ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഖില ഭാരത ഹിന്ദു മഹാസഭ (എബിഎച്ച്എം) സ്ഥാനാർത്ഥി കിന്നർ മഹാമണ്ഡലേശ്വര് ഹിമാംഗി സഖി മത്സരിക്കുമെന്ന് പാർട്ടി മേധാവി സ്വാമി ചക്രപാണി ഓൺലൈൻ ‘എബിപി ലൈവി’നോട് പറഞ്ഞു. ട്രാൻസ്‌ജെൻഡർ സമൂഹത്തിന് അവരുടെ അവകാശങ്ങളും ബഹുമാനവും നൽകാനാണ് ഹിമാംഗി സഖി രംഗത്തെത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കനുസരിച്ച് 2024-ൽ 48,044 മൂന്നാം ലിംഗ വോട്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019-ൽ ഇത് 39,683 ആയിരുന്നു. ‘ട്രാൻസ് ശക്തി’ക്ക് അർഹമായ അംഗീകാരവും പ്രാതിനിധ്യവും ലഭിക്കുമെന്നും പൊതുതെരഞ്ഞെടുപ്പിൽ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ സമൂഹത്തിലെ അംഗങ്ങൾ പറയുന്നു.
മഹാമണ്ഡലേശ്വര് ഹിമാംഗി സഖിക്ക് പുറമെ , ലഖ്‌നൗ, സീതാപൂർ, ഡിയോറിയ, മിർസാപൂർ, ഗോണ്ട, ഫത്തേപൂർ, പ്രയാഗ്‌രാജ്, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിലും പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
കോൺഗ്രസ് പാർട്ടിയിൽ നിന്ന് അജയ് റായ് ആണ് മോദിക്കെതിരെ മത്സരിക്കുന്നത്.
2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വാരണാസി. രാഷ്ട്രീയമായി നിർണായകമായ മണ്ഡലത്തിൽ അഞ്ച് അസംബ്ലി സീറ്റുകൾ ഉൾപ്പെടുന്നു- വാരാണസി സൗത്ത്, വാരാണസി നോർത്ത്, കാന്ത്, റൊഹാനിയ, സേവാപുരി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് വാരാണസി ലോക്‌സഭാ സീറ്റ് മേഖലയിൽ 10.65 ലക്ഷം പുരുഷന്മാരും 8.97 ലക്ഷം സ്ത്രീകളും 135 മൂന്നാം ലിംഗക്കാരും ഉൾപ്പെടെ 19.62 ലക്ഷം വോട്ടർമാരുണ്ട്. ഈ വർഷം 52,174 പേരാണ് ആദ്യമായി വോട്ട് ചെയ്യുന്നത്.