കെ.കരുണാകരന്റെ മകള്‍ എന്ന നിലയില്‍ ചാലക്കുടിയില്‍ ഉള്‍പ്പടെ മല്‍സരിക്കാന്‍ ഇടം ലഭിച്ച പത്മജന വേണുഗോപാല്‍ കോണ്‍ഗ്രസിനെ വിട്ട് ഇന്ന് ബിജെപിയിലേക്ക് ചേരുമെന്ന് ഊഹം പരന്നിരിക്കുന്നു. പത്മജ കോണ്‍ഗ്രസിന് എന്താണ് നല്‍കിയിട്ടുള്ളതെന്നും കോണ്‍ഗ്രസില്‍ അവര്‍ ആരെങ്കിലും ആയിരുന്നോ എന്നും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഇന്നലെ രാത്രി വാര്‍ത്തയോട് പ്രതികരിച്ചു. സഹോദരന്‍ മുരളീധരനാവട്ടെ പത്മജ പോയാലും ആരും കൂടെപ്പോവില്ലെന്ന് പ്രതികരിച്ചു. താന്‍ വിളിച്ചപ്പോള്‍ തന്റെ മൊബൈല്‍ നമ്പര്‍ പത്മജ ബ്ലോക്ക് ചെയ്തതായും മുരളീധരന്‍ പറഞ്ഞു.
തുടര്‍ച്ചയായ അവഗണനയാണേ്രത പത്മജയ്ക്ക് ബിജെപിയിലേക്കുളള വഴി തുറന്നത്. ബി.ജെ.പി.യില്‍ കേരളത്തില്‍ ആളുകളെ എത്രയായാലും വേണ്ടതിനാല്‍ അവിടെ അവഗണന ഉണ്ടാവില്ലെന്നും തനിക്ക് കോണ്‍ഗ്രസ് തരാതിരുന്ന ചാലക്കുടി ലോക്‌സഭാ സീറ്റ് ബിജെപി തരുമെന്നും അവര്‍ വിശ്വസിക്കുന്നതായി പത്മജയോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു.
ഡെല്‍ഹിയിലായിരിക്കും പത്മജയുടെ ബിജെപി പ്രവേശനച്ചടങ്ങ്. തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതാണ് താന്‍ കടുത്ത തീരുമാനം എടുത്തതിന് കാരണമെന്ന് പത്മജ പറഞ്ഞതായി പറയുന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു പത്മജ. എന്നാല്‍ നേതൃത്വം പരിഗണിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി വന്നപ്പോള്‍ അവരുടെ വാഹനത്തില്‍ കയറാന്‍ നോക്കിയെങ്കിലും അതിനു പോലും നേതാക്കള്‍ സമ്മതിച്ചില്ലെന്ന് പത്മജ വിമര്‍ശിച്ചതായും പറയുന്നു. ഈ രീതിയല്‍ മൂന്നു വര്‍ഷമായി തീര്‍ത്തും അവഗണന നേരിടുന്നു.
ഏറെ നാളായി പാര്‍ടിയുടെ ഒരു വേദിയിലും സജീവമല്ലാത്ത പത്മജ ഇപ്പോള്‍ രാജ്യത്ത് കോണ്‍ഗ്രസിലെ പുതിയ ട്രെന്‍ഡ് ബിജെപിയിലേക്കുള്ള ചേക്കേറലായതിനാല്‍ ആ മാര്‍ഗം തിരഞ്ഞെടുക്കുകയാണെന്നു വിലയിരുത്തപ്പെടുന്നു. പത്മജയ്ക്ക് അതിനപ്പുറം ഒരു സ്വാധീനവും കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ല.
ബിജെപി മല്‍സരിക്കാന്‍ ടിക്കറ്റും തോറ്റാല്‍ പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായി വനിതകള്‍ക്ക് ലഭ്യമാകുന്ന ഏതെങ്കിലും പദവി നല്‍കുമെന്ന് ഉറപ്പാക്കാനാണേ്രത ഇപ്പോള്‍ പത്മജ ശ്രമിക്കുന്നത്. ഇന്ന് പാര്‍ടി ആസ്ഥാനത്ത് പത്മജ പാര്‍ടി അംഗത്വം സ്വീകരിക്കുമെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്.