ബി.ജെ.പി ഭരണത്തിന് കീഴിൽ മാധ്യമസ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നുവെന്നും ഭരണത്തെ സ്തുതിക്കാത്ത സ്ഥാപനങ്ങളെ സംഘപരിവാർ നിരന്തരം ലക്ഷ്യമിടുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ബിബിസിയുടെ ഇന്ത്യൻ ന്യൂസ് റൂം പ്രവർത്തനം നിർത്തിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുകെ ആസ്ഥാനമായുള്ള ബിബിസി അടുത്തിടെ രാജ്യത്തെ വിദേശ നിക്ഷേപ നിയമങ്ങൾക്കനുസൃതമായി ഇന്ത്യയിലെ പ്രവർത്തനങ്ങൾ പുനഃക്രമീകരിച്ചിരുന്നു.
ആദായനികുതി വകുപ്പിൻ്റെ നിരന്തരമായ പ്രതികാര നടപടികളെ തുടർന്നാണ് ബിബിസി ഈ തീരുമാനം എടുക്കാൻ നിർബന്ധിതരായതെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ടെന്ന് മാധ്യമങ്ങളുമായി സംസാരിക്കവേ പിണറായി വിജയൻ പ്രതികരിച്ചു.
“ബി.ജെ.പി ഭരണത്തിന് കീഴിൽ മാധ്യമസ്വാതന്ത്ര്യം ഇല്ലാതായി. ഭരണത്തിന് സ്തുതി പാടാത്ത മാധ്യമങ്ങളെ സംഘപരിവാർ നിരന്തരം ലക്ഷ്യമിടുന്നു. ഇത്തരം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് ബിബിസിയുടെ അഗ്നിപരീക്ഷ ഓർമ്മപ്പെടുത്തുന്നു”.- വിജയൻ പറഞ്ഞു.