കേരള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് നിയമസഭ പാസ്സാക്കിയ ബില്‍ രാഷ്ട്രപതി അംഗീകരിച്ചു. ലോക് ആയുക്തയുടെ കൈയ്യും കാലും വെട്ടി വെറും പ്രഹസനമാക്കിയെന്നാരോപിച്ച് ഗവര്‍ണര്‍ ഒപ്പിടാതെ ഇരുന്ന ബില്‍ ആണിത്. ഒടുവില്‍ കോടതി ഇടപെടുമെന്ന ഘട്ടം എത്തിയപ്പോഴാണ് ചില ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്. ഇത് രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായി മാറിയിരിക്കുന്നു. കേരള സര്‍ക്കാരിന് വലിയ നേട്ടമായും ഗവര്‍ണര്‍ എടുത്ത നിലപാടിന് തിരിച്ചടിയും ആയി മാറിയിരിക്കയാണ് രാഷ്ട്രപതിയുടെ തീരുമാനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിൽ ഇനി ഒപ്പിടേണ്ടിവരും.
സര്‍ക്കാരിന് നേട്ടമാകുമ്പോഴും ബില്ലിനെതിരായി ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ക്ക് ഇപ്പോഴും പല്ലും നഖവും ഉണ്ട്. അഴിമതിക്കേസില്‍ ലോക് ആയുക്ത ഉത്തരവിട്ടാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പോലും രാജിവെക്കേണ്ടിവരും എന്ന നിലവിലുള്ള വകുപ്പാണ് ഭേദഗതിയിലൂടെ കേരള നിയമസഭ എടുത്തു മാറ്റിയത്.
നേരത്തെ സിപിഎം നേതൃത്വം നല്‍കിയ മന്ത്രിസഭയെ നയിച്ച ഇ.കെ.നായനാര്‍ തന്നെ മുന്‍കൈയ്യെടുത്ത് ഉണ്ടാക്കിയ വ്യവസ്ഥയാണ് ഈ സര്‍ക്കാര്‍ എടുത്തുമാറ്റിയത് എന്ന പ്രത്യേകതയും ഉണ്ട്.
രാഷ്ട്രീയപ്രേരിതമായി ഭരണാധികാരികളെ ദ്രോഹിക്കാന്‍ വേണമെങ്കില്‍ നിലവിലുള്ള വകുപ്പ് ഉപയോഗിക്കാന്‍ സാധിക്കും എന്ന വാദം ഉയര്‍ത്തിയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്.
ഭേദഗതി അനുസരിച്ച് ലോകായുക്ത ഉത്തരവിട്ടാലും മുഖ്യമന്ത്രിക്ക് രാജിവെക്കാതെ അഅപ്പീല്‍ പോകാം. നിയമസഭയാണ് അപ്പീല്‍ അതോറിറ്റി. നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടായാല്‍ മുഖ്യമന്ത്രിക്കെതിരായ വിധി തള്ളാന്‍ സാധിക്കും.
ഇനി മന്ത്രിമാര്‍ക്കെതിരായാണ് ലോകായുക്ത വിധിയെങ്കില്‍ അതിനും അപ്പീല്‍ പോകാം. മുഖ്യമന്ത്രിയാണ് അപ്പീല്‍ അതോറിറ്റി. മുഖ്യമന്ത്രിക്ക് മന്ത്രിമാരെ സംരക്ഷിക്കും വിധം ഉത്തരവ് തള്ളാവുന്നതാണ്.
എം.എല്‍.എ.മാര്‍ക്കെതിരായാണ് ലോകായുക്ത വിധിയെങ്കില്‍ രാജിവെക്കാതെ അവര്‍ക്കും അപ്പീല്‍ പോകാം. ഇവരുടെ കാര്യത്തില്‍ സ്പീക്കര്‍ ആണ് അപ്പീല്‍ അധികാരി. സ്പീക്കര്‍ക്ക് എം.എല്‍.എ.മാരെ സംരക്ഷിക്കണമെന്ന് തോന്നിയാല്‍ ലോകായുക്തയുടെ വിധി തള്ളി ഉത്തരവിടാം.
