ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ എണ്ണം ലോക്‌സഭാ സീറ്റുകളില്‍ മല്‍സരത്തിനൊരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസ്. തങ്ങളുടെ വല്യേട്ടന്‍ ഭാവമെല്ലാം ഉപേക്ഷിച്ച നീക്കമാണിപ്പോള്‍ കോണ്‍ഗ്രസ് നടത്തുന്നത് എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കാണാം. കേരളത്തില്‍ മാത്രമാണ് ഇതിന് ഒരു അപവാദമായി പറയാവുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് മികച്ച ശക്തിയാണെന്നതു തന്നെയാണ് അതിനു കാരണവും.
നേരത്തെ കോണ്‍ഗ്രസ് തുടങ്ങിവെച്ചിരുന്ന എല്ലാ അവകാശവാദങ്ങളും താഴ്ത്തിവെച്ച് ഇന്ത്യ മുന്നണിയിലെ ഇടഞ്ഞു നില്‍ക്കുന്ന എല്ലാ കക്ഷികളുമായും പരമാവധി താഴ്ന്നു കൊടുത്തുള്ള സീറ്റ് വിഭജന ചര്‍ച്ചകളാണ് കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സമീപനം വിജയം കണ്ടു തുടങ്ങിയിരിക്കുന്നു എന്നാണ് യു.പി., ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള സൂചനകള്‍.
പ്രതിപക്ഷ സഖ്യത്തിനു വേണ്ടിയുള്ള കോണ്‍ഗ്രസ് വിട്ടുവീഴ്ചകളില്‍ ഏറ്റവും പ്രധാനമായ മൂന്നു സംഭവങ്ങളില്‍ രണ്ടെണ്ണം നടന്നു കഴിഞ്ഞു- യു.പിയില്‍ എസ്.പി.യുമായും ഡെല്‍ഹിയില്‍ ആം ആദ്മിയുമായും ഉള്ള സീറ്റ് തര്‍ക്കങ്ങള്‍ അസാമാന്യമായ ക്ഷമാശീലത്തോടെയാണ് നാടകീയമായി പരിഹരിച്ചത്. ഈ രണ്ട് കക്ഷികളുമായുള്ള ചര്‍ച്ചകള്‍ ഏതാണ്ട് തല്ലിപ്പിരിഞ്ഞുവെന്ന് തോന്നിക്കുന്ന സംഭവങ്ങള്‍ ഉണ്ടായതിനു ശേഷം പെട്ടെന്ന് സമാജ് വാദി പാര്‍ടിയുടെ നിര്‍ദ്ദേശത്തിന് കോണ്‍ഗ്രസ് സമ്മതിച്ചുകൊണ്ട് യു.പി.യില്‍ വലിയൊരു നീക്കമാണ് പാര്‍ടി നടത്തിയത്.
80 സീറ്റുള്ള യു.പിയില്‍ 17 സീറ്റ് മാത്രമേ തരാന്‍ സാധിക്കൂ എന്ന് സമാജ് വാദി പാര്‍ടി പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് അത് തള്ളിക്കളഞ്ഞതായിരുന്നു. 18 സീറ്റെങ്കിലും വേണമെന്ന് അവര്‍ ശാഠ്യം പിടിച്ചു. എന്നാല്‍ എസ്.പി. സമ്മതിച്ചില്ല. ഇതോടെ സീറ്റ് ചര്‍ച്ച അവസാനിച്ചതായ തോന്നലുണ്ടായി. ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ ക്ഷണിച്ചിട്ടും അഖിലേഷ് പങ്കെടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ നാടകീയമായി കഴിഞ്ഞ ദിവസം പെട്ടെന്ന് സീറ്റ് ചര്‍ച്ച വിജയകരമായി പര്യവസാനിച്ചു-കോണ്‍ഗ്രസ് 17 സീറ്റിന് സമ്മതം കാട്ടി. ഇതോടെ യു.പിയില്‍ കോണ്‍ഗ്രസ്-എസ്.പി. സഖ്യം ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനും വഴിയൊരുങ്ങി.
