ഹിമാചൽ പ്രദേശിൽ നിന്നുള്ള ആറ് കോൺഗ്രസ് വിമത നേതാക്കൾക്ക് കനത്ത തിരിച്ചടിയായി, അവരെ എംഎൽഎമാരായി അയോഗ്യരാക്കിയ സ്പീക്കറുടെ തീരുമാനം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി തിങ്കളാഴ്ച വിസമ്മതിച്ചു. ഹിമാചൽ പ്രദേശ് നിയമസഭാ നടപടികളിൽ പങ്കെടുക്കാനും വോട്ടുചെയ്യാനുമുള്ള അനുമതിയും സുപ്രീം കോടതി നിഷേധിച്ചു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) അയോഗ്യതയെത്തുടർന്ന് അവർ ഒഴിഞ്ഞ നിയമസഭാ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് കോടതി തീരുമാനം. ഇന്നാണ് സുപ്രീം കോടതി അയോഗ്യരായ എംഎൽഎ മാർ ഫയൽ ചെയ്ത പരിഗണിച്ചത്.
മൂന്ന് സ്വതന്ത്ര എംഎൽഎമാർക്കും 3 ബിജെപി എംഎൽഎമാർക്കുമൊപ്പം ഉത്തരാഖണ്ഡിലെ ഋഷികേശിൽ ക്യാമ്പ് ചെയ്യുകയായിരുന്നു വിമത കോൺഗ്രസ് നേതാക്കൾ.
സുധീർ ശർമ (ധരംശാല), രവി താക്കൂർ (ലഹൗൾ-സ്പിതി), രജീന്ദർ റാണ (സുജൻപൂർ), ഇന്ദർ ദത്ത് ലഖൻപാൽ (ബാർസാർ), ചൈതന്യ ശർമ (ഗാഗ്രെറ്റ്), ദേവീന്ദർ കുമാർ ( കുത്ലേഹാർ) എന്നിവരാണ് ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചത് . ഇക്കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇവർ വിപ് ലംഘിച്ച് ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു.
ഇതോടെ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി അഭിഷേക് മനു സിംഗ്‌വിയുടെ നാണംകെട്ട തോൽവി സംഭവിച്ചു. ഹിമാചൽ പ്രദേശിലെ കോൺഗ്രസ് ഘടകത്തിൽ പടർന്നുകയറുന്ന വിഭാഗീയതയും മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിനെതിരായ അതൃപ്തിയും ഇതോടെ വെളിപ്പെടുകയും ചെയ്തു.
ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജന് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരെ കോൺഗ്രസ് നിയമ സഭാ കക്ഷി നേതാവിന്റെ കത്തിനെ തുടർന്ന് ഹിമാചൽ പ്രദേശ് നിയമസഭാ സ്പീക്കർ കുൽദീപ് സിംഗ് പതാനിയ അയോഗ്യരാക്കുകയും ചെയ്തു. സർക്കാരിനെതിരായ ബിജെപിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെടാൻ ഈ നടപടി സഹായകമായെങ്കിലും വിമതർ കോടതിയെ സമീപിക്കുകയായിരുന്നു.