പാനൂരില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുണ്ടെന്നത് വസ്തുതയാണെന്നും പക്ഷേ അവര്‍ സംഭവം അറിഞ്ഞ് ഒടിക്കൂടിയവര്‍ മാത്രമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ അവരെ പൊലീസ് പിടിച്ച് പ്രതികളാക്കിയതാണ്. അവര്‍ക്ക് ബോംബ് നിര്‍മാണത്തില്‍ പങ്കില്ലെന്നാണ് അറിവ്. പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ സംഘടന നടപടി ഉറപ്പായും ഉണ്ടാകും-സനോജ് മാധ്യമങ്ങളോട് പറഞ്ഞു.
“പാനൂരിൽ അങ്ങനെയൊരു സംഭവം നടന്നപ്പോൾ ധാരാളം ആളുകൾ എത്തി. ആ കൂട്ടത്തിൽ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതൃനിരയിലുളളവരുമെത്തി. അവർക്ക് ബോംബ് നിർമാണത്തിൽ പങ്കുണ്ടെങ്കിൽ അംഗീകരിക്കില്ല. തിരഞ്ഞെടുപ്പിനെ മുൻ നിർത്തി വ്യാപകമായ നിലയിൽ ഡിവൈഎഫ്ഐ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് പ്രചരിപ്പിക്കുകയാണ്” -സനോജ് പ്രതികരിച്ചു.
മരണവീട്ടിൽ പോയി ആശ്വസിപ്പിക്കുന്നത് നാട്ടിൽ പതിവ്, അതിൽ എന്താണ് തെറ്റായി കാണേണ്ടത് ?
സ്‌ഫോടനത്തിൽ മരിച്ച ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കൾ പോയതിനെ തെറ്റായി ചിത്രീകരിക്കുന്നത് ദുഷ്ടലാക്ക് മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. മരണവീട്ടിൽ പോയി ആശ്വസിപ്പിക്കുന്നത് നാട്ടിൽ പതിവാണെന്നും അതിൽ എന്താണ് തെറ്റായി കാണേണ്ടത് എന്നും അദ്ദേഹം ചോദിച്ചു . സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം സുധീർകുമാറും പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം എ അശോകനുമായിരുന്നു ഷെറിന്റെ വീട്ടിൽ പോയത്.