കേന്ദ്ര-സംസ്ഥാന ബന്ധം ഫെഡറല്‍ സംവിധാനത്തില്‍ എന്തായിരിക്കണമെന്ന കാര്യത്തില്‍ കേരളത്തിലെ ഏറ്റവും വലിയ വര്‍ത്തമാനപ്പത്രമായ മലയാള മനോരമയ്ക്ക് അജ്ഞത ഒന്നും ഉണ്ടാവില്ല. എന്നാല്‍ ഇന്നലെ സുപ്രീംകോടതി കേരളത്തിന്റെ ഭാഗം അംഗീകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത് മനോരമയ്ക്ക് ചില്ലറ നേട്ടം മാത്രമായേ തോന്നുന്നുള്ളൂ.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ഏറ്റവും പ്രധാനമായ കാരണം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായ ലാക്ക് വെച്ച്, അതായത് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കനുകൂലമായും ഇടതുപക്ഷത്തിനെതിരായും വോട്ടുകള്‍ ലഭിക്കണമെന്ന രാഷ്ട്രീയലാക്ക് മാത്രം വെച്ചു തന്നെ കടമെടുപ്പു പരിധി പോലും വെട്ടിക്കുറച്ച് നീങ്ങിയതിനെതിരെ സുപ്രീംകോടതി പരോക്ഷ വിമര്‍ശനം നടത്തിയത് മനോരമയ്ക്ക് അത്ര രസിച്ചിട്ടില്ല.
കേരളം നീതി തേടി സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ കേസ് പിന്‍വലിച്ചാല്‍ കടം തരാമെന്ന സമ്മര്‍ദ്ദം ചെലുത്തുകയാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ചെയ്തത്. ഇതിന് കേന്ദ്രസര്‍ക്കാരിന് ഒരു തരത്തിലുള്ള അവകാശവു ഇല്ലെന്ന് അതിരൂക്ഷമായി സുപ്രീംകോടതി വിമര്‍ശിച്ചത് മനോരമയ്ക്ക് ഹൈലൈറ്റ് അല്ല. പകരം കേസ് നല്‍കിയില്ലായിരുന്നെങ്കില്‍ ഒരു മാസം മുമ്പേ കിട്ടുമായിരുന്ന വായ്പ ആണിത് എന്നാണ് പത്രത്തിന്റെ പ്രത്യേക റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. അതായത് കേസ് കൊടുക്കാതെ കുമ്പിട്ട് കാലുകഴുകി കേഴണമായിരുന്നു എന്നാണ് ജനാധിപത്യാവകാശ സംരക്ഷകരായി കേരളത്തിന്റെ മുന്നിലുള്ള പത്രം പറയാതെ പറയുന്നത്.
13,608 കോടി നല്‍കാന്‍ പ്രേരിപ്പിക്കുക മാത്രമല്ല, കേരളത്തിനായി കൂടുതല്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ ഉടനെ ഈഗോ എല്ലാം മാറ്റിവെച്ച് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുക കൂടി ചെയ്തു സുപ്രീംകോടതി. 13,608 കോടി കൊണ്ട് കേരളത്തിലെ പ്രതിസന്ധി തീരില്ലെന്നും ആവശ്യപ്പെട്ട 26,000 കോടി ലഭിക്കണമെന്ന ആവശ്യം കേരളത്തിന്റെ അഭിഭാഷകന്‍ ഉന്നയിച്ചപ്പോഴായിരുന്നു കോടതി ഇങ്ങനെ അനുകൂലമായി നിര്‍ദ്ദേശം നല്‍കിയത്. ഇതും മനോരമയ്ക്ക് അത്ര വലിയ ഹൈലൈറ്റ് പോയിന്റ് അല്ല. മാത്രമല്ല, ചര്‍ച്ച നടത്തിയാലും പരിഹാരം ഉണ്ടാകാന്‍ സാധ്യത കുറവാണെന്ന് ഡെല്‍ഹി ലേഖകന്‍ ‘മുന്‍കൂറായി’ ‘വിലയിരുത്തി’യിട്ടുമുണ്ട്.!
ചര്‍ച്ച നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചത് നാളെ വെള്ളിയാഴ്ചയാണ്. അതിലെ തീരുമാനം കോടതിയെ തിങ്കളാഴ്ച അറിയിക്കുകയും വേണം. അതായത് കോടതി ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്താന്‍ ഇനിയും സമയം ബാക്കിയിരിക്കെയാണ് സൂപ്പര്‍ കോടതിയായി മനോരമയുടെ വിലയിരുത്തല്‍ എന്നും ഓര്‍ക്കണം.
ഒറ്റക്കാര്യം മാത്രം മനോരമയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു- ഇടതുപക്ഷം മാറി കോണ്‍ഗ്രസ് ആണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നിരിക്കട്ടെ, അപ്പോഴും കേന്ദ്രത്തിന്റെ ഈ പിടിച്ചുഞെരിക്കലില്‍ വല്ല മാറ്റവും ഉണ്ടാകുമായിരുന്നുവോ.
തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് ജയിക്കാനും തിരവനന്തപുരത്തും ആറ്റിങ്ങലും രണ്ട് കേന്ദ്രമന്ത്രിമാര്‍ക്ക് പിടിച്ചു നില്‍ക്കാനും പറ്റിയ വോട്ടുകള്‍ സമാഹരിക്കാനായി നടത്തുന്ന കൃത്യമായ രാഷ്ട്രീയ നാടകമല്ലാതെ നിര്‍മല സീതാരാമന്റെ കളിയില്‍ വേറെ എന്തെങ്കിലും ഉണ്ടോ. കേസ് പിന്‍വലിച്ചാല്‍ പണം തരാം എന്ന പറയുന്നതില്‍ പിന്നെ എല്ലാം രാഷ്ട്രീയം ആണെന്ന സത്യം ധ്വനിച്ചു നില്‍ക്കുന്നില്ലേ, നിങ്ങള്‍ അത് പറയാത്തത് നിങ്ങളുടെ ‘ഗോദി മീഡിയാ’ സ്വഭാവം കൊണ്ടല്ലെന്ന് തെളിയിക്കാമോ.