സി.ഐ.ടി.യു. സമ്മതിക്കാത്തതുമൂലവും അവരുടെ ഗുണ്ടായിസം മൂലവും ബസ് സര്‍വ്വീസ് നടത്താനാകാതെ കോട്ടയത്തെ ഒരു പ്രവാസി സംരംഭകന്‍ പ്രതിസന്ധിയിലായ വാര്‍ത്ത മനോരമ ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങള്‍ ദിവസങ്ങളായി നല്‍കിവരുന്നു. ബസുടമയുമായുള്ള തൊഴില്‍ തര്‍ക്കമാണ് സര്‍വ്വീസ് നടത്താന്‍ സമ്മതിക്കാത്തതിന് കാരണം എന്ന് ഈ മാധ്യമങ്ങള്‍ പറയുന്നു. വരവേല്‍പ് എന്ന മോഹന്‍ലാല്‍ സിനിമയിലെ സംഭവങ്ങള്‍ക്ക് സമാനമാണ് കോട്ടയം വെട്ടിക്കുളങ്ങരയിലെ ബസ് തടയല്‍ സമരം എന്നും താരതമ്യക്കഥകളും എഴുതപ്പെടുന്നു.

രാജ്‌മോഹന്‍ കൈമള്‍ ആണ് ബസുടമ. ഇദ്ദേഹത്തിന്റെ ബസ് സര്‍വ്വീസ് നടത്താന്‍ സി.ഐ.ടി.യു. അനുവദിക്കാതെ ബസിനു മുന്നില്‍ കൊടികുത്തിയിരിക്കുന്നു. ഹൈക്കോടതിയുടെ ഉത്തരവ് സമ്പാദിച്ചിട്ടും രാജ്‌മോഹന്‍ കൈമളെ ബസ്സിറക്കാന്‍ സമ്മതിക്കുന്നില്ല. ഇന്നലെ രാവിലെ കൊടിയൊക്കെ പിഴുതെറിഞ്ഞ് ബസ്സ് ഇറക്കാന്‍ രാജ്‌മോഹന്‍ കൈമള്‍ ശ്രമിച്ചപ്പോള്‍ തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തംഗം കെ.ആര്‍.അജയ് രാജ്‌മോഹനെ കയ്യേറ്റം ചെയ്ത സംഭവവും ഉണ്ടായി. പ്രശ്‌നം ഗുരുതരമായതോടെ തൊഴില്‍ വകുപ്പു മന്ത്രി ഇടപെട്ട് ചര്‍ച്ച നടത്താന്‍ തീരുമാനമായി. ഇന്ന് ഉച്ചയ്ക്ക് 2.30-ന് ആരംഭിച്ച ചര്‍ച്ചയില്‍ തീരുമാനമൊന്നും ആയില്ല. ചര്‍ച്ച ചൊവ്വാഴ്ചയും തുടരും.-ഇത്രയുമാണ് പുറംകഥ.
പ്രവാസിയുടെ സംരംഭത്തെ നടത്താന്‍ സമ്മതിക്കാത്ത സി.ഐ.ടി.യു.ക്കാരുടെ നേരെ കേരള സമൂഹത്തില്‍ സ്വാഭാവികമായും എതിര്‍പ്പും വിദ്വേഷവും ഉയരുന്നുണ്ട്. തൊഴില്‍ തര്‍ക്കം എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ എന്താണ് ഇവിടെയുളള ‘ തൊഴില്‍ത്തര്‍ക്കം’ എന്ന് വ്യക്തമായി വിശദീകരിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല. വിശദീകരിച്ചാല്‍ സംഗതിയില്‍ ഒരു യു-ടേണിനു പോലും സാധ്യതയുണ്ട്.
രാജ്‌മോഹന്‍ കൈമളും ബസ് തൊഴിലാളികളും തമ്മിലുള്ള തൊഴില്‍ തര്‍ക്കം എന്താണ്. അത് മറ്റൊന്നുമല്ല വേതനം നല്‍കുന്നതില്‍ കാണിക്കുന്ന വിവേചനമാണ്. കൈമള്‍ ബി.ജെ.പി.യുടെ പ്രാദേശിക ഭാരവാഹി, അതായത് പഞ്ചായത്ത് ബിജെപി. വൈസ് പ്രസിഡണ്ടാണ്. ഇദ്ദേഹം ഓട്ടിക്കുന്ന ബസ്സുകളില്‍ ഭൂരിഭാഗം തൊഴിലാളികളും, അതായത് 15 പേരില്‍ ഒരു ഡസനോളം പേര്‍, ബി.ജെ.പി.യുടെ യൂണിയനായ ബി.എം.എസ്-ല്‍ പ്രവര്‍ത്തിക്കുന്നവരാണ്. മൂന്നോ നാലോ പേര്‍ സി.ഐ.ടി.യു.വില്‍ പ്രവര്‍ത്തിക്കുന്നവരും.
