വീട്ടുവോട്ട് സംവിധാനത്തില്‍ കല്യാശ്ശേരിയില്‍ വോട്ടു ചെയ്യാന്‍ വയോധികയെ പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് സിപിഎം ബൂത്ത് ഏജന്റ് ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസെടുത്തപ്പോള്‍ അതിലും ഗുരുതരമായ ക്രമക്കേടിനക്കുറിച്ച് പരാതിയുമായി ഇടതുമുന്നണി. വീട്ടില്‍ വോട്ട് ചെയ്യേണ്ട ആളെ തന്നെ മാറ്റി, തിരഞ്ഞെടുപ്പുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് മറ്റൊരു വയോധികയെക്കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടു ചെയ്യിച്ചതായാണ് കണ്ണൂര്‍ ഇടതുമുന്നണി മണ്ഡലം സെക്രട്ടറി എന്‍.ചന്ദ്രന്‍ ജില്ലാ വരണാധികാരിക്ക് പരാതി നല്‍കിയത്.
കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 70-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. കിഴുത്തള്ളി ബികെപി അപ്പാര്‍ട്ടുമെന്റിലെ 86 വയസ്സുള്ള കെ.കമലാക്ഷിയുടെ വോട്ടാണ് ആള്‍മാറാട്ടം നടത്തി അതേ ബൂത്തിലെ താഴെച്ചൊവ്വ ബണ്ടുപാലം കൃഷ്ണകൃപയില്‍ വി.കമലാക്ഷയെക്കൊണ്ട് ചെയ്യിച്ചത്.
യഥാര്‍ഥ വോട്ടറുടെ അടുത്ത് പോകാതെ അപരയെക്കൊണ്ട് വോട്ട് ചെയ്യിച്ചത് ബി.എല്‍.ഒ. കെ.ഗീതയുടെ അറിവോടെയാണെന്നാണ് പരാതി. ഇവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. ആളുമാറി വോട്ടു ചെയ്ത കമലാക്ഷിക്ക് 83 വയസ്സുമാത്രമേയുള്ളൂവെന്നും ഇടതുമുന്നണിയുടെ പരാതിയില്‍ പറയുന്നു. ഇവര്‍ക്ക് വീട്ടില്‍വോട്ട് സംവിധാനത്തില്‍ വോട്ടു ചെയ്യാന്‍ അര്‍ഹതയില്ലാത്തയാളാണ്.
വീട്ടുവോട്ട് സംവിധാനം വ്യാപകമായി ദുരപയോഗപ്പെടുത്തുന്നുണ്ടെന്ന സംശയത്തിലേക്ക് നയിക്കുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്. അതാത് രാഷ്ട്രീയപാര്‍ടികള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ എല്ലാവരും ഇത്തരം ക്രമക്കേടിനായി ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നുണ്ട്. രാഷ്ട്രീയപക്ഷപാതിത്വമുള്ള ഉദ്യോഗസ്ഥരുടെ സഹായവും ഇത്തരം ക്രമക്കേടിന് വെളിച്ചം തെളിക്കുന്നുമുണ്ട്. മുന്‍പ് ബൂത്തിലെത്തിച്ച് നടത്തിയിരുന്ന വോട്ടിങ് സൗകര്യം പ്രമാണിച്ച് വീട്ടിലാക്കിയപ്പോള്‍ മറ്റൊരു തരത്തില്‍ അതും ക്രമേക്കടിലേക്കാണ് നയിക്കുന്നത്. ഇത് എല്ലാ രാഷ്ട്രീയപാര്‍ടികള്‍ക്കും വലിയ വിമര്‍ശനമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.
കല്യാശ്ശേരിയിലെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയാണ് അവിടെ നടന്ന സംഭവങ്ങളുടെ തെളിവ് നല്‍കിയത്. ഇത് ആരും പ്രതീക്ഷിച്ചിരുന്നില്ല. മാത്രമല്ല ബിജെപി അനുഭാവമുള്ള ബന്ധുക്കളാണ് വിവരം എന്‍.ഡി.എ. ഭാരവാഹികളെ അറിയിക്കുന്നതും അവര്‍ പരാതി നല്‍കുന്നതും.