കോൺഗ്രസിൻ്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മുസ്ലീം ലീഗിൻ്റെ മുദ്രയെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലീംലീഗിന്റെ മുദ്ര കഴിഞ്ഞാല്‍ പ്രകടനപത്രികയില്‍ ബാക്കി ഇടതുപക്ഷത്തിന്റെതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
“ഇന്നത്തെ ഇന്ത്യയുടെ പ്രതീക്ഷകളിൽ നിന്നും അഭിലാഷങ്ങളിൽ നിന്നും ഇന്നത്തെ കോൺഗ്രസ് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുന്നുവെന്ന് കോൺഗ്രസ് ഇന്നലെ പുറത്തിറക്കിയ പ്രകടന പത്രിക തെളിയിക്കുന്നു. സ്വാതന്ത്ര്യസമര കാലത്ത് മുസ്ലീം ലീഗിൽ ഉണ്ടായിരുന്ന അതേ ചിന്തയാണ് കോൺഗ്രസ് പ്രകടന പത്രികയിലും പ്രതിഫലിക്കുന്നത്,” മോദി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19-ന് നടക്കുന്ന ഉത്തർപ്രദേശിലെ സഹറൻപൂരിൽ നടക്കുന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.
“ബിജെപി സർക്കാർ ഒരു വിവേചനവുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. സർക്കാർ പദ്ധതികൾ എല്ലാ വിഭാഗത്തിലും എല്ലാ ജാതിയിലും എല്ലാവരിലും എത്തണം എന്നതാണ് ഞങ്ങളുടെ ചിന്ത”– പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘യുവ ന്യായ്’, ‘നാരി ന്യായ്’, ‘കിസാൻ ന്യായ്’, ‘ശ്രാമിക് ന്യായ്’, ‘ഹിസ്സാദാരി ന്യായ്’ എന്നിവയുൾപ്പെടെ പാഞ്ച് ന്യായ് അല്ലെങ്കിൽ ‘നീതിയുടെ അഞ്ച് തൂണുകൾ’ എന്നതാണ് കോൺഗ്രസിന്റെ പ്രകടന പത്രികയുടെ കാതൽ.