നിയമസഭയുടെ കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ രൂക്ഷമായ വാക്പോര്. ഫിബ്രുവരി ഒമ്പതിലെ നിയമസഭാസമ്മേളനം മാറ്റി വയ്ക്കുന്നതിനെക്കുറിച്ചാണ് ഇരുവരും തമ്മിൽ തർക്കമായത്.
കെപിസിസിയുടെ നേതൃത്വത്തിൽ ‘സമരാഗ്നി’ എന്ന സംസ്ഥാന പ്രചാരണ ജാഥ ഒമ്പതിന് സംഘടിപ്പിക്കുന്നതിനാൽ ആ ദിവസത്തെ നിയമസഭാസമ്മേളനം മാറ്റിവയ്ക്കാൻ മുൻപ് തന്നെ വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. പ്രധാനപ്പെട്ട പരിപാടികൾ നടത്തുമ്പോൾ സഭാ പരിപാടികൾ മാറ്റിവയ്ക്കുന്ന കീഴവഴക്കമുണ്ടെന്നും സർക്കാർ പക്ഷെ ഇങ്ങനെയുളള കാര്യങ്ങൾക്കൊന്നിനും സഹകരിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.

ഇതിന് പ്രതികരണമായി, ‘നിങ്ങളും നല്ല സഹകരണം ആണല്ലോ, അമ്മാതിരി വർത്തമാനം വേണ്ട’ എന്ന് പിണറായി വിജയനും മറുപടി നൽകി. ഇതോടെ വിഡി സതീശനും തക്ക മറുപടി കൊടുത്തു. ‘ഇമ്മാതിരി വർത്തമാനം ഇങ്ങോട്ടും വേണ്ട’ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ഇരുവരുടെയും പ്രതികരണങ്ങൾക്ക് പിന്നാലെ പ്രതിപക്ഷം കാര്യോപദേശക സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിനു ശേഷം തുടര്‍ന്ന യോഗത്തില്‍ നിയമസഭാസമ്മേളനം വെട്ടിച്ചരുക്കി ഫിബ്രവരി 15 വരെയാക്കാന്‍ തീരുമാനിച്ചു. നേരത്തെ മാര്‍ച്ച് 20 വരെയെന്നായിരുന്നു തീരുമാനിച്ചിരുന്നത്.
ഫലത്തില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആവശ്യം അംഗീകരിച്ചുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. എന്നാല്‍ യോഗത്തിലെ അപ്രതീക്ഷിത പ്രകോപനങ്ങള്‍ ഒരു തര്‍ക്കത്തിന് തീ കൊളുത്തുകയായിരുന്നു.