വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നത് വലിയ തമാശയാണ്. ഇന്നലെയും ഇന്നും ഇനി നാളെയും എത്രയോ ഉദ്യോഗാര്‍ഥികള്‍ നിലവില്‍ ഉള്ളതും ഇല്ലാത്തതുമായ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പല താല്‍ക്കാലിക ജോലികളിലും പിടിച്ചുകയറും. പല സര്‍ട്ടിഫിക്കറ്റുകളും തീര്‍ത്തും നിഷ്‌കളങ്കമായ ഏര്‍പ്പാടുകളാണ്. ഇന്നയാള്‍ ഇന്ന ജോലിയില്‍ പരിചയം ഉള്ള ആള്‍ ആണ് എന്നതിന്റെ ഒരു സാക്ഷ്യം. മാധ്യമപ്രവര്‍ത്തനം പഠിച്ച് ഏതെങ്കിലും ഇടത്ത് ചേക്കേറാന്‍ നോക്കുന്നവര്‍ എത്രയോ പേര്‍ ഇത്തരം എക്‌സപീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ സമ്പാദിച്ച് അപേക്ഷാഫോറത്തിനൊപ്പം അയക്കാറുണ്ട്-ഒരു പ്രതീക്ഷയാണത്. ഇത് കണ്ടാല്‍, ഒരല്‍പം പരിഗണന കൂടുതല്‍ ലഭിക്കും എന്ന തോന്നല്‍. പലപ്പോഴും വെറുതെയാവും.

പക്ഷേ സര്‍ക്കാര്‍ തലത്തില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ ഉണ്ടാവും. അതിലൊന്നായിരിക്കും ‘എക്‌സ്പീരിയന്‍സ്’. ആ സര്‍ട്ടിഫിക്കറ്റിന് പോയിന്റും കിട്ടുമായിരിക്കും. ഇതാണ് വിദ്യ എന്ന ഉദ്യോഗാര്‍ഥിയെ പ്രലോഭിപ്പിച്ചത്. തീര്‍ത്തും മാനുഷികമായ പ്രലോഭനം. കേരളത്തില്‍ ഇ്ത്തരം എക്‌സപീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഹാജരാക്കി ജോലിയില്‍ പ്രവേശിച്ച് ഒരു എക്‌സ്പീരിയന്‍സും ഇല്ലെങ്കിലും അതി മിടുക്കോടെ ജോലി ചെയ്ത് വേതനം വാങ്ങി ജീവിക്കുന്നവര്‍ എണ്ണിയാല്‍ ഒടുങ്ങില്ല. പക്ഷേ വിഷയം അതല്ല. സാഹചര്യമാണ്.
ഇടതുപക്ഷവിരുദ്ധവാര്‍ത്തകള്‍ക്കായി ദാഹിച്ചു നില്‍ക്കുന്ന കേരളമാധ്യമാന്തരീക്ഷത്തിലേക്കാണ് വിദ്യയുടെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്ന മഴത്തുള്ളി വീഴുന്നത്. അത് പിന്നെ അമൃതായി മാറാതിരിക്കുമോ.
വിദ്യ വിദ്യാസമ്പന്നെയങ്കിലും ചില ആത്മവിശ്വാസങ്ങളാല്‍ തെറ്റായി നയിക്കപ്പെട്ടു-കേരളത്തിലെ വളരെ പ്രശസ്തമായൊരു കലാലയത്തിലെ പ്രവൃത്തി പരിചയ രേഖ തന്നെ അവകാശപ്പെട്ടു കളഞ്ഞു. അതിന് ആ യുവതിക്ക് തോന്നലുണ്ടാക്കിയത് ആര്, ഏത് സാഹചര്യം എന്നത് തന്നെയാണ് പ്രധാന കാര്യം. ഗവേഷക വിദ്യാര്‍ഥിയായ വിദ്യ ശരിയായ ഒരു മുന്‍ എസ്.എഫ്.ഐ. നേതാവായിരുന്നെങ്കില്‍ ഇത്തരമൊരു ശരികേടിന് നില്‍ക്കരുതായിരുന്നു. എന്നാല്‍ ചില മതിഭ്രമങ്ങള്‍ നമ്മുടെ രാഷ്ട്രീയബോധത്തില്‍ അടുത്തകാലത്തായി വല്ലാതെ കയറിവന്നിട്ടുണ്ട്. അതിന്റെ ദയനീയയായ ഇരയാണ് വിദ്യ.

