യുക്തിവാദിയും ചിന്തകനുമായ നരേന്ദ്ര ധബോല്‍ക്കറെ വെടിവെച്ചു കൊന്ന കേസില്‍ സംഘപരിവാര്‍ അനുകൂല സനാതന്‍ സന്‍സ്ത എന്ന സംഘടനയുടെ രണ്ട് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. നാലു പേരെ വെറുതെ വിട്ടു. സച്ചിന്‍ അന്ദുരെ, ശരദ് കലാസ്‌കര്‍ എന്നിവരെയാണ് ശിക്ഷിച്ചത്. ഇവർക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.പൂനെയിലെ യു.എ.പി.എ. കോടതിയാണ് ശിക്ഷ വിധിച്ചത്.

സനാതൻ സൻസ്ത അംഗങ്ങളായ മുഖ്യപ്രതി വീരേന്ദ്രസിങ് താവ്‌ഡെ, സഞ്ജീവ് പുനലേക്കർ, വിക്രം ഭാവെ എന്നിവരെ വെറുതെവിട്ടു. താവ്‌ഡെ, പുനലേക്കർ, ഭാവെ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടുവെന്നും ഇവരുടെ മേലുള്ള കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും ജഡ്ജ് പരാമർശിച്ചു.

ദേശീയ പ്രസ്ഥാനത്തിൻ്റെ വക്താക്കളിൽ പ്രമുഖനായ ധബോൽക്കറെ (67) പ്രഭാത നടത്തത്തിനിടെ രണ്ട് അക്രമികൾ വെടിവച്ചു കൊല്ലുകയായിരുന്നു. അന്ധവിശ്വാസത്തിനും ജാതി വ്യവസ്ഥയ്‌ക്കുമെതിരെ പ്രചാരണം നടത്തുന്നതിനായി മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി സ്ഥാപിച്ചു പ്രവർത്തിച്ചു വരികയായിരുന്നു ധബോൽക്കർ.
2013 ആഗസ്റ്റ് 20-നാണ് ഓംകാരേശ്വര്‍ ക്ഷേത്രത്തിന് സമീപത്തെ വിത്തല്‍ റാംജി ഷിന്‍ഢെ പാലത്തില്‍ വെച്ചായിരുന്നു ധബോല്‍ക്കറെ വെടിവെച്ചത്. ബൈക്കിലെത്തിയായിരുന്നു രണ്ടുപേര്‍ കൊലപാതകം നടത്തിയത്. സംഭവം നടന്ന് 11 വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്.
മതേതരവും സംഘപരിവാര്‍ വിരുദ്ധവുമായ ചിന്തകളുടെ പ്രതീകങ്ങളെ ഇല്ലാതാക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ കൊലപാതക പരമ്പരയിലെ ആദ്യത്തേതായിരുന്നു ധബോൽക്കറുടെ കൊലപാതകം. ആദ്യം, കന്നഡ പണ്ഡിതനും എഴുത്തുകാരനുമായ എംഎം കൽബുർഗി 2015 ഓഗസ്റ്റിൽ കർണാടകയിലെ ധാർവാഡിൽ കൊല്ലപ്പെട്ടു. 2015 ഫെബ്രുവരിയിൽ മഹാരാഷ്ട്രയിലെ കോലാപൂരിൽ കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പൻസാരെ കൊല്ലപ്പെട്ടു. 2017 സെപ്റ്റംബറിൽ ബംഗളൂരുവിൽ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചു.