“അരുമയായ് പിന്നിയ വാർമുടിത്തുമ്പിലായി
അരളിപ്പൂ ചൂടിയ പെൺകിടാവെ…..”
ഒരു ഗ്രാമീണ പെൺകുട്ടിയുടെ സൗന്ദര്യ വർണ്ണനയാണിത്. അരളിപ്പൂവിനെക്കുറിച്ചുള്ള വാർത്തകളാണ് പണ്ടെങ്ങോ പഠിച്ചു വെച്ച ഈ വരി ഓർമ്മിച്ചത്.
നമ്മുടെ കലാലയങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും പൂക്കള മത്സരങ്ങൾ വന്നതോടെയാണ് കേരളത്തിൽ അരളിപ്പൂക്കൾ കൂടുതലായി എത്താൻ തുടങ്ങിയത്. ഓണച്ചന്തകളിലെ പൂക്കളിൽ റാണിയാണവൾ.
ഇന്ന് നമ്മൾ പറയുന്ന വിഷം നിറഞ്ഞ അരളിപ്പൂവായിരിക്കില്ല കവി പാടിയ അരളി . അതിൽ പ്രണയത്തിൻ്റെ ചുകന്ന നിറമുണ്ട്.
പല നാട്ടിൽ പല പേരുകൾ പ്രയോഗത്തിലുണ്ട് ഓരോന്നിനും. നമ്മുടെ നാട്ടിലെ ചെമ്പകത്തിനേയും ചിലർ അരളിയെന്നു വിളിക്കാറുണ്ട്. പൊതുവിൽ പാല് ഉള്ളതും ദേഹത്തോ കണ്ണിലോ വീണാൽ പൊള്ളുന്നതും വയറ്റിലെത്തിയാൽ ദഹിക്കാത്തതുമാണ് ചെമ്പകപ്പാൽ. അതുകൊണ്ടുതന്നെ ആടുമാടുകളെ ചെമ്പകചുവട്ടിൽ കെട്ടാറില്ല.
പല നിറത്തിൽ ചെമ്പകമുള്ളതുപോലെ അരളിയും പല നിറത്തിലുണ്ട്. കടുംപച്ചനിറത്തിൽ വീതികുറഞ്ഞ ഇലകളുള്ള അരളിയിൽ മഞ്ഞയാണ് കൂടുതൽ വിഷമടങ്ങിയത് അതിൻ്റെ കായ പറിച്ച് തറയിൽ ഉരച്ച് ചൂടാക്കി പരസ്പരം ദേഹത്ത് വെച്ച് ചൂടാക്കി കളിച്ചിരുന്ന സ്കൂൾ കാലത്തെക്കുറിച്ച് മുതിർന്നവർ പറയുന്നത് കേട്ടിട്ടുണ്ട്. അതിൻ്റെ കായ കഴിച്ച് ആത്മഹത്യ ചെയ്ത വാർത്തകളും വന്നിട്ടുണ്ട്.
എങ്ങനെയാണ് ക്ഷേത്ര നിവേദ്യങ്ങളിൽ അരളിപ്പൂവിന് സ്ഥാനം കിട്ടിയത് ? എല്ലാ വിഷങ്ങളേയും ദേവൻ സ്വീകരിക്കും എന്നതായിരിക്കുമോ?
സുഗന്ധരാജനും നമ്പ്യാർ വട്ടവും ശംഖുപുഷ്പവും മുല്ലയും പിച്ചിയും മന്ദാരവും നമ്മുടെ തോട്ടങ്ങളിലെ സുഗന്ധപൂരിതവും വെളുത്ത പൂക്കൾ തരുന്നതുമായ നാട്ടുപച്ചകൾ അപ്രത്യക്ഷമായതോടെയാണ് നഗരവത്ക്കരണവും വിദേശചെടികളുടെ ആകർഷണീയതയും മറ്റ് കാരണങ്ങളാണ്.
അരളിയുടെ ഇലയോട് ഏറ്റവും അടുത്ത് സാമ്യമുള്ള നീലയും റോസും വെളളയും നിറത്തിൽ വിരിയുന്ന പൂക്കൾ നമ്മുടെ നാട്ടിലെ വീട്ടുമുറ്റത്തും പാർക്കുകളിലും ഇപ്പോൾ കാണാറുണ്ട്.
ഇലകൾ പറിക്കുമ്പോൾ ഒരു തരം തീക്ഷ്ണമായ മണം കയ്പ്പ് കലർന്ന അനുഭവം ഉണ്ടാകുന്നതിനാൽ അതീവ ശ്രദ്ധയോടെ വേണം ഈ ചെടി കൈകാര്യം ചെയ്യാൻ .പൂക്കൾ അതിമനോഹരമാണെങ്കിലും വീട്ടുമുറ്റത്ത് പൂച്ചെടിയായി സ്ഥാനം കൊടുക്കണോ എന്നത് പുനരാലോചനക്ക് വിധേയമാക്കണം. നമ്മുടെ കുടുംബങ്ങളിൽ, നമുക്കും ചുറ്റും വളരുന്ന സസ്യങ്ങളെ അറിയാനും തിരിച്ചറിയാനും ഉള്ള പരിശ്രമങ്ങൾ ഉണ്ടായി വരണം. ഒരു കാലത്ത് വീടിനകത്ത് ചെടി ചട്ടികളിൽ വളർത്തിയിരുന്ന വാഴച്ചെടി കൾ എല്ലാവരും നശിപ്പിച്ചത് കളഞ്ഞത് അപകടസാധ്യത തിരിച്ചറിഞ്ഞതിനാലാണ്. കുട്ടികൾ പെട്ടന്ന് തൊടുന്നത് ഒഴിവാക്കണം.
അരളി ഇലയുടെ തീക്ഷണത കൊണ്ടുതന്നെ അതിൽ പുഴുവോ കീടങ്ങളോ ഉണ്ടാകാറില്ല എന്ന സവിശേഷത ഉണ്ട്. അതുപോലെ ചെറുതേനീച്ചകളോ ഉറുമ്പുകളോ അരളിച്ചെടിയിൽ വിരുന്നിനെത്തുന്നില്ല എന്നത് ഓരോ ചെറുജീവിക്കും എത്ര വലിയ തിരിച്ചറിവാണ് സ്വയം ഉള്ളത് എന്ന് വിദ്യാസമ്പന്നരായനാം തിരിച്ചറിയണം.
നമ്മുടെ പരിസരങ്ങളിൽ വളരുന്ന ചീങ്ങപ്പൂവ്, അഥവാ വേലിപ്പരുത്തി, കാട്ടുള്ളി, വെറ്റില മൂർഖൻ, ഉമ്മം, മേന്തോന്നി, ഒതളം, വട്ട പുരുവൻ, കാഞ്ഞിരം, ശവംനാറി അഥവാ നിത്യകല്യാണി ഇങ്ങനെ എത്രയെത്ര ചെടികൾ സ്വയം വിഷഹാരികളാണ്! പക്ഷേ അവയെല്ലാം നമ്മുടെ ജൈവിക വ്യവസ്ഥ നിലനിർത്തുന്നതിൽ അതിൻ്റേതായ പങ്ക് വഹിക്കുന്നുണ്ട്.
ഭൂമിയിലെ മുഴുവൻ ചേറിനേയും അഴുക്കിനേയും വലിച്ചെടുക്കുന്ന ചേർ മരം എത്ര വലിയ പ്രത്യുപകാരമാണ് ചെയ്യുന്നത്
അങ്ങോട്ട് അക്രമിക്കാൻ പോകാതിരുന്നാൽ ഇവരാരും നമ്മെ ആക്രമിക്കില്ല എന്നൊരു വലിയ സത്യമുണ്ട്.
ശാസ്ത്രബോധമുള്ള കേരളീയ സമൂഹത്തിന് ജാഗ്രത കുറവ് കൊണ്ടുതന്നെയാണ് അപകടങ്ങൾ ഉണ്ടാകുന്നത്.
ഇത്തിരിപ്പൂവേ….. ഇത്രനാളും ദേവപ്രസാദത്തിൽ ശാന്തമായിരുന്നത് എങ്ങനെയാണ്. കണ്ണ് തുറക്കാത്ത ദൈവങ്ങളെ…. ഇപ്പൊഴെങ്കിലും മനുഷ്യർ കണ്ണ് തുറന്നിരിക്കുന്നു ആരാധനാലയങ്ങളിലെ പ്രസാദങ്ങളിൽ ചമഞ്ഞിരിക്കാൻ ഇനി അവർ ഇല്ല ആസന്ന മൃതിയിൽ ആത്മശാന്തി പറയുമ്പോഴും നമുക്ക് അവയെ ഒഴിവാക്കാം…. നമ്മുടെ തോട്ടങ്ങൾ നാട്ടുപച്ചയുടെ സുഗന്ധവും നന്മയും വിടർത്തുന്ന ചെടി കൾ കൊണ്ട് നിറയ്ക്കാം… ആയിരം വർണ്ണങ്ങൾ വായ്ക്കുന്ന വേലികൾ തീർക്കാം. അവ ഉയരങ്ങളിലേക്ക് തലയെടുപ്പോടെയും ആഴങ്ങളിലേക്ക് ആരാലും അകറ്റി മാറ്റാനാവാത്ത വിധം കെട്ടിപ്പുണർന്ന് കിടക്കട്ടെ.