Categories
kerala

സ്വരാജിന് മറുപടിയുമായി ഏഷ്യാനെറ്റ് മാധ്യമപ്രവര്‍ത്തകന്‍…സത്യാനന്തരകാലത്ത് അസത്യം വിശ്വസിക്കരുത് !

മാധ്യമപ്രവര്‍ത്തകരുടെ മര്യാദകളെക്കുറിച്ച് സമൂഹമാധ്യത്തിലെഴുതിയ സി.പി.എം. നേതാവ് എം.സ്വരാജിന് മറുപടിയുമായി ഏഷ്യാനെറ്റ് സീനിയര്‍ റിപ്പോര്‍ട്ടര്‍ അനൂപ് ബാലചന്ദ്രന്റെ കുറിപ്പ്. ഫേസ്ബുക്കിലാണ് അനൂപ് സ്വരാജിന് മറുപടി പറഞ്ഞത്.

“അധ്യാപകനായ ഗോവിന്ദൻ മാസ്റ്ററെ
‘എം വി ഗോവിന്ദൻ ‘ എന്നു വിളിക്കുകയും പോക്സോ കേസിൽ പല ജീവപര്യന്തങ്ങൾക്ക് ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ
‘സർ ‘ എന്നു വിളിച്ചുകൊണ്ട് വിനയാന്വിതരാവുകയും ചെയ്യുന്ന വർത്തമാനകാല മലയാളമാധ്യമ സംസ്കാരത്തിന്റെ സൂപ്പർ മാർക്കറ്റിൽ നിന്നും മര്യാദ പ്രതീക്ഷിക്കാനാവില്ലല്ലോ” എന്ന് സ്വരാജ് എഴുതിയിരുന്നു.

ഊരും പേരുമില്ലാത്ത മാധ്യമപ്രവര്‍ത്തകരെന്ന് പറഞ്ഞ് വാര്‍ത്താ സമ്മേളനത്തിലും പ്രതികരണം ചോദിക്കലിലും വരുന്നവരാണ് വേണ്ടാത്ത തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും അതിനെല്ലാം പി.ആര്‍.ഡി.യില്‍ രജിസ്‌ട്രേഷന്‍ ഉള്ള അംഗീകൃത മാധ്യമപ്രവര്‍ത്തകരെ ഉത്തരവാദികളാക്കേണ്ടതില്ലെന്നും അനൂപ് വ്യക്തമാക്കുന്നു. പി.ആര്‍.ഡി.യും സര്‍ക്കാരും അറിയുന്ന രീതിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നവരുടെ പ്രതികരണങ്ങള്‍ ആണ് വിമര്‍ശനത്തിനായും സ്വീകരിക്കേണ്ടതെന്ന് അനൂപ് പറയുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആരും നിയന്ത്രിക്കാത്തതാണ് അവര്‍ തോന്നിയതു പോലെ പ്രതികരിക്കുന്നതിന് വഴിയൊരുക്കുന്നതെന്നും അവരുടെ പ്രകടനത്തിന് തങ്ങള്‍ അംഗീകൃത മാധ്യമപ്രവര്‍ത്തകരുടെ മേല്‍ കെട്ടിവെച്ച് പഴിക്കരുതെന്നും അനൂപ് വിമര്‍ശിക്കുന്നു.

സത്യാനന്തരകാലത്തെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുന്ന സ്വരാജിനെ അസത്യം വിശ്വസിപ്പിച്ചവരെയും തുറന്നു കാട്ടണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ലേഖകനായ അനൂപ് ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ശ്രീ എം.സ്വരാജ് , കേരളത്തിലെ ന്യൂസ് ചാനലുകളിലെ റിപ്പോർട്ടർമാർ സർക്കാരിന്റെ പിആർഡി ഡയറക്ടറിയിൽ ഉൾപ്പെട്ടവരാണ്.ഇവരുടെ വിവരങ്ങൾ സർക്കാരിന്റെ കൈവശമുണ്ട്.പ്രോഫഷണൽ ടാക്സും ആദായനികുതിയും അടക്കുന്നവരാണ് .മുഖ്യമന്ത്രി തന്നെ നേരിട്ട് ശ്രദ്ധിക്കുന്ന വകുപ്പ് പിആർഡി അക്രഡിറ്റേഷൻ നൽകുന്നതും വെറുതെയല്ലല്ലോ.വഴിയെ പോകുന്നവർ അല്ല ഒരു പ്രധാന മാധ്യമങ്ങളിലും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്.എന്നാൽ ഇപ്പോൾ കാണുന്ന പ്രവണത താങ്കളുടെ ശ്രദ്ധയിൽ പെടുത്തട്ടെ.

പൊതുസ്ഥലങ്ങളിലെ വാർത്താ പ്രതികരണങ്ങളിൽ മൊബൈലുമായി പലരും കടന്നു കൂടുന്നുണ്ട്.പിആർഡിക്ക് പോയിട്ട് അവിടെയുള്ള സ്പെഷ്യൽ ബ്രാഞ്ച് പൊലീസുകാർക്ക് പോലും അറിയില്ല ഇവരൊക്കെ ആരാണെന്ന്.അതിൽ രാഷ്ട്രീയക്കാരുടെ പിആർ ടീമുണ്ട്,രാഷ്ട്രീയപാർട്ടികളിലെ ന്യൂമീഡിയാ ടീമുണ്ട് ,ഓൺലൈൻ ചാനൽ എന്ന് പറഞ്ഞ് വരുന്ന വ്യക്തികളുണ്ട് ദിവസകൂലിക്കാരുണ്ട് ,ഓൺലൈൻ ഉടമകളുണ്ട് .

വാർത്താസമ്മേളനങ്ങളിൽ ഇങ്ങനെ നുഴഞ്ഞുകയറുന്നവർ വിളിച്ച് പറയുന്ന മണ്ടത്തരങ്ങൾ, വഷളത്തരങ്ങൾ എങ്ങനെ ന്യൂസ് ചാനലുകളിലെ മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്തമാകും? പറഞ്ഞ് വരുന്നത് പോക്സോ കേസ് കുറ്റവാളി മോൻസൺ മാവുങ്കലിനെ സാർ എന്ന് വിളിച്ച സംഭവമാണ്.

എല്ലാ ചാനലുകളും റിപ്പോർട്ടിംഗ് നടത്തിയ ജൂൺ 17നും ഉണ്ടായിരുന്നു എറണാകുളം പോക്സോ കോടതി പരിസരത്ത് മൊബൈലുമായി ഒരു യൂ ട്യൂബ് ചാനൽ.’ക്രൈംസ്റ്റോറിക്ക് ‘(CRIME STORY)വേണ്ടി അന്ന് ഒരു മൊബൈലും പിടിച്ച് ‘മുഖത്ത് ക്ഷീണമുണ്ടല്ലൊ സാർ’ എന്ന ചോദ്യം ചോദിച്ച വ്യക്തിയെ അതിന് മുമ്പോ അതിന് ശേഷമൊ കൊച്ചിയിലെ ഒരു പരിപാടിയിലും ഞങ്ങൾ മാധ്യമപ്രവർത്തകർ കണ്ടിട്ടില്ല.ക്രൈംസ്റ്റോറിയുടെ യൂട്യൂബ് ലിങ്ക് തുറന്നാൽ ചോദ്യങ്ങളും അന്നെ ദിവസത്തെ റിപ്പോർട്ടും കാണാൻ കഴിയും.

വാസ്തവം ഇതെന്നിരിക്കെ സിപിഎം അനുകൂല സൈബർപ്രചാരകർ ഈ സാർ വിളി മുഖ്യധാരാ മാധ്യമപ്രവർത്തകരിൽ ആരോപിച്ച് വ്യാജ പ്രചാരണം നടത്തുകയാണ്.
ഒരാഴ്ചയായി ഇത് കാണുന്നുണ്ടെങ്കിലും പ്രതികരിക്കാതിരുന്നത് സത്യം മനസിലാക്കാതെയല്ല അവർ ഇത് പ്രചരിപ്പിക്കുന്നത് എന്ന ബോധ്യമുള്ളത് കൊണ്ടാണ്. എന്നാൽ ഒടുവിൽ മുൻ എംഎൽഎയും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ താങ്കൾ ഈ പ്രചാരണം വിശ്വസിച്ച് ഏറ്റെടുത്തിരിക്കുന്നു.

എഫ്ബിയിൽ എഴുതിയത് ഇങ്ങനെയാണല്ലൊ
‘അധ്യാപകനായ ഗോവിന്ദൻ മാസ്റ്ററെ
‘എം വി ഗോവിന്ദൻ ‘ എന്നു വിളിക്കുകയും പോക്സോ കേസിൽ പല ജീവപര്യന്തങ്ങൾക്ക് ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ
‘സർ ‘ എന്നു വിളിച്ചുകൊണ്ട് വിനയാന്വിതരാവുകയും ചെയ്യുന്ന വർത്തമാനകാല മലയാളമാധ്യമ സംസ്കാരത്തിന്റെ സൂപ്പർ മാർക്കറ്റിൽ നിന്നും മര്യാദ പ്രതീക്ഷിക്കാനാവില്ലല്ലോ’

ശ്രീ എം.സ്വരാജ് ,അവിടെയുണ്ടായിരുന്ന പാർട്ടി ചാനലിന്റെ റിപ്പോർട്ടറോട് എങ്കിലും വിളിച്ച് തിരക്കിയിരുന്നെങ്കിൽ സർ വിളിയുടെ പൊരുൾ താങ്കൾക്ക് ബോധ്യപ്പെട്ടേനെ.ഒന്നും പരിശോധിക്കാതെയാണോ ഓൺലൈൻ വ്യാജപ്രചാരണങ്ങളും വാട്സാപ്പ് ഫോർവേഡുകളും താങ്കൾ ഏറ്റെടുക്കുന്നത്? മുഖ്യധാരാ മാധ്യമങ്ങൾക്ക് മേൽ സർ വിളി ചുമത്തി പൊതുവത്ക്കരിക്കുന്നത് ?

ഡിവൈഎഫ്ഐയിൽ താങ്കളുടെ പിന്മുറക്കാർ സോഷ്യൽ മീഡിയാ കണ്ടന്റ് ക്രിയേറ്റിംഗ് രംഗത്ത് മാനദണ്ഡങ്ങൾ കൊണ്ടുവരാൻ രംഗത്തിറങ്ങുന്ന ഈ ഘട്ടത്തിൽ അസംബന്ധ പ്രചാരണങ്ങളുടെ ആ ഓൺലൈൻ സൂപ്പർമാർക്കറ്റിൽ താങ്കൾ വിശ്വസിക്കുന്ന സോഷ്യൽ മീഡിയാ ഹാൻഡിലുകൾ കൂടി ഉൾപെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.സത്യാനന്തര കാലത്ത് താങ്കളെ ഈ അസത്യം വിശ്വസിപ്പിച്ചവരും തുറന്നുകാട്ടപ്പെടേണ്ടവരാണല്ലൊ🙏

Spread the love
English Summary: REPLY TO M SWARAJ BY ASIANET REPORTER

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick