പാകിസ്ഥാനിൽ വോട്ടെണ്ണൽ മന്ദഗതിയിൽ. പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ), പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) , പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നീ മൂന്ന് പ്രധാന പാർട്ടികളാണ് പ്രധാനമായും മത്സരിച്ചത്. ആദ്യ ഫലസൂചനകൾ ജയിലിലായ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് പാർട്ടിയ്ക്ക് (പിടിഐ) അനുകൂലമാണ്. രാജ്യത്തെ ഇന്റർനെറ്റ് നിരോധനം വോട്ടെണ്ണലിനെ ബാധിച്ചു. ഔദ്യോഗിക ഫലം വൈകിയേക്കും.
തുടക്കത്തിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, അദ്ദേഹത്തിൻ്റെ സഹോദരൻ നവാസ് ഷെരീഫ് നയിക്കുന്ന പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് പാർട്ടിയെ പ്രതിനിധീകരിച്ച് ലാഹോറിൽ നിന്ന് വിജയം ഉറപ്പാക്കി. രാവിലെ 9 മണി വരെ പാർട്ടിയുടെ ആകെ നാല് സീറ്റുകൾ പാർട്ടി നേടിയിട്ടുണ്ട്.
എന്നാൽ ജയിലിലായ ഇമ്രാൻ ഖാൻ്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥികൾ അഞ്ച് പാർലമെൻ്റ് സീറ്റുകളിൽ വിജയിച്ചു കൊണ്ട് പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് -ന്റെ വിജയത്തെ മറികടന്നു.
ബിലാവൽ ഭൂട്ടോ-സർദാരിയുടെ നേതൃത്വത്തിലുള്ള പിപിപിക്ക് രാവിലെ 9 മണി വരെ മൂന്ന് സീറ്റുകൾ മാത്രമാണ് നേടാനായത്. അതായത്, പിഎംഎൽ-എന്നിനും പിടിഐക്കും പിന്നിൽ നിൽക്കുകയാണ്.
ആക്രമണ സാദ്ധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണ് നവാസ് ഷെരീഫ്. നാലാം തവണയും ഷെരീഫ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായേക്കുമെന്നാണ് സർവേ ഫലം. സൈന്യത്തിന്റെ പിന്തുണയും ഷെരീഫിനാണ്. സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും തകർന്ന പാകിസ്ഥാനെ അധികാരത്തിലെത്തിയാൽ വീണ്ടെടുക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അഴിമതി കേസിൽ 2018ൽ ഷെരീഫിന് 10 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെ 2019ൽ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകാൻ കോടതി ഷെരീഫിന് അനുവാദം നൽകി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബറിലാണ് എഴുപത്തിമൂന്നുകാരനായ ഷെരീഫ് പാകിസ്ഥാനിൽ മടങ്ങിയെത്തിയത്. തടവു ശിക്ഷ ലഭിച്ചത് അടക്കം രണ്ട് അഴിമതിക്കേസുകളിൽ നിന്ന് ഷെരീഫിനെ കുറ്റവിമുക്തനാക്കിയിരുന്നു.