ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടത്തിൽ മത്സരിക്കുന്ന 16 ശതമാനം സ്ഥാനാർത്ഥികൾ, അതായത് 1,618 വ്യക്തികളിൽ 252 പേരും ക്രിമിനൽ കുറ്റക്കാരാണെന്ന് നാഷണൽ ഇലക്ഷൻ വാച്ച്, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്നിവയുടെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഒന്നാം ഘട്ടത്തിൽ മത്സരിക്കുന്ന 1,625 സ്ഥാനാർത്ഥികളിൽ 1,618 പേരുടെ സ്വയം സത്യവാങ്മൂലത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ വിശകലനം.
റിപ്പോർട്ട് അനുസരിച്ച്, ക്രിമിനൽ കേസുകളുള്ള 252 സ്ഥാനാർത്ഥികളിൽ 161 പേർക്കെതിരെ ഗുരുതരമായ ക്രിമിനൽ കേസുകൾ ഉണ്ട്. ഏഴ് സ്ഥാനാർത്ഥികൾക്ക് കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളുണ്ട്. 18 പേർ സ്ത്രീകൾക്കെതിരായ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടവരാണ് . 35 സ്ഥാനാർത്ഥികൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസുകളും ഉണ്ട്.
77 ബിജെപി സ്ഥാനാർത്ഥികളിൽ 28 പേരും 56 കോൺഗ്രസ് സ്ഥാനാർത്ഥികളിൽ 19 പേരും തങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്നു വെളിപ്പെടുത്തുന്നു. രാഷ്ട്രീയ ജനതാദളിൻ്റെ നാല് സ്ഥാനാർത്ഥികളും കേസുകൾ നേരിടുന്നു.
അതേസമയം ഡിഎംകെ, സമാജ്‌വാദി പാർട്ടി , തൃണമൂൽ കോൺഗ്രസ് , ബഹുജൻ സമാജ് പാർട്ടി എന്നിവയുടെ സ്ഥാനാർഥികളിൽ യഥാക്രമം 59 , 43, 40,13 എന്നിങ്ങനെ ശതമാനം സ്ഥാനാർത്ഥികൾ ക്രിമിനൽ കേസുകൾ ഉള്ളവരാണ്.
സ്ഥാനാർത്ഥിയുടെ ശരാശരി ആസ്തി
മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയുടെ ശരാശരി ആസ്തി 4.51 കോടി രൂപയാണ്.
വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥിയുടെ ശരാശരി ആസ്തി ഇപ്രകാരമാണ്: 77 ബിജെപി സ്ഥാനാർത്ഥികളുടെ ശരാശരി 22.37 കോടി രൂപ. 56 കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് 27.79 കോടി രൂപ. 22 ഡിഎംകെ സ്ഥാനാർത്ഥികൾക്ക് 31.22 കോടി രൂപ. 4 ആർ.ജെ.ഡി. സ്ഥാനാർത്ഥികളുടെ ശരാശരി ആസ്തി 8.93 കോടി രൂപ. 7 എസ്പി സ്ഥാനാർത്ഥികളുടെ ശരാശരി ആസ്തി 6.67 കോടി രൂപ. 5 തൃണമൂൽ സ്ഥാനാർത്ഥികളുടെ ശരാശരി 3.72 കോടി രൂപ.
ഏറ്റവും കുറവ് ആസ്തിയുള്ള മൂന്ന് സ്ഥാനാർത്ഥികൾ കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ളവരാണ്. എന്നാൽ ഏറ്റവും കൂടിയ ആസ്തിയുള്ള ഒരു സ്ഥാനാർഥി കോൺഗ്രസിൽ ഉണ്ട്. മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസിൻ്റെ നകുൽ നാഥ് 716 കോടിയിലധികം രൂപയുടെ ആസ്തി ഉള്ള ആൾ ആണ്. തമിഴ്‌നാട്ടിൽ നിന്നുള്ള എഐഎഡിഎംകെയുടെ അശോക് കുമാർ – 662 കോടി രൂപ, ബിജെപിയുടെ ദേവനാഥൻ യാദവ് – 304 കോടി രൂപ — ഏറ്റവും കൂടുതൽ ആസ്തിയുള്ള ആദ്യ മൂന്ന് സ്ഥാനാർത്ഥികൾ ഇവർ ആണ്.