ആം ആദ്മിയുമായും അലസിപ്പിരിഞ്ഞ മാതിരിയായിരുന്നു ചര്‍ച്ച. ഡെല്‍ഹിയില്‍ ഒരു സീറ്റ് വേണമെങ്കില്‍ എടുത്തോ എന്ന മട്ടിലായിരുന്നു ആം ആദ്മി. കോണ്‍ഗ്രസ് ഇത് അംഗീകരിക്കാതിരുന്നതിനാല്‍ സഖ്യം ഏകദേശം ഇല്ലാതായി എന്ന തോന്നല്‍ വന്ന ഘട്ടത്തിലാണ് ഇപ്പോള്‍ വീണ്ടും ഉറപ്പായും സഖ്യം ഉണ്ടാവും എന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. പരമാവധി വിട്ടുവീഴ്ച ചെയ്ത് ആം ആദ്മി വാഗ്ദാനം ചെയ്യുന്ന ഒരു സീറ്റ് സമ്മതിച്ച് സഖ്യമുറപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
ഇതേ പോലെയാണ് ഇടഞ്ഞു നില്‍ക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സിനോടും കോണ്‍ഗ്രസ് ഇപ്പോള്‍ കാണിക്കുന്ന മൃദുസമീപനം. കോണ്‍ഗ്രസിനോട് ഫാറൂഖ് അബ്ദുള്ള പരസ്യമായി മുഖം കറുപ്പിച്ചതോടെ ചര്‍ച്ച വഴിമുട്ടിയെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും സമവായത്തിലേക്ക് എത്താനുളള മൃദുസ്വരവുമായി കോണ്‍ഗ്രസ് രംഗത്തുണ്ട്.
അത്ഭുതം എന്നു പറയാവുന്ന മൂന്നാമത്തെ സംഭവം ബംഗാളിലാണ് സംഭവിക്കാന്‍ പോകുന്നത്. കീരിയും പാമ്പും കണക്കേ പെരുമാറുകയും താന്‍ 40 സീറ്റിലും തനിച്ച് മുന്നോട്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയും ചെയ്തിരിക്കുന്ന മമതാ ബാനര്‍ജിയുമായി വീണ്ടും ചര്‍ച്ചയുടെ തലം തുറന്നിരിക്കയാണ് കോണ്‍ഗ്രസ്. സംസ്ഥാന നേതൃത്വത്തിന് മമതയെ ഒരു തരത്തിലും അംഗീകരിക്കാനാവാത്ത അവസ്ഥയായിട്ടും ദേശീയ നേതൃത്വം തൃണമൂലുമായി സീറ്റ് ധാരണയിലെത്താന്‍ ശ്രമിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ സീറ്റ് ചര്‍ച്ച സജീവമായിരിക്കയാണ്. രണ്ടു സീറ്റാണ് തൃണമൂല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു സീറ്റ് കോണ്‍ഗ്രസിന്റെ നിലവിലുള്ള സീറ്റ് തന്നെയാണ്. ഇത് തൃണമൂല്‍ എന്തിന് വാഗ്ദാനം ചെയ്യണം എന്ന രീതിയിലാണ് സംസ്ഥാന നേതൃത്വം പ്രതികരിച്ചത്. എന്നാല്‍ പരമാവധി സംയമനം കാണിച്ച് തൃണമൂല്‍-കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.
സംസ്ഥാനത്ത് സിപിഎമ്മുമായാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ധാരണ ആഗ്രഹിക്കുന്നത്. അവര്‍ ഒരുമിച്ച് നീങ്ങുകയുമാണ്. എന്നാല്‍ കോണ്‍ഗ്രസ് ഇന്ത്യാ മുന്നണിയുടെ സ്വഭാവം കാത്തു സൂക്ഷിക്കാനുള്ള നീക്കത്തിലാണ്.
യു.പിയിലും മധ്യപ്രദേശിലും ബി.എസ്.പി.യുമായും കോണ്‍ഗ്രസ് പരമാവധി സൗഹാര്‍ദ്ദത്തിനു ശ്രമം നടക്കുന്നുണ്ട്. ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ബി.എസ്.പി.യെ പിണക്കാതെ ഒപ്പം നിര്‍ത്താനായി കോണ്‍ഗ്രസ് ചെയ്ത ഒരു വിട്ടു വീഴ്ചയുടെ കാര്യം നോക്കുക. ബി.എസ്.പി.യുടെ എം.പി. ഡാനിഷ് അലിയെ, രാഹുലിന്റെ യാത്രയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് മായാവതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അലി കോണ്‍ഗ്രസിലേക്ക് പോകുന്നു എന്ന തോന്നലും ഉണ്ടാക്കിയിരുന്നു. തന്റെ മണ്ഡലമായ അംരോഹിയില്‍ അലി വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനിരിക്കയാണ്. എന്നാല്‍ അലിയെ അംരോഹിയില്‍ നിന്നും മാറ്റി മല്‍സരിപ്പിച്ച് ബിഎസ്പിയെ പിണക്കാതിരിക്കാനുള്ള നീക്കം പോലും ഇപ്പോള്‍ കോണ്‍ഗ്രസില്‍ സജീവമാണ്. ഭാരത് ജോഡോ ന്യായ് യാത്ര അടുത്ത ദിവസം അംരോഹിയില്‍ എത്തുന്നുണ്ട്. ഡാനിഷ് അലി യാത്രയെ സ്വീകരിക്കാനായി എല്ലാ ആഹ്വാനവും നടത്തിയിട്ടുമുണ്ട്.
ഇന്ത്യാ മുന്നണിയിലെ ഏകദേശം തെറ്റിപ്പിരിഞ്ഞതായി തോന്നിപ്പിച്ച എല്ലാ കക്ഷികളോടും കോണ്‍ഗ്രസ് ഇപ്പോള്‍ തങ്ങള്‍ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ടിയാണെന്ന അഹന്ത മാറ്റിവെച്ച്, തങ്ങളുടെ ആദ്യഘട്ടത്തിലെ സീറ്റ് അവകാശവാദമെല്ലാം മാറ്റിവെച്ച് സഖ്യം സാധ്യമാക്കി മുന്നോട്ടു നീങ്ങുന്ന കാഴ്ച പുതിയ അനുഭവമാണ്. ഇത്തവണ അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും കുറച്ച് സീറ്റില്‍ മാത്രമായിരിക്കും മല്‍സരിക്കുക. 453 സീറ്റുള്ള ലോക്‌സഭയില്‍ 150-ല്‍ താഴെ മാത്രം. 2019-ല്‍ കോണ്‍ഗ്രസ് നാനൂറിലധികം സീറ്റില്‍ മല്‍സരിച്ചിരുന്നു എന്നോര്‍ക്കുമ്പോഴാണ് ഇത്തവണത്തെ വിട്ടുവീഴ്ചയുടെ ആഴം മനസ്സിലാക്കാനാവുക.
ഇന്ത്യാ മുന്നണിയിലൂടെ ബിജെപിക്ക് മികച്ച എതിരാളികളെ നല്‍കുകയും ബിജെപി സഖ്യത്തെ പരാജയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തിനായി ഇപ്പോള്‍ ഏറ്റവും വലിയ തന്ത്രത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഇത്തവണ ഒരു ജീവന്‍മരണ പോരാട്ടമാണെന്ന തിരിച്ചറിവില്‍ അവര്‍ അവരുടെ പൂര്‍വ്വ കാല അഹന്തകളും അവകാശവാദങ്ങളും തല്‍ക്കാലും തട്ടുമ്പുറത്ത് സൂക്ഷിച്ച് ക്ഷമാപൂര്‍വ്വം ഒരു മുന്നേറ്റത്തിന് വഴിയൊരുക്കുകയാണെന്ന് തോന്നുന്നു.
പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസും ജമ്മുവിലെ നാഷണൽ കോൺഫറൻസും ഉൾപ്പെടെ എല്ലാ ഇന്ത്യൻ പങ്കാളികളുമായും സീറ്റ് പങ്കിടൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് ജയ് റാം രമേശ് പ്രസ്താവിച്ചത് കോൺഗ്രസിന്റെ പുതിയ സമീപനത്തിന്റെ പ്രഖ്യാപനമായി കാണാം.
കേരളത്തിലാവട്ടെ വ്യത്യസ്ത സമീപനമാണ് കോണ്‍ഗ്രസിന്. പ്രധാന സഖ്യകക്ഷിയായ മുസ്ലീംലീഗ് ആവശ്യപ്പെട്ട മൂന്നാമതൊരു സീറ്റ് ഇവിടെ നല്‍കാന്‍ കോണ്‍ഗ്രസ് സന്നദ്ധത കാട്ടിയിട്ടില്ല. രാജ്യസഭാസീറ്റ് എന്ന സാധ്യതാവാഗ്ദാനവും നടത്താന്‍ അവര്‍ തയ്യാറല്ല. കേരളം, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ മേധാവിത്വം പ്രകടമാണ്. അതേസമയം തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായി അതീവ രമ്യതയില്‍ പോകാനും പാര്‍ടി തയ്യാറാവുന്നു.