Categories
kerala

ജയരാജന്‍ സഖാവേ….കലോല്‍സവ കലവറയില്‍ വര്‍ഗീയത കണ്ടെത്തിയത് വര്‍ഗീയവാദികളല്ല….ഇടത്തോട്ട് നോക്കൂ!

കോഴിക്കോട്ടെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ഭക്ഷണമെനുവില്‍ വര്‍ഗീയത കണ്ടെത്തിയവരെ കാട്ടാളന്‍മാരെന്ന് വിശേഷിപ്പിച്ച് സി.പി.എം. സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം.വി.ജയരാജന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്. ഭക്ഷണത്തില്‍ വര്‍ഗീയ വിഷം കലര്‍ത്താന്‍ നോക്കുന്ന കാട്ടാളന്‍മാരേ കേരളം നിങ്ങള്‍ക്ക് മാപ്പു നല്‍കില്ല എന്നാണ് ജയരാജന്‍ മുഖവുരയായി തന്നെ പറയുന്നത്. കുറിപ്പിനൊടുവില്‍ പഴയിടം മോഹനന്‍ നമ്പൂതിരി ഭയന്നോടരുത് എന്നും ഭയന്നാല്‍ ജയിക്കുക വര്‍ഗീയക്കോമരങ്ങളായിരിക്കും എന്നും ജയരാജന്‍ പറയുന്നു. ശ്രീനാരായണ ഗുരു ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഭക്ഷണമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് തന്റെ മുദ്രാവാക്യം അപഡേറ്റ് ചെയ്‌തേനെ എന്നും ജയരാജന്‍ സഖാവ് നിരീക്ഷിക്കുന്നു. എന്തു വന്നാലും കലോല്‍സവ ഭക്ഷണ വിവാദത്തില്‍ ഒരു സി.പി.എം.ഉന്നത നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായ ശക്തവും ശരിയായതുമായ എഴുത്താണ് എം.വി.ജയരാജന്റെത്.

എം.വി.ജയരാജന്‍

എന്നാല്‍ പ്രശ്‌നം ജയരാജന്‍ പറയുന്നതിനപ്പുറമാണ്. കലോല്‍സവ മെനുവില്‍ സവര്‍ണ മുദ്ര വ്യാഖ്യാനിക്കുകയും എന്തോ ബ്രാഹ്‌മണ്യ സ്വഭാവം കലോല്‍സവ ഭക്ഷണത്തില്‍ കൊണ്ടുവരികയും ചെയ്തിരിക്കുന്നു എന്ന കണ്ടുപിടുത്തം നടത്തുകയും ചെയ്തത് കേരളത്തിലെ ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയ വര്‍ഗീയവാദികളല്ല പകരം ഇടതു ബുദ്ധിജീവികളെന്ന് സ്വയം കല്‍പനയോടെ സമൂഹമാധ്യമങ്ങളില്‍ ജീവിക്കുന്ന കുറച്ചാളുകളാണ്. ഇത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തന്നെ പറഞ്ഞു കഴിഞ്ഞതാണ്. ഒരു മുന്‍ മാധ്യമപ്രവര്‍ത്തകനായ കോളേജധ്യാപകന്‍ തല്ലിയതില്‍ തന്നെ തല്ലി സ്വയം ന്യായീകരണം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ഫേസ്ബുക്കിലെ സ്വയം പ്രഖ്യാപിത ഇടതുപക്ഷപ്രതികരണക്കാര്‍ പഴയിടത്തെ പരമാവധി ആക്ഷേപിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്. പഴയിടം എന്തു പിഴച്ചു. കായികമേളയില്‍ ഇതേ പഴയിടം തന്നെയാണ് സസ്യേതര വിഭവങ്ങളെല്ലാം വെച്ചു വിളമ്പുന്നതെന്ന് തലയില്‍ അല്‍പം വെളിവുള്ളവരായവരും ഇടതുപക്ഷക്കാരുമായ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പറഞ്ഞിട്ടും പഴയിടത്തെ വിമര്‍ശിക്കുന്നവര്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറാവാതെ തള്ളല്‍ തുടരുന്നു.

