പ്രധാനമന്ത്രി നരേന്ദ്ര മോദി 2029 വരെ രാജ്യത്തെ നയിക്കുമെന്നും ഇക്കാര്യത്തിൽ പാർട്ടിയിൽ ആശയക്കുഴപ്പമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂൺ 1 വരെ ഇടക്കാല ജാമ്യം ലഭിച്ചതിന് ശേഷം ശനിയാഴ്ച തൻ്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രസംഗം നടത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ
ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാ. അടുത്ത വര്‍ഷം സപ്തംബറില്‍ മോദിക്ക് 75 വയസ്സ് തികയുമെന്നും അദ്ദേഹം വിരമിക്കേണ്ടിവരുമെന്നും ജയില്‍ മോചിതനായ ശേഷം അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടിരുന്നു. “ഇവർ ഇന്ത്യ സംഘത്തോട് പ്രധാനമന്ത്രി ആരെന്നു ചോദിക്കുന്നു. ഞാൻ ബിജെപിയോട് ചോദിക്കുന്നു അവരുടെ പ്രധാനമന്ത്രി ആരായിരിക്കുമെന്ന്. മോദിജിക്ക് അടുത്ത വർഷം സെപ്തംബർ 17 ന് 75 വയസ്സ് തികയുകയാണ്. 75 വയസ്സുള്ളവർ വിരമിക്കുമെന്ന് മോദി തന്നെ 2014-ൽ ഭരണഘടനയിൽ വ്യവസ്ഥ കൊണ്ടുവന്നു. അവർ ആദ്യം എൽകെ അദ്വാനിയെ വിരമിക്കാൻ നിര്ബന്ധിതനാക്കി. പിന്നെ മുരളി മനോഹർ ജോഷി, സുമിത്ര മഹാജൻ എന്നിവർക്കും വഴിയൊരുക്കി.”– വാർത്താ സമ്മേളനത്തിൽ കെജ്രിവാൾ ഇങ്ങനെ പറഞ്ഞതാണ് അമിത് ഷായെ പ്രകോപിപ്പിച്ചത്.
“പ്രധാനമന്ത്രി മോദി അടുത്ത വർഷം വിരമിക്കും. അമിത് ഷായെ പ്രധാനമന്ത്രിയാക്കാൻ അദ്ദേഹം വോട്ട് തേടുകയാണ്. ഷാ മോദിജിയുടെ ഉറപ്പ് പാലിക്കുമോ?”– കെജ്‌രിവാൾ ചോദിച്ചു.
![thepoliticaleditor](https://thepoliticaleditor.com/wp-content/uploads/2024/02/politics.jpg)
എന്നാല്‍ ബിജെപി ഭരണഘടനയില്‍ 75 വയസ്സില്‍ വിരമിക്കണം എന്ന വ്യവസ്ഥയില്ലെന്ന് അമിത്ഷാ പ്രസ്താവിച്ചു. “ബിജെപിയുടെ ഭരണഘടനയിൽ അങ്ങനെയൊന്നും പരാമർശിച്ചിട്ടില്ലെന്ന് അരവിന്ദ് കെജ്‌രിവാളിനോടും ഇന്ത്യ സഖ്യത്തോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദി ഈ ഭരണകാലയളവ് പൂർത്തിയാക്കുക മാത്രമാണ് ചെയ്യുന്നത്. ഭാവിയിലും പ്രധാനമന്ത്രി മോദി രാജ്യത്തെ നയിക്കും. ഇക്കാര്യത്തിൽ ബിജെപിയിൽ ആശയക്കുഴപ്പമില്ല. ” — മുൻ ബിജെപി അധ്യക്ഷൻ കൂടിയായ അമിത് ഷാ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കില്ലെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.
“ബിജെപിയുടെ ഭരണഘടനയിൽ ഇത്തരമൊരു വ്യവസ്ഥയില്ലെന്നും 2029 വരെ മോദിജി രാജ്യത്തെ നയിക്കുമെന്നും വരുന്ന തിരഞ്ഞെടുപ്പിലും മോദിജി തന്നെ നയിക്കുമെന്നും ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ സഖ്യത്തിന് ശുഭവാർത്തയൊന്നുമില്ല. ഇത്തരം നുണകൾ പ്രചരിപ്പിച്ച് അവർക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ല”– അമിത് ഷാ പ്രതികരിച്ചു