മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് സുപ്രീം കോടതി ജൂൺ 1 വരെ ഇടക്കാല ജാമ്യം അനുവദിച്ചു . ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ഹിയറിങ് വേളയിൽ സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം തിരിച്ചു നല്‍കാത്ത രീതിയിലും മുഖ്യമന്ത്രിയുടെ ചുമതലകള്‍ നിര്‍വ്വഹിക്കാത്ത രീതിയിലും ആണെങ്കില്‍ ജാമ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു. റദ്ദാക്കിയ എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21 നാണ് കെജ്രിവാൾ അറസ്റ്റിലായത്.
ഇപ്പോൾ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത് — എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഇതിനെ എതിർക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണം ഭരണഘടനാപരമായ അവകാശമല്ലെന്ന് പറയുകയും ചെയ്തു.

ജൂൺ ഒന്നുവരെയാണ് അദ്ദേഹത്തിന് ജാമ്യ കാലാവധി അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ എന്നിവരാണ് ഉത്തരവിട്ടത്. ഡൽഹിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ആംആദ്മി പാർട്ടിക്കും ഇന്ത്യാ മുന്നണിക്കും ആശ്വാസം നൽകിയിരിക്കുകയാണ്.
കെജ്രിവാളിന് ജാമ്യം ലഭിക്കുകയാണെങ്കില്‍ അത് ഡെല്‍ഹിയിലെ ലോക്‌സഭാ വോട്ടെടുപ്പില്‍ ആം ആദ്മിക്കനുകൂലമായ സാഹചര്യം ഉണ്ടാക്കുമെന്ന് ബിജെപിയും ഭയപ്പെടുന്നുണ്ട്. ജൂൺ 1 വരെ ഇടക്കാല ജാമ്യം എന്നതിനർത്ഥം മെയ് 25 ന് ഡൽഹി വോട്ടെടുപ്പ് നടക്കുമ്പോൾ കെജ്‌രിവാൾ ജയിലിന് പുറത്തായിരിക്കും. ജൂൺ 2 ന് കെജ്‌രിവാളിന് കീഴടങ്ങേണ്ടി വരും.