ജാർഖണ്ഡ് മുക്തി മോർച്ചയുടെ എംഎൽഎയും പാർട്ടി അധ്യക്ഷൻ ഷിബു സോറൻ്റെ മരുമകളുമായ സീത സോറൻ ചൊവ്വാഴ്ച പാർട്ടിയിൽ നിന്ന് രാജിവച്ചു ബിജെപിയിൽ ചേർന്നു. ജെഎംഎമ്മിൻ്റെ സെൻട്രൽ ജനറൽ സെക്രട്ടറി കൂടിയായ സീത താൻ തുടർച്ചയായി അവഗണന നേരിട്ടുവെന്ന് ഷിബു സോറന് കത്തെഴുതിയാണ് രാജി വെച്ചത്.
ഇ.ഡി. അറസ്റ്റു ചെയ്ത മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജി വെക്കുമ്പോള്‍ പകരം ഹേമന്ത് സോറൻ്റെ ഭാര്യ കൽപ്പന സോറനെ മുഖ്യമന്ത്രിയാക്കാന്‍ പരിഗണിച്ചതില്‍ സീതയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. കല്‍പന മുഖ്യമന്ത്രിയാകുന്നതിനെതിരെ ഇവര്‍ രംഗത്തു വന്നു. ഇതേത്തുടര്‍ന്നാണ് ഈ നീക്കം ഉപേക്ഷിച്ചത്.
“ജാർഖണ്ഡ് പ്രസ്ഥാനത്തിൻ്റെ മുൻനിര പോരാളിയും മഹാനായ വിപ്ലവകാരിയുമായിരുന്ന എൻ്റെ പരേതനായ ഭർത്താവ് ദുർഗ സോറൻ്റെ വിയോഗം മുതൽ ഞാനും എൻ്റെ കുടുംബവും തുടർച്ചയായ അവഗണനയുടെ ഇരകളാണ്. പാർട്ടിയും കുടുംബാംഗങ്ങളും ഞങ്ങളെ ഒറ്റപ്പെടുത്തി. ഇത് എന്നെ വളരെയധികം വേദനിപ്പിച്ചു. കാലക്രമേണ സ്ഥിതി മെച്ചപ്പെടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷേ നിർഭാഗ്യവശാൽ അത് സംഭവിച്ചില്ല. എനിക്കും എൻ്റെ കുടുംബത്തിനുമെതിരെ ആഴത്തിലുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അടുത്തിടെയാണ് ഞാൻ മനസ്സിലാക്കിയത്. ഞാൻ വളരെ ദുഃഖിതയാണ്”– സീത എഴുതി.
ഷിബു സോറൻ പ്രതിയായിരുന്ന കേസിൽ 1998-ലെ വിധി സുപ്രീം കോടതി അസാധുവാക്കിയതിന് ദിവസങ്ങൾക്ക് ശേഷമാണ് സീതയുടെ രാജി. 2012ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് സീതക്കെതിരെയുള്ള ആരോപണം .