് എന്നിവരുൾപ്പെടെയുള്ള പാർട്ടിയുടെ ഉന്നത നേതൃത്വം ഐഎസ്എഫ് നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് അന്തിമ ധാരണയായത്.
എന്നാല്‍ ഇടതുപക്ഷത്ത് മണ്ഡലങ്ങള്‍ സംബന്ധിച്ച് അസ്വാരസ്യങ്ങള്‍ തുടരുന്നു. ഫോര്‍വേഡ് ബ്ലോക്ക് അവകാശവാദം ഉന്നയിച്ചിരിക്കുന്ന പുരുളിയ തങ്ങള്‍ക്ക് തന്നെ വേണമെന്നാണ് സി.പി.എം. പറയുന്നത്. അവിടെ തങ്ങള്‍ക്ക് നല്ല ശക്തിയുണ്ടെന്നും പാര്‍ടി അവകാശപ്പെടുന്നു. 1977 മുതല്‍ 2014-ല്‍ തൃണമൂലിനോട് തോല്‍ക്കുന്നതു വരെ സിപിഎം കുത്തക മണ്ഡലമായിരുന്നു പുരുളിയ. ഇപ്പോള്‍ ബിജെപിയുടെ ജ്യോതിര്‍മയ് സിങ് മഹാതോ ആണ് പുരുളിയയുടെ എം.പി.
എന്നാൽ പുരുലിയ, കൂച്ച് ബെഹാർ, ബരാസത്ത് എന്നീ മൂന്ന് പരമ്പരാഗത സീറ്റുകളിൽ ഒന്നിൽ നിന്നും തൻ്റെ പാർട്ടി പിന്മാറില്ലെന്ന് ഫോർവേഡ് ബ്ലോക്ക് നേതാവ് നരേൻ ചാറ്റർജി വ്യക്തമാക്കി. മൂന്ന് സീറ്റുകളിൽ ഒന്നും കോൺഗ്രസിനോ ഐഎസ്എഫിനോ നൽകില്ലെന്ന് ഇടതുമുന്നണി യോഗത്തിൽ തങ്ങൾ നേരത്തെ തന്നെ അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ജാദവ്പൂരിലും മുർഷിദാബാദിലും സിപിഎം സ്ഥാനാർഥികളെ നിർത്താൻ ഐഎസ്എഫ് സമ്മതിക്കുമെന്നാണ് സിപിമ്മിന്റെ പ്രതീക്ഷ. സിപിഐ എമ്മിന് വിട്ടുനൽകാൻ സിപിഐക്ക് താൽപ്പര്യമില്ലാത്തതിനാൽ ഇടതുപക്ഷത്തിനുള്ളിൽ തർക്കമായി ഉയർന്നുവരുന്ന സീറ്റാണ് ബസിർഹത്ത്.