ഇവിടുത്തെ തൊഴില്‍ തര്‍ക്കം എന്താന്നു വെച്ചാല്‍ ബസുടമ ശമ്പളം മുഴുവനും സമയത്തും തന്നെ നല്‍കുന്നത് ബി.എം.എസ്. തൊഴിലാളികള്‍ക്കു മാത്രം! സ്വന്തം കക്ഷികളാണല്ലോ. സി.ഐ.ടി.യു. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളമില്ല, മാത്രമല്ല അവര്‍ക്ക് ബി.എം.എസ്. തൊഴിലാളികള്‍ക്ക് നല്‍കുന്നത്ര വേതനവും കൊടുക്കില്ല.!! ഇതിന്റെ പേരിലാണ് സി.ഐ.ടി.യു. ബസ് ഉപരോധ സമരം നടത്തുന്നത്.–ഇതാണ് സമരം ചെയ്യുന്ന തൊഴിലാളികള്‍ പറയുന്നത്. ഇവരുടെ പക്ഷം ഏതെങ്കിലും വാര്‍ത്തയില്‍ ഇടം നേടിയില്ല.
ശമ്പളത്തില്‍ ഈ വിവേചനം കാണിക്കുന്നതിന് ബസുടമ പറയുന്ന ന്യായമാണ് വിചിത്രം-സി.ഐ.ടി.യു. തൊഴിലാളികള്‍ ഉള്ള ബസ് പോകുന്ന റൂട്ടില്‍ കളക്ഷന്‍ കുറവാണ്. കളക്ഷന്‍ ഇല്ലാത്ത റൂട്ടില്‍ ജോലി ചെയ്യുന്നതിനാല്‍ മറ്റുള്ളവര്‍ക്കുള്ളതു പോലെ വേതനവും നല്‍കാനാവില്ല.!!
ഇതാണ് ഈ പ്രമുഖ മാധ്യമങ്ങള്‍ പറയുന്ന തൊഴില്‍ തര്‍ക്കമെങ്കില്‍ നമ്മള്‍ ആരും ചോദിച്ചു പോകും-എന്താണിത് കൈമളേ എന്ന്. ഒരു ഉടമയുടെ പല ബസ്സുകള്‍. അതില്‍ ചിലതില്‍ കളക്ഷന്‍ കുറവ്. അതിലെ തൊഴിലാളികള്‍ സി.ഐ.ടി.യു.ക്കാര്‍. മറ്റുള്ളവയിലെ ജീവനക്കാര്‍ സ്വന്തം പാര്‍ടിയുടെ യൂണിയന്‍ കാര്‍. അവര്‍ക്ക് ശരിയായും സമയത്തും ശമ്പളം, എതിര്‍ യൂണിയനിലെ ജീവനക്കാര്‍ക്ക് ഇല്ല.
ഇനി പറയൂ, സമരം ചെയ്യുന്നത് ന്യായമോ അന്യായമോ. കാരണം മേല്‍പറഞ്ഞതെങ്കില്‍ ആരാണ് സമരം ചെയ്തു പോകാത്തത്. ഇതിനാണ് ബി.ജെ.പി. സി.ഐ.ടി.യു. ഭീകരത എന്ന് വിശേഷിപ്പിക്കുന്നത്. മാധ്യമങ്ങള്‍ ഇടതുപക്ഷവിരോധം കുറച്ചുകൂടി ജ്വലിപ്പിക്കാന്‍ തൊഴില്‍തര്‍ക്കത്തിന്റെ യഥാര്‍ഥ ഉള്ളുകള്ളി പറയാതെ, വെറും തൊഴില്‍തര്‍ക്കം എന്നു മാത്രം പറഞ്ഞ് സി.ഐ.ടി.യു.ഭീകരത പൊലിപ്പിക്കുന്നത്, സര്‍ക്കാരിനെതിരെ വടി ചെത്താന്‍ ജനത്തിന് കുറച്ച് ഇന്ധനം കൂടി ഇട്ടുകൊടുക്കുന്നത്.
ബസുടമ ഗത്യന്തരമില്ലാതെ ബസിനു മുന്നില്‍ ലോട്ടറി വില്‍ക്കുന്നതും, അതിന് ടൈം സ്‌ക്വയര്‍ ലോട്ടറി സ്റ്റാള്‍ എന്ന് പേരിട്ട് കോട്ടിട്ട് സ്റ്റീല്‍ കസേരയില്‍ ഇരിക്കുന്നതും( ന്യൂയോര്‍ക്കിലെ ടൈംസ്‌ക്വയറില്‍ പിണറായി വിജയന്‍ ഇരുന്നതിനെ പരിഹാസത്തോടെ അനുകരിച്ച്), പഞ്ചായത്തംഗം കയ്യേറ്റം ചെയ്യുന്നതും ഒക്കെ വലിയ പ്രധാന്യത്തോടെ തുടരെ നല്‍കുന്ന മലയാള മനോരമ ദിവസങ്ങളായി കൊടുത്ത ഒരു വാര്‍ത്തയില്‍ പോലും എന്താണ് തൊഴില്‍ തര്‍ക്കം എന്ന് പറയുന്നേയില്ല. അവര്‍ അത് അന്വേഷിക്കാന്‍ മറന്നു പോയതാണ് !! കേരളത്തിലെ വ്യവസായ-സംരംഭ വിരുദ്ധ ശക്തികളെക്കുറിച്ച് വിമര്‍ശനം കനപ്പിക്കുന്ന മാധ്യമങ്ങള്‍ പിണറായി വിജയന്‍ അമേരിക്കയില്‍ പോയി നടത്തിയ പ്രസംഗവും പരോക്ഷമായി സൂചിപ്പിക്കുന്നു. പക്ഷേ ബസ്സുടമയുടെ രാഷ്ട്രീയം കളിക്കല്‍ നോഹരമായി മറച്ചുവെക്കുകയും ചെയ്യുന്നു.