ചുരുക്കത്തില്‍ ഭരണാധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരായ ലോകായുക്ത വിധികള്‍ക്ക് നേരത്തെയുള്ള പല്ലും നഖവും പറിച്ചുകളഞ്ഞാണ് ഭേദഗതി തയ്യാറാക്കിയത്. അഴിമതി ആരോപണത്തിന്റെ പേരില്‍ ലോകായുക്ത വിധിച്ചാലും രാഷ്ട്രീയമായി ഭൂരിപക്ഷം സഭയിലുണ്ടെങ്കില്‍ ജനനേതാക്കള്‍ക്ക് സ്ഥാനത്തു നിന്നും ഇറങ്ങാതെ തന്നെ ഉത്തരവിനെതിരെ നീങ്ങാന്‍ സാധിക്കും എന്നതാണ് ഈ ഭേദഗതി കൊണ്ട് ഉണ്ടായിരിക്കുന്ന നേട്ടം.
സംസ്ഥാന മുഖ്യമന്ത്രിയുടെ പേരുമായി ചേര്‍ത്ത് ദുരിതാശ്വാസനിധിയുടെ വക മാറ്റല്‍, സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ലോകായുക്ത മുന്‍പിന്‍ നോക്കാതെ ഒരു വിധി പ്രസ്താവിച്ചാല്‍ മുഖ്യമന്ത്രിക്ക് രാജിവെക്കേണ്ടിവരുന്ന അവസ്ഥ സംജാതമായേക്കാമെന്ന വിലയിരുത്തല്‍ വന്നു.
കെ.ടി.ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യം
പിണറായി വിജയന്റെ ഒന്നാം സര്‍ക്കാരിന്റെ കാലത്ത് കെ.ടി.ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യമാണ് സര്‍ക്കാരിന് ലോകായുക്തയുടെ കാര്യത്തില്‍ മുന്നറിയിപ്പായി മാറിയത്. ലോകായുക്ത വിധിയെത്തുടര്‍ന്ന് ജലീലിന് മന്ത്രിപദം ഒഴിയേണ്ടി വന്നു.
ആ സമയത്താവട്ടെ ദുരിതാശ്വാസനിധിയുടെ വക മാറ്റല്‍ ആരോപണത്തില്‍ മുഖ്യമന്ത്രിക്കെതിരെയും കൊവിഡ് കാല ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടാരോപണത്തില്‍ ആരോഗ്യമന്ത്രി ശൈലജയ്‌ക്കെതിരെയും ലോകായുക്തയില്‍ പരാതിയും പോയിട്ടുണ്ടായിരുന്നു. ലോകായുക്തയുടെ ഒറ്റ വിധി മതി മുഖ്യമന്ത്രി പോലും ഒഴിയേണ്ടി വരുമെന്ന അവസ്ഥ. ഇത് ഉണ്ടാക്കുന്ന രാഷ്ട്രീയമായ ആഘാതം ഇടതുമുന്നണിക്ക് ആലോചിക്കാന്‍ കഴിയില്ല.
ദുരിതാശ്വാസനിധി ദുരുപയോഗിച്ചു എന്ന പരാതി
എന്‍.സി.പി. നേതാവ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കിയതിനെതിരെയും പരേതനായ എം.എല്‍.എ. രാമചന്ദ്രന്‍നായരുടെ മകന് ജോലി നല്‍കിയതും ഭാര്യയുടെ സ്വര്‍ണപ്പണയം തിരിച്ചെടുക്കാന്‍ എട്ടര ലക്ഷം രൂപ നല്‍കിയതും കോടിയേരി ബാലകൃഷ്ണന്റെ കാര്‍ ഇടിച്ചു മരണപ്പെട്ട പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കിയതും ദുരിതാശ്വാസനിധിയില്‍ നിന്നുള്ള നിയമവിരുദ്ധവും അധികാര ദുര്‍വിനിയോഗമായിരുന്നുവെന്ന പരാതി ലോകായുക്തയ്ക്കു മുന്നിലുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ലോകായുക്ത പുറപ്പെടുവിക്കാന്‍ സാധ്യതയുള്ള വിധി മുഖ്യമന്ത്രിക്കെതിരാവും എന്ന തോന്നലാണ് സിപിഎമ്മിന് ഉണ്ടായത്.
രാഷ്ട്രീയ എതിരാളികള്‍ ഇത്തരം സാഹചര്യങ്ങള്‍ ലോകയുക്തയെ സ്വാധീനിച്ച് ദുരപയോഗിച്ചാലും അത്ഭുതമില്ലെന്നാണ് സിപിഎം ചിന്തിച്ചത്. ഭേദഗതി പാസ്സായതോടെ ഇനി ഒരു മന്ത്രിക്കും ലോകായുക്ത വിധി മൂലം രാജിവെക്കേണ്ടി വരില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും എതിര്‍പ്പില്ല എന്നതാണ് ഗവര്‍ണറും ബിജെപി കേന്ദ്രങ്ങളും കേരളത്തില്‍ ഇത്ര വിവാദമാക്കിയിട്ടും ഭേദഗതിബില്‍ ഇത്ര വേഗം ഒപ്പിട്ടതിലൂടെ തെളിയുന്നത്.
അപ്പീലില്‍ പരാതി തള്ളിയാലും പഴയ തിരിച്ചടി നിലനില്‍ക്കും
ലോകായുക്ത വിധിയുടെ അപ്പീലുകളില്‍ ആരോപണവിധേയന്റെ മേലുള്ള ആരോപണങ്ങള്‍ പിന്നീട്തെറ്റാണെന്നു തെളിഞ്ഞാലും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുന്നതിലൂടെ സംഭവിച്ച രാഷ്ട്രീയ തിരിച്ചടിയുടെ ആഘാതം ഇല്ലാതാകില്ല. രാഷ്ട്രീയമായി ഏത് പേര്‍ക്കെതിരെയും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധമാണ് ലോകായുക്തയുടെ ഈ അധികാരം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തുനിഞ്ഞത്.
മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എ.മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം കാണിക്കുന്ന അഴിമതി തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് വിധി പറയാനാണ് ലോകായുക്ത രൂപീകരിച്ചത്.
നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ലോകായുക്തയ്ക്ക് അധികാരങ്ങള്‍ നല്‍കി
1996-ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് സിപിഎമ്മും സിപിഐയും ചേര്‍ന്ന് ലോകായുക്തയ്ക്ക് നല്ല അധികാരങ്ങള്‍ നല്‍കി പൊതു രംഗം അഴിമതിമുക്തമാക്കാനുദ്ദേശിച്ചായിരുന്നു ഈ വകുപ്പടക്കം ചേര്‍ത്ത് നിയമം കൊണ്ടുവന്നത്. ഭേദഗതി നിയമമാകുന്നതോടെ ഇനി ഏത് അഴിമതിക്കേസില്‍ ഭരണാധികാരികളും ഉദ്യോഗസ്ഥരും പിടിക്കപ്പെട്ടാലും മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവരും നിയമസഭയും തീരുമാനിക്കാതെ നടപടികള്‍ സാധ്യമല്ല.
ബില്‍ രാഷ്ട്രപതി ഒപ്പിടില്ലെന്നായിരുന്നു ഗവര്‍ണറുടെ പക്ഷം ചിന്തിച്ചിരുന്നത്. മാത്രമല്ല, വൈകിപ്പിക്കുമെന്നും മടക്കിയയക്കുമെന്നും എല്ലാമുളള ഊഹങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയത് സര്‍ക്കാരിന് വലിയ നേട്ടവും മൊത്തത്തില്‍ ഗവര്‍ണറുമായുള്ള പോരില്‍ വലിയ ആശ്വാസവും സന്ദേശവും ആണ്. ബില്ലുകള്‍ ഒപ്പിടാതെ സര്‍ക്കാരിനെ കുഴച്ചുകൊണ്ടിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെതിരെ കേരളം സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്. ഈ കേസിലും ഈ ബില്‍ രാഷ്ട്രപതി ഒപ്പിട്ടത് നിര്‍ണായക ഘടകമായേക്കും.