അതിനപ്പറം കേരളം വലിയ ഇടതുപക്ഷവിരുദ്ധപ്പേമാരിയുടെ കേന്ദ്രമായി മാറിയപ്പോള്‍ വിദ്യ അതിലൊരു പുല്‍നാമ്പായി ഒഴുക്കില്‍പ്പെട്ടു എന്നതാണ് കാര്യം. എസ്.എഫ്.ഐ.ക്കാരിയായിപ്പോയി എന്നതാണ് വിദ്യ ഈ വിധം ഭേദ്യം ചെയ്യപ്പെട്ടതിന് ഏക കാരണം എന്ന് ഉറപ്പായും പറയണം. ഇങ്ങനെ ഭീകരയായ ഒരു കുറ്റവാളിയായി വിദ്യ ആഘോഷിക്കപ്പെട്ടതിന് മാധ്യമങ്ങള്‍ നാളെ തീര്‍ച്ചയായും കുറ്റബോധത്തിന് വിധേയമായേ പറ്റൂ.
വിദ്യയെ കെ-ഫോണ്‍ പോലെ, കെ-റെയില്‍ പോലെ കെ-വിദ്യയാക്കി പരിഹസിച്ച എത്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ നെഞ്ചില്‍ കൈവെച്ച് പറയാന്‍ പറ്റും, തങ്ങള്‍ ഒരു കാര്യത്തിനും വ്യാജശുപാര്‍ശ പറഞ്ഞിട്ടുള്ളവരല്ല എന്ന്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. നിഖില്‍ തോമസിന്റെ ക്രൈമും വിദ്യയുടെ ക്രൈമും ഒരോ നുകത്തില്‍ കെട്ടിയുള്ള പരിപാടി അസംബന്ധമാണ്. ഒരു സര്‍വ്വകലാശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി ഉന്നത പഠനത്തിന് ചേരുന്ന തരത്തിലുള്ള ഗുരുതരമായ ക്രൈം എവിടെ, ജീവിക്കാനൊരു താല്‍ക്കാലിക ജോലിക്കായി ഒരു പ്രവൃത്തിപരിചയ രേഖ ഹാജരാക്കി കാണിച്ച കുറ്റം എവിടെ..?! എന്തെങ്കിലും താരതമ്യം ഉണ്ടോ ഇവയ്ക്ക്.

ആര്‍ഷോ, വിദ്യ, നിഖില്‍, പ്രിയവര്‍ഗീസ്…എല്ലാ കേസുകളും ഒരേ തട്ടില്‍ തൂക്കി ഒരേ കനം ആണെന്ന് വ്യാഖ്യാനിക്കുന്ന മാധ്യമ ധാര്‍മികതയ്ക്ക് എവിടെയോ പിഴവുണ്ട്. സി.പി.എം. വിരുദ്ധ വാര്‍ത്തകള്‍ക്കായി ദാഹിക്കുന്നവര്‍ക്ക് വേനല്‍മഴയായി ലഭിക്കുന്ന തുളളികള്‍ പോലും വന്‍ പേമാരിയായി കൊണ്ടാടുന്നതിനോടു മാത്രമാണ് വെറുപ്പ്. നിഖില്‍ തോമസിനെയും വിദ്യയെയും ഒരേ കനത്തില്‍ അടയാളപ്പെടുത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ നീതിയോട് മാത്രമാണ് വിമര്‍ശനം.
ചില മലവെള്ളപ്പാച്ചിലില്‍ ചെറുപുല്‍നാമ്പുകള്‍ പെട്ടുപോകും. വെള്ളപ്പാച്ചില്‍ നിലയ്ക്കുമ്പോഴേക്കും അവ എവിടെയോ വാടിക്കരിഞ്ഞ് ചിന്നിച്ചിതറി അസ്തമിച്ചു പോയിട്ടുണ്ടാകും. വിദ്യ അത്തരമൊരു പുല്‍നാമ്പ് മാത്രമാണ്.