thepoliticaleditor

ചുമ്മാ അങ്ങ് എല്ലാറ്റിലും വര്‍ഗീയതയും സവര്‍ണതയും ജാതീയതയുമൊക്കെ നിര്‍ബന്ധപൂര്‍വ്വം കയറ്റി വെച്ചുകൊടുക്കയാണ്. നല്ല വെജിറ്റേറിയന്‍ ആഹാരം കിട്ടിയാല്‍ ആരാണ് ഇഷ്ടപ്പെടാത്തത്. മലപ്പുറത്ത് താമസിച്ചിട്ടുള്ളവര്‍ക്കറിയാം മുസ്ലീങ്ങള്‍ക്ക് സ്വാദിഷ്ടമായ സസ്യഭക്ഷണം എന്തുമാത്രം ഇഷ്ടമാണെന്ന്. അവരെയാണല്ലോ മാംസഭുക്കുകള്‍ എന്ന് ചില ‘വര്‍ഗീയക്കോമര’ങ്ങള്‍ അധിക്ഷേപിക്കാറുള്ളത്. കോഴിക്കോട്ട് ഇത്തവണയും കഴിഞ്ഞ എത്രയോ കാലമായി സകല കലോല്‍സവങ്ങളിലും ഭക്ഷണം കഴിക്കുകയും കഴിപ്പിക്കുകയും ചെയ്തവര്‍ക്ക് ഒരിക്കലും തോന്നിയിട്ടില്ലാത്ത, ഇതെല്ലാം കണ്ടും കേട്ടും കഴിഞ്ഞ എത്രയോ കാലമായി ജീവിക്കുന്ന അതിഭയങ്കര കണ്ടുപിടുത്തമാണ് ചിലര്‍ നടത്തിയിരിക്കുന്നത്.
ഇടതുപക്ഷം പൊതുവെ ഉപയോഗിക്കാറുള്ള ഒരു പ്രയോഗമുണ്ട്-സമ്മിതികളുടെ നിര്‍മിതി. സമൂഹത്തില്‍ കൃത്രിമമായി ജനസമ്മിതി ഉണ്ടാക്കിയെടുക്കുന്ന വലതുപക്ഷ തന്ത്രങ്ങളെ വിശദീകരിക്കാനാണ് ഈ ടെര്‍മിനോളജി ഉപയോഗിക്കാറ്. സമ്മിതികള്‍ നിര്‍മ്മിച്ചാണ് പലപ്പോഴും പിന്തിരിപ്പന്‍മാര്‍ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുകയും യഥാര്‍ഥ ജനഹിതം അട്ടിമറിക്കുകയും ചെയ്യുന്നതാണ് സമ്മിതികളുടെ നിര്‍മിതി. പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരെയും കലോല്‍സവത്തിലെ മെനുവിനെതിരെയും അഭിനവ ‘കാട്ടാളന്‍മാര്‍’ ഇറക്കിയതും ഇതേ സമ്മിതിയുടെ നിര്‍മിതി തന്നെയാണ്. സ്വന്തം ബുദ്ധിയില്‍ തോന്നുന്ന കാര്യം സമൂഹത്തിന്റെയും ഇടതുപക്ഷത്തിന്റെയും മൊത്തത്തിലുള്ളതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം. ഈ വ്യാജ നിര്‍മിതിയില്‍ വീണുപോയതും ഇടതുപക്ഷക്കാരായ ശുദ്ധമതികള്‍ തന്നെയാണ്. അവരും എല്ലാം ഏറ്റുപാടി. ഇടതുപക്ഷ ചിന്തയെ ഹൈജാക്കു ചെയ്യുകയാണ് ചെയ്തിരിക്കുന്നതെന്ന് ആദ്യം തുറന്നു പറഞ്ഞത് വിദ്യാഭ്യാസമന്ത്രി തന്നെ. ഇപ്പോഴിതാ അത് ശരിവെച്ചു കൊണ്ട് എം.വി.ജയരാജനും. മാംസാഹാരം നല്‍കണമെന്ന് തങ്ങളല്ല പറഞ്ഞതെന്ന് വ്യക്തമാക്കി മുസ്ലീംലീഗ് നേതാക്കള്‍ രംഗത്തു വന്നതാണ് പുതിയ വഴിത്തിരിവായത്. ഇതോടെ ആരാണ് കാട്ടാളന്‍മാര്‍ എന്ന കാര്യത്തില്‍ മുസ്ലീങ്ങളെ ഒഴിവാക്കേണ്ടി വന്നു. സസ്യാഹാരത്തിനെ ഹിന്ദു വര്‍ഗീയക്കാര്‍ തീരെ തളളിപ്പറയില്ലല്ലോ. അതോടെ ആരാണ് യഥാര്‍ഥ ‘കാട്ടാളന്‍മാര്‍’ എന്നത് കോമണ്‍ മലയാളികളുടെ പ്രധാന സന്ദേഹമായി. അതിന്‍മേലാണ് ജയരാജന്‍ സഖാവ് സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാട് എന്ന് വ്യാഖ്യാനിക്കാവുന്ന ശക്തമായ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. സമ്മിതികളുടെ നിര്‍മിതികള്‍ക്ക് ഏറ്റ മികച്ച തിരിച്ചടി തന്നെ ഇത്.

എം.വി.ജയരാജന്റെ കുറിപ്പ് :

കാട്ടാളന്മാരേ അരുത്- പഴയിടം ഭയന്നോടരുത്

സ്‌കൂൾ കലോത്സവ ഭക്ഷണത്തിൽ വർഗീയ വിഷം കലർത്താൻ നോക്കിയ കാട്ടാളന്മാരേ, നിങ്ങൾക്ക് കേരളം മാപ്പുനൽകില്ല. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന വർഗീയഭ്രാന്തന്മാരുണ്ട്. അവർക്ക് ശ്രീനാരായണഗുരു മുതൽ കൃഷ്ണപിള്ളയും എകെജിയും ഇഎംഎസ്സും വരെയുള്ളവർ പാകപ്പെടുത്തിയ മലയാളികളുടെ മണ്ണിൽ ഇതുവരെ സ്ഥാനം ലഭിച്ചിരുന്നില്ല.‌

ഇന്ന് ശ്രീനാരായണഗുരു ജീവിച്ചിരുന്നെങ്കിൽ ‘ഭക്ഷണമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന ചുട്ട മറുപടി വർഗീയവൈതാളികൾക്ക് നൽകിയേനെ. ഭാവിപൗരന്മാരായ കുട്ടികളുടെ മനസ്സിൽ വർഗീയവിഷം കുത്തിവയ്ക്കുന്നവർ കാവിവൽക്കരണ അജൻഡയുമായി ഭരണകൂടത്തിന്റെ സ്‌പോൺസർഷിപ്പോടെ പാഠ്യപദ്ധതിയെപ്പോലും മാറ്റിമറിക്കുമ്പോൾ, കേരളം ഭരണഘടനയുടെ അടിസ്ഥാന തൂണായ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നു.

നാളിതുവരെ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും രുചികരമായ ഭക്ഷണം നൽകിവന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. ഒരാക്ഷേപവും ഇതുവരെ അദ്ദേഹം ഉണ്ടാക്കിയില്ല. അദ്ദേഹം തയാറാക്കുന്ന ഭക്ഷണത്തിന്റെ രുചിയെയും മേന്മയെയും നന്മുടെ നാട്ടിലെ ജനങ്ങളും മാധ്യമകളും നിരന്തരം പുകഴ്ത്തിക്കൊണ്ടിരുന്നു. സേവനതൽപരനായി കഠിനാധ്വാനത്തിലൂടെ കലോത്സവങ്ങളുടെ ഊട്ടുപുര ഒരുക്കിയിരുന്ന മോഹനൻ നമ്പൂതിരിയെ ഇപ്പോൾ ആക്ഷേപിക്കുന്നവരിൽ വർഗീയവാദികൾ മാത്രമല്ല, കപട പുരോഗമനവാദികളും വിപ്ലവവായാടികളുമുണ്ട്.

ഇത്തരത്തിൽ ചില പ്രതികരണം വരുമ്പോൾ ഭയന്നോടുകയെന്നത് ഒരു പ്രതിഭാശാലിയിൽനിന്നു നാട് പ്രതീക്ഷിക്കുന്നതല്ല. അങ്ങനെവന്നാൽ സന്തോഷിക്കുക വർഗീയക്കോമരങ്ങൾ മാത്രമാണ്. നമ്മെ ഭരിക്കുന്നത് ഭയമല്ല, ധീരതയാണ്. ഭയന്നോടിയവരോ മാപ്പെഴുതിക്കൊടുത്തവരോ അല്ല, ചരിത്രം രചിച്ചത്. ആ പാരമ്പര്യം പഴയിടം കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കട്ടെ!

Spread the love
English Summary: response for mv jayarajans social media writeup

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick