പത്തനംതിട്ടയില്‍ മല്‍സരിക്കുന്ന മകന്‍ അനില്‍ ആന്റണി തോല്‍ക്കണമെന്നും മക്കളെപ്പറ്റി കൂടുതല്‍ തന്നെക്കൊണ്ട് പറയിപ്പിക്കേണ്ടതില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. “ആ ഭാഷ ഞാൻ ശീലിച്ചിട്ടില്ല. അത് എന്റെ സംസ്കാരത്തിന്റെ ഭാഗമല്ല.” തന്റെ മതം കോണ്‍ഗ്രസ്സാണ്. പത്തനംതിട്ടയില്‍ താന്‍ പോകേണ്ടതില്ല. അവിടെ കോണ്‍ഗ്രസ് തന്നെ ജയിക്കും.- തിരുവനന്തപുരത്ത് ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ തുറന്നു പറഞ്ഞു. ഏത് സാഹചര്യത്തിലായാലും മകന്‍ മോദിക്കൊപ്പം പോകാന്‍ പാടില്ലായിരുന്നു എന്നും ആന്റണി വ്യക്തമായി പറഞ്ഞു.
അനില്‍ ആന്റണി ബിജെപിയില്‍ പോയ സന്ദര്‍ഭത്തില്‍ പോലും വളരെ മിതമായ ഭാഷയില്‍ സംസാരിച്ചിരുന്ന ആന്റണി ഇന്ന് മകനെതിരെ ആഞ്ഞടിക്കുകയായിരുന്നു. ഇനി ഇക്കാര്യത്തില്‍ താന്‍ പ്രതികരിക്കില്ലെന്നാണ് അന്ന് ആന്റണി കെ.പി.സി.സി. ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നത്. അതില്‍ നിന്നും വ്യത്യസ്തമായി അനിലിനെതിരെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനെതിരെയും ആഞ്ഞടിച്ച ആന്റണി തന്റെ ആദര്‍ശധീരന്‍ എന്ന പ്രതിച്ഛായ വീണ്ടെടുത്ത അവസരമായി ഇന്നത്തെ വാര്‍ത്താ സമ്മേളന വേദി. നിര്‍ണായക ഘട്ടത്തില്‍ കോണ്‍ഗ്രസ് എത്തിനില്‍ക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മുന്നില്‍ മകനെതിരെ തുറന്നു പ്രതികരിക്കാന്‍ ആന്റണി നിര്‍ബന്ധിതനായി എന്നതാണ് വസ്തുത.

ഒരു മണിക്കൂര്‍ നീണ്ടു നിന്ന വാര്‍ത്താ സമ്മേളനത്തില്‍ തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിക്കാതെ കര്‍ക്കശവും ദൃഢവും വ്യക്തവുമായ നിലപാടുകളാണ് ആന്റണി ഇന്ന് കൈക്കൊണ്ടത്. ഇത് സംസ്ഥാനത്തെ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തകര്‍ക്കും മൊത്തത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ ഊര്‍ജ്ജം നല്‍കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മകളെ സംരക്ഷിക്കുന്ന രീതിയില്‍ സംസാരിക്കുമ്പോള്‍ ആന്റണി മകനെ തള്ളിപ്പറയുന്ന “ബൈനറി” സൃഷ്ടിച്ചത് ബോധപൂര്‍വ്വമാണെന്നുള്ള ചര്‍ച്ചയും ഉയര്‍ന്നുകഴിഞ്ഞു.