Categories
kerala

സ്‌കൂള്‍ കലോല്‍സവ സ്വാഗത സംഗീത ശില്‍പത്തില്‍ മുസ്ലീം വിരുദ്ധത ഉണ്ടെന്ന് സിപിഎം

കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച സ്വാഗതഗാന സംഗീത ശില്‍പത്തില്‍ മുസ്ലീം വിരുദ്ധത ഉണ്ടെന്ന ആരോപണം ശരിവെച്ച് സി.പി.എം. കോഴിക്കോട് ജില്ലാക്കമ്മിറ്റി. ഇസ്ലാം വിരുദ്ധത ദൃശ്യങ്ങളിലുണ്ടായത് ഗൗരവതരമായി കാണുന്നതായി പാര്‍ടി പറയുന്നു.
സ്വാഗതഗാന ദൃശ്യാവിഷ്‌കാരം ഇടതുമുന്നണി സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടിന് വിരുദ്ധമാണെന്നും തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി മാത്രം ബന്ധപ്പെട്ട പ്രശ്‌നമല്ലെന്നും സി.പി.എം. പുറത്തിറക്കിയ സമൂഹമാധ്യമ പ്രസ്താവനയില്‍ പറയുന്നു.

സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ ഇന്ത്യന്‍ സുരക്ഷാസേന ഒരു തീവ്രവാദിയെ പിടികൂടുന്നതായി കാണിക്കുന്നുണ്ട്. ഈ തീവ്രവാദിക്ക് നല്‍കിയത് അറബിയുടെ ശിരോവസ്ത്രം ഉള്‍പ്പെടെയുള്ള വേഷം ആയിരുന്നു. ഇതാണ് വിവാദത്തിലേക്ക് നയിച്ചത്. മുസ്ലീംലീഗ് ഇതിനെതിരെ ആദ്യം തന്നെ രംഗത്തു വന്നിരുന്നു. പിന്നീട് മന്ത്രിയും കലോല്‍സവ സംഘാടകസമിതി ചെയര്‍മാനുമായ പി.എ. മുഹമ്മദ് റിയാസ് ഈ ആരോപണം ഗൗരവമുള്ളതാണെന്നും പരിശോധിക്കുമെന്നും പറഞ്ഞു. ഇപ്പോള്‍ സി.പി.എം. തന്നെ ഔദ്യോഗിക പ്രതികരണവുമായി വന്നിരിക്കയാണ്.

thepoliticaleditor

സി.പി.എം കോഴിക്കോട് ജില്ലാക്കമ്മിറ്റിയുടെ എഫ്.ബി.കുറിപ്പ്:

കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്ക്കാരം ഇതിനിടയിൽ വിമർശനത്തിനിടയാക്കിയത് സിപിഎം ഗൗരവത്തോടെ കാണുന്നു. ദൃശ്യാവിഷ്കാരത്തിൽ ഒരു ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽഡിഎഫ് സർക്കാരും, കേരളീയ സമൂഹവും ഉയർത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്.

തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്ന് സിപിഎം ജില്ലാസെക്രട്ടേറിയറ്റ് അവശ്യപ്പെടുന്നു.

Spread the love
English Summary: FB POST OF CPM KOZHIKKODE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick