സിപിഎം പ്രവര്‍ത്തകന്‍ കൂടിയായ മകനെ തിരുത്തി കലാമണ്ഡലം ഗോപി. തല്‍ക്കാല വികാര ക്ഷോഭത്തില്‍ മകന്‍ പറഞ്ഞത് കണക്കാക്കേണ്ടതില്ലെന്നും സുരേഷ് ഗോപിക്ക് തന്നെ വന്ന് കാണാന്‍ സ്വാഗതമെന്നും ആദ്യം ഫേസ്ബുക്ക് കുറിപ്പിലൂടെയും പിന്നീട് മാധ്യമപ്രവര്‍ത്തകരോടും ഗോപിയാശാന്‍ പറഞ്ഞു. പത്മ പുരസ്‌കാരമൊക്കെ വേണ്ടേ അതിനാല്‍ സുരേഷ്‌ഗോപി അനുഗ്രഹത്തിനു വരുന്നത് നല്ലതല്ലേ എന്ന ഒരു ഡോക്ടറുടെ ചോദ്യം ശരിയല്ലാതിരുന്നതിനാലാണ് താനും മകനും ആദ്യം പ്രതികരിച്ചതെന്നും സോക്ടറുടെ പേര് തനിക്ക് അറിയില്ലെന്നും ഗോപി പറഞ്ഞു. സുരേഷ് ഗോപി ഏല്‍പിച്ചിട്ടല്ല ഡോക്ടര്‍ തന്നോട് ഇങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാക്കുന്നു. സുരേഷ്‌ഗോപിക്ക് ഇതില്‍ പങ്കില്ലായിരിക്കാം. പക്ഷേ അദ്ദേഹം വരുന്നതിനെ പത്മ പുരസ്‌കാരവുമായി ബന്ധപ്പെടുത്തിയത് ശരിയല്ല. ഇതാണ് കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിന് കാരണം.-ഗോപിയാശാന്‍ പ്രതികരിച്ചു.
‘സാധാരണ ഞാന്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ സ്പീക്കറിലിട്ടാണ് വര്‍ത്തമാനം പറയാറ്. ഡോക്ടറുമയി കഴിഞ്ഞ ദിവസം സംസാരിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞ കാര്യം മകന്‍ കേട്ടു. അവന് അത് ഇഷ്ടമായില്ല. തന്റെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി പിന്നെ മകനാണ് സംസാരിച്ചത്. മകന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടതും അതിനെത്തുടര്‍ന്നായിരുന്നു.’-ഗോപി പറഞ്ഞു. സുരേഷ് ഗോപിക്ക് തന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടേയും അനുവാദം ആവശ്യമില്ലെന്നും, എന്നും എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നുമാണ് കലാമണ്ഡലം ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. തന്നെ സ്നേഹിക്കുന്ന ആർക്കുവേണമെങ്കിലും എപ്പോഴും തന്നെ കാണാൻ വരാമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയെ കലാമണ്ഡലം ഗോപി അനുഗ്രഹിക്കണമെന്ന് പ്രശസ്തനായ ഡോക്ടർ ആവശ്യപ്പെട്ടുവെന്ന മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഗോപിയാശാനെ കാണാനായി ആരെയും ചുമതല ഏൽപ്പിച്ചിട്ടില്ലെന്നും അനുഗ്രഹം തേടാനായില്ലെങ്കിൽ ഗുരുവായൂരിൽ പോയി മാനസപൂജ ചെയ്യാമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. തുടർന്ന് വിവാദമായതോടെ ഗോപിയാശാന്റെ മകൻ രഘു കുറിപ്പ് പിൻവലിച്ചു.
അച്ഛന് മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്ടറാണ് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് പറഞ്ഞ് വിളിച്ചത്. വരേണ്ടെന്ന് പിന്നീട് ഡോക്ടറെ വിളിച്ചുപറഞ്ഞു. മകന്റെ കുറിപ്പ് വൻ ചർച്ചയായതോടെ, സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്ന് പറയാനായി മാത്രമാണിങ്ങനെ കുറിപ്പ് ഇട്ടതെന്നും ചർച്ച അവസാനിപ്പിക്കണമെന്നും പറഞ്ഞ മകൻ തന്റെ കുറിപ്പ് പിൻവലിച്ചു.