കോൺഗ്രസിൽ പ്രിയങ്ക ഗാന്ധിയെ റായ്ബറേലിയിൽ നിന്നും രാഹുൽ ഗാന്ധിയെ അമേഠിയിൽ നിന്നും മത്സരിപ്പിക്കുന്നതിനുള്ള മുറവിളി ഉയരുന്നു. പ്രിയങ്ക ഗാന്ധി റായ്ബറേലി മണ്ഡലത്തിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് റായ്ബറേലി കോൺഗ്രസ് പ്രതിനിധി സംഘം ബുധനാഴ്ച ഡൽഹിയിൽ കോൺഗ്രസ് നേതാക്കളെ കണ്ടു. പാർട്ടിയുടെ മുതിർന്ന നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ അമേഠി കോൺഗ്രസ് നേതാക്കൾ ഇതിനകം തന്നെ ഉറച്ചുനിൽക്കുകയാണ്. റായ്ബറേലി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രിയങ്ക ഗാന്ധിയോ ഗാന്ധി കുടുംബാംഗമോ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.
രാഹുൽ ഗാന്ധിയെ അമേഠിയിൽ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേത്തിയിൽ നിന്നുള്ള പ്രതിനിധി സംഘം ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാക്കളെ കണ്ടതായി റായ്ബറേലിയിലും അമേത്തിയിലും സോണിയാ ഗാന്ധിയുടെ പ്രതിനിധിയായി പ്രവർത്തിച്ചിട്ടുള്ള മുതിർന്ന കോൺഗ്രസ് നേതാവ് കെഎൽ ശർമ്മ സ്ഥിരീകരിച്ചു . രണ്ട് സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ നിർത്തുന്ന കാര്യത്തിൽ ഗാന്ധി കുടുംബം മാത്രമായിരിക്കും തീരുമാനമെടുക്കുക എന്നും ശർമ്മ പ്രതികരിച്ചു.
കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിൽ സീറ്റ് പങ്കിടൽ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് റായ്ബറേലിയും അമേഠിയും ഉൾപ്പെടെ 17 സീറ്റുകൾ കോൺഗ്രസിനാണ് കിട്ടിയിരിക്കുന്നത്.