ഒരു ലക്ഷത്തിനടുത്ത് ശമ്പളമുള്ള മുഖ്യമന്ത്രിക്ക് വിദേശയാത്ര നടത്താൻ പണം എവിടെന്നാണെന്ന് ചോദിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. വിളിപ്പാടകലെയുള്ള രാജ്യത്തല്ലേ മുഖ്യമന്ത്രിയുള്ളത് . “തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏകദേശം 30 ദിവസം, ഒരു ദിവസത്തിൽ നാല് മണിക്കൂർ വച്ച് മുഖ്യമന്ത്രി പ്രസംഗിച്ചു. അത്രയും താങ്ങാൻ പറ്റാത്തവിധം സ്‌ട്രെയിനെടുത്ത ഒരാളെ ഒന്ന് വിശ്രമിക്കാൻ അനുവദിക്കുന്നതിന് എന്താണിത്ര ബുദ്ധിമുട്ട്. ആറ് ദിവസം പ്രപഞ്ചം ഉണ്ടാക്കിയിട്ട് ദൈവം പോലും ഒരുദിവസം വിശ്രമിച്ചു. ആ ദിവസമാണ് ഞായറാഴ്‌ച. അതുപോലും മുഖ്യമന്ത്രിക്ക് കഴിയില്ലെന്നാണോ പറയുന്നത്. ബഹിരാകാശത്തേക്കൊന്നുമല്ല, ഒരു വിളിപ്പാടകലെയുള്ള രാജ്യമല്ലേ. പിണറായി വിജയാ എന്ന് വിളിച്ചാൽ വിളി കേൾക്കാൻ പറ്റുന്ന സ്ഥലമാണത്. ഇത്രയും പറഞ്ഞിട്ടും മനസിലാകാത്തത് എന്തോ തകരാറാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളാണ് — ബാലൻ പറഞ്ഞു. മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” സ്വകാര്യ സന്ദർശനമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതൽ എന്ത് സംശയമാണ് . മന്ത്രിമാരും പല നേതാക്കളും വിദേശ സഞ്ചാരം നടത്തുന്നുണ്ട്. അതിൽ ഇല്ലാത്ത എന്ത് വിവാദമാണിതിൽ ഉള്ളത്. വിദേശയാത്രയ്‌ക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിന് പകരം കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അംഗീകാരം വാങ്ങേണ്ടതുണ്ടോ?”— ബാലൻ ചോദിച്